സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതില്‍ പരിശോധനയാരംഭിച്ച് ഇ.ഡി ; അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമെന്ന് വാദം

സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതില്‍ പരിശോധനയാരംഭിച്ച് ഇ.ഡി ; അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമെന്ന് വാദം

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി തന്നെ ഇതില്‍ പ്രാഥമിക പരിശോധനകള്‍ തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്ക് അന്വേഷണം നീങ്ങുമ്പോള്‍ അത് വഴിതെറ്റിക്കാന്‍ ബോധപൂര്‍വം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നത്.മൊഴിയെടുത്തെന്ന് സന്ദേശത്തില്‍ പറയുന്ന തിയ്യതികളില്‍ വ്യത്യാസമുണ്ടെന്നും ഇ.ഡി പറയുന്നു.

ആറ് മുതല്‍ മൊഴിയെടുത്തെന്നാണ് സ്വപ്‌ന പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പങ്കിനെക്കുറിച്ച് സ്വപ്‌ന വെളിപ്പെടുത്തിയത് പത്താം തിയ്യതിയാണെന്നാണ് ഇ.ഡി വാദം. സ്വര്‍ണക്കടത്തുമായുള്ള ശിവശങ്കറുമായുള്ള ബന്ധത്തെക്കുറിച്ചും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പങ്കിനെക്കുറിച്ചും അന്നാണ് സ്വപ് ന പറയുന്നതെന്നുമാണ് ഇഡി വാദം. പുറത്തുവന്ന ശബ്ദസന്ദേശം സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റേത് തന്നെയെന്ന് ദക്ഷിണമേഖലാ ജയില്‍ ഡിഐജി അജയകുമാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ജയിലില്‍ നിന്നല്ല ശബ്ദരേഖ പുറത്തുവന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുറത്ത് തെളിവെടുപ്പിനോ മറ്റോ പോയപ്പോഴാകാമെന്നുമാണ് മറുപടി. ശബ്ദം തന്റേത് തന്നെയാണെന്ന് സ്വപ്‌ന സ്ഥിരീകരിച്ചതോടെയാണ് ഡിഐജിയുടെ പ്രതികരണം. അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി ഡിഐജി അജയകുമാര്‍ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദ ക്യു ആണ് കഴിഞ്ഞദിവസം സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ് ഇതിലുള്ളത്. തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്‌ന ആരോപിക്കുന്നുണ്ട്. ശിവശങ്കറിനൊപ്പം യുഎഇയില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അങ്ങനെ ചെയ്താല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നുമാണ് ഇ.ഡി സംഘം പറയുന്നതെന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്.

Enforcement Directorate Started probe over Swapna Suresh'S Leaked Voice Message

Related Stories

No stories found.
logo
The Cue
www.thecue.in