ലഹരി കേസില്‍ ബിനീഷിനെ ചോദ്യം ചെയ്യാന്‍ എന്‍.സി.ബി.; കസ്റ്റഡിക്കായി കോടതിയെ സമീപിച്ചേക്കും

ലഹരി കേസില്‍ ബിനീഷിനെ ചോദ്യം ചെയ്യാന്‍ എന്‍.സി.ബി.;  കസ്റ്റഡിക്കായി കോടതിയെ സമീപിച്ചേക്കും

ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ബിനീഷുള്ളത്. കസ്റ്റഡി കാലാവധി കഴിയുന്നതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഈ സാഹചര്യത്തില്‍ എന്‍.സി.ബി ബിനീഷിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയ സമീപിച്ചേക്കുമെന്നാണ് സൂചന.

ലഹരി ഇടപാടിന് അനൂപ് മുഹമ്മദ് ഉപയോഗിച്ച പണം ബിനീഷിന്റേതാണോ എന്ന് കണ്ടെത്താനാകും ചോദ്യം ചെയ്യല്‍. എന്‍.സി.ബി കസ്റ്റഡി ആവശ്യപ്പെട്ടില്ലെങ്കില്‍ ബിനീഷിനെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തേക്കും. ഉച്ചയോടെയാകും ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കുക.

ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും. കഴിഞ്ഞ 6ന് ജാമ്യാപേക്ഷ സര്‍പ്പിച്ചിരുന്നുവെങ്കിലും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്നായിരുന്നു വ്യക്തമാക്കിയത്. മൂന്നു തവണയായി 14 ദിവസമാണ് ബിനീഷിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫ് ഇതുവരെ ചോദ്യം ചെയ്യലിനായി ഹാജരായിട്ടില്ല. ലത്തീഫ് ഒളിവിലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ബിനീഷിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനായിരുന്നു ഇ.ഡി തീരുമാനിച്ചിരുന്നു. നവംബര്‍ രണ്ടിന് ശേഷം ഹാജരാകാം എന്നേറ്റ ലത്തീഫ് ഇതു വരെ ബംഗളൂരുവില്‍ എത്തിയിട്ടില്ല. ക്വാറന്റീനിലാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലത്തീഫ് ഹാജരാകാന്‍ സമയം നീട്ടി ചോദിച്ചത്. തിരുവനന്തപുരത്തെ ബിനീഷിന്റെ ബിനാമിയാണ് അബ്ദുല്‍ ലത്തീഫ് എന്നും ലഹരി ഇടപാടിലൂടെ ലഭിച്ച പണം ലത്തീഫ് ആയിരുന്നു കൈകാര്യം ചെയ്തിരുന്നതെന്നും ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Related Stories

No stories found.
The Cue
www.thecue.in