കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതി ; ധനമന്ത്രിയോട് വിശദീകരണം തേടി സ്പീക്കര്‍

കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതി ; ധനമന്ത്രിയോട് വിശദീകരണം തേടി സ്പീക്കര്‍

കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി ഡോ. തോമസ് ഐസകില്‍ നിന്ന് വിശദീകരണം തേടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. എത്രയും വേഗം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. സഭയുടെ മേശപ്പുറത്ത് വെയ്ക്കും മുന്‍പേ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത് അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

ഗവര്‍ണര്‍ക്ക് അയക്കേണ്ട സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നും മാധ്യമങ്ങളോട് ഉള്ളടക്കം പങ്കുവെച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സഭയുടെ പ്രത്യേക അവകാശങ്ങള്‍ ഹനിച്ച് ഗുരുതരമായ ചട്ടലംഘനം നടത്തിയ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് വി.ഡി സതീശന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. അവകാശലംഘന പരാതികളില്‍ സ്വീകരിക്കേണ്ട സ്വാഭാവിക നടപടി ക്രമമാണ് സ്പീക്കറില്‍ നിന്നുണ്ടായിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ധനമന്ത്രിയുടെ വിശദീകരണം പരിശോധിച്ച് തൃപ്തികരമാണെങ്കില്‍ വിവേചനാധികാരം വിനിയോഗിച്ച് സ്പീക്കര്‍ക്ക് മന്ത്രിക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാം. അല്ലെങ്കില്‍ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടാം. പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മന്ത്രിയുടെയും മറുഭാഗത്തിന്റെയും വിശദീകരണം തേടി സ്പീക്കര്‍ക്ക് കൈമാറാം.

Related Stories

The Cue
www.thecue.in