ബിനീഷിന്റെ ഡ്രൈവറെയും സുഹൃത്തിനെയും ചോദ്യം ചെയ്‌തേക്കും; സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയെന്ന് ഇ.ഡി

ബിനീഷിന്റെ ഡ്രൈവറെയും സുഹൃത്തിനെയും ചോദ്യം ചെയ്‌തേക്കും; സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയെന്ന് ഇ.ഡി

ലഹരി മരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലാ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ഡ്രൈവറായ അനി കുട്ടനെയും, സുഹൃത്തിനെയും ഇ.ഡി ചോദ്യം ചെയ്‌തേക്കും. ഇവര്‍ രണ്ട് പേരും ബിനീഷിന്റെ അക്കൗണ്ടില്‍ ഭീമമായ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റെയ്ഡില്‍ കണ്ടെടുത്ത മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട അക്കൗണ്ടില്‍വന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ഇ.ഡി. ബെംഗളൂരു പ്രത്യേക കോടതിയെ അറിയിച്ചു. ഡെബിറ്റ് കാര്‍ഡ് നല്‍കിയ ഇന്‍ഡസിന്‍ഡ് ബാങ്കില്‍നിന്നു ലഭിച്ച വിവരപ്രകാരം അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് ബിനീഷ് കോടിയേരിയുടെ ഡ്രൈവര്‍ അനിക്കുട്ടനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴുലക്ഷം രൂപ ബിനീഷ് നല്‍കിയതാണെന്നും മൊഴിയുണ്ട്. എന്നാല്‍, അക്കൗണ്ടിലേക്കുവന്ന മറ്റുനിക്ഷേപങ്ങളുടെ ഉറവിടത്തെക്കുറിച്ച് ബിനീഷ് വെളിപ്പെടുത്തിയിട്ടില്ല. സുഹൃത്ത് അരുണും അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ ഉറവിടം അറിയാന്‍ രണ്ടു പേരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷിനെ പുറത്തുവിട്ടാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരെ സ്വാധീനിക്കാനും രാജ്യംവിടാനും സാധ്യതയുണ്ടെന്നും, അന്വേഷണത്തോട് ബിനീഷ് സഹകരിക്കുന്നില്ല, ആരോഗ്യകാരണങ്ങള്‍പറഞ്ഞ് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ രേഖാമൂലം അറിയിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ബിനീഷിനെ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി റിമാന്‍ഡു ചെയ്തത്. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ 18ന് കോടതി പരിഗണിയ്ക്കും.

ED To Question Bineesh Kodiyeri's Driver

Related Stories

No stories found.
The Cue
www.thecue.in