'ഖജനാവ് സൂക്ഷിക്കാന്‍ ജനങ്ങള്‍ അങ്ങയെ അല്ലെ ഏല്‍പ്പിച്ചിരിക്കുന്നത്'; മന്ത്രി തോമസ് ഐസകിനോട് വി.ഡി.സതീശന്‍

'ഖജനാവ് സൂക്ഷിക്കാന്‍ ജനങ്ങള്‍ അങ്ങയെ അല്ലെ ഏല്‍പ്പിച്ചിരിക്കുന്നത്'; മന്ത്രി തോമസ് ഐസകിനോട് വി.ഡി.സതീശന്‍

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസകിനെ വിമര്‍ശിച്ച് വി.ഡി.സതീശന്‍ എം.എല്‍.എ. സംസ്ഥാനത്തിന്റെ ധനമന്ത്രിയായ തോമസ് ഐസക് നികുതി ചോര്‍ച്ചയുണ്ടാകുന്ന നടപടികള്‍ക്ക് കൂട്ടുനില്‍ക്കരുതെന്ന് വി.ഡി.സതീശന്‍ പറയുന്നു. സര്‍ക്കാരിനുണ്ടായ നഷ്ടത്തിന് താനാണോ അപ്പീല്‍ പോകേണ്ടതെന്നും, ധനമന്ത്രിയെയല്ലെ ജനങ്ങള്‍ ഖജനാവ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചോദിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൊമ്പുണ്ടോ'? എന്ന ഇന്നലെ ഞാനിട്ട fb പോസ്റ്റിന് മറുപടിയുമായി ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് എത്തിയിട്ടുണ്ട്. ആദ്യം മറുപടി ഇട്ടത് അദ്ദേഹത്തിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി ഗോപകുമാറാണ്. അത് മതിയാകില്ല എന്ന് തോന്നിയപ്പോഴാണ് സാക്ഷാല്‍ മന്ത്രി തന്നെ രംഗപ്രവേശം ചെയ്തിരിക്കുന്നത്.

( കൃത്യം 10 വര്‍ഷം മുന്‍പ് 2010 സെപ്റ്റംബറില്‍ ലോട്ടറി വിവാദത്തിനായി അദ്ദഹം യുഡിഎഫി നെ വെല്ലുവിളിച്ചു. അദ്ദേഹവുമായി സംവാദത്തിന് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി എന്നെ ചുമതലപ്പെടുത്തി. അന്ന് ഐസക്ക് പറഞ്ഞത് ഞാനുമായി സംവാദത്തിന് എന്റെ അഡീ.പി.എസ് ഗോപകുമാറിനെ അയയ്ക്കുമെന്നാണ്. അങ്ങ് പ്യൂണിനെ അയച്ചാലും ഞാന്‍ റെഡി എന്ന് പറഞ്ഞപ്പോഴാണ് സാക്ഷാല്‍ മന്ത്രി തന്നെ അന്ന് ഹാജരായത്.)

കഴിഞ്ഞ ഒരു fb പോസ്റ്റിന് മറുപടി ഇട്ടപ്പോള്‍ ഞാന്‍ പറഞ്ഞത് ആ പോസ്റ്റ് ഐസക്കിട്ടതല്ല എന്നാണ്. എന്നാല്‍ ഈ മറുപടി അദ്ദേഹം തന്നെയാണ് എഴുതിയത് എന്നതില്‍ എനിക്ക് സംശയമില്ല.

അദ്ദേഹം ഇട്ട പോസ്റ്റിലെ പ്രധാന വാദങ്ങള്‍ എന്തൊക്കെയാണ്?

1. ഊരാളുങ്കലിന് നികുതി ഒഴിവാക്കി കൊടുത്ത ഉത്തരവ് ഇട്ടത് സര്‍ക്കാരല്ല. അഡ്വാന്‍സിംഗ് റൂള്‍ അതോറിറ്റിയാണ്. വേണമെങ്കില്‍ ജി എസ് ടി കൗണ്‍സിലിന് പരാതി കൊടുക്കാം.

2. സംസ്‌ക്കാരിക പ്രവര്‍ത്തനം നടത്തിയതിനാണ് നികുതി ഒഴിവാക്കിയത്. ഈ നികുതി ബാധകമല്ല. വേണമെങ്കില്‍ അവരുണ്ടാക്കിയ ക്രാഫ്റ്റ് വില്ലേജ് പോയി നോക്കൂ.

3. അവര്‍ നടത്തുന്ന പ്രവര്‍ത്തനം pure service ആണ്. ഊരാളുങ്കല്‍ ഭയങ്കര സംഭവമാണ്. യു ഡി എഫ് കാലത്തും അവര്‍ക്ക് അനുകൂലമായ ഉത്തരവുകള്‍ കൊടുത്തിട്ടുണ്ട്.

4. ഈ നികുതി കിട്ടിയാലും പകുതി കേന്ദ്രത്തിന് കൊടുക്കണം.

മറുപടി അങ്ങ് ശ്രദ്ധിച്ചു വായിക്കണം.

1. അഡ്വാന്‍സിംഗ് റൂള്‍ അതോറിറ്റി ഊരാളുങ്കലിന് നികുതി ഇല്ലാതാക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ എടുത്ത നിലപാടെന്താണ്? അതോറിറ്റിയിലെ രണ്ടംഗങ്ങളില്‍ ഒരാള്‍ സംസ്ഥാന ജി എസ് ടി യുടെ ജോയിന്റ് കമീഷണറല്ലേ? എന്നോട് അപ്പീല്‍ പോകാനാണ് മന്ത്രി ഉപദേശിക്കുന്നത്. സര്‍ക്കാരിനുണ്ടായ ധനനഷ്ടത്തിന് ഞാനാണോ അപ്പീല്‍ പോകേണ്ടത്? ഖജനാവ് സൂക്ഷിക്കാന്‍ ജനങ്ങള്‍ അങ്ങയെ അല്ലെ ഏല്‍പ്പിച്ചിരിക്കുന്നത്?

2. അവര്‍ എന്ത് സംസ്‌ക്കാരിക പ്രവര്‍ത്തനമാണ് പ്രതിഫലമില്ലാതെ നടത്തിയത്. സര്‍ക്കാര്‍ കൊടുത്ത പണമുപയോഗിച്ചല്ലേ അവര്‍ ആ ജോലി ചെയ്തത്? ക്രാഫ്റ്റ് വില്ലേജ് ഉണ്ടാക്കാന്‍ 16 കോടി സര്‍ക്കാര്‍ കൊടുത്തില്ലേ? ഇതെന്ത് pure service ആണ്. ?

ഇതില്‍ തന്നെ 18 ശതമാനം നികുതിയാകുമ്പോള്‍ എത്ര തുകയായി? ഇനിയും കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ വേറെയില്ലേ? പ്രതിഫലം നല്‍കാതെ ചെയ്യുന്നതിനാണ് സര്‍വ്വീസ് എന്ന് പറയുന്നത്.

3. മന്ത്രിയുടെ പോസ്റ്റില്‍ തന്നെ പറയുന്നുണ്ട് ഇത്തരം നികുതിയിളവ് നല്‍കേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കുമാണെന്ന്. ഭരണഘടനയുടെ 243 (G), (W) വകുപ്പുകളും കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷനും അത് തന്നെയാണ് പറയുന്നത്. എന്ന് മുതലാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിങ്ങള്‍ പഞ്ചായത്തിന്റെ യും മുനിസിപ്പാലിറ്റിയുടെയും പദവി കൊടുത്തത്? (കേന്ദ്ര നോട്ടിഫിക്കേഷന്‍ എഴുതിയപ്പോള്‍ എന്റെ പോസ്റ്റില്‍ വന്ന അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. ഞാനത് തിരുത്തിയിട്ടുണ്ട്.)

4. 2019 മാര്‍ച്ചിലെ ഉത്തരവ് വിവാദമാക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിക്കുന്നു. അടുത്ത ദിവസങ്ങളിലാണ് ഇത് സൈറ്റില്‍ കണ്ടത്. വൈകിയെങ്കിലും ഒരു അനീതിയും സ്വജന പക്ഷപാതവും അറിയുമ്പോള്‍ അത് ശ്രദ്ധയില്‍ പെടുത്തെ ണ്ടെ? യു ഡി എഫ് കാലത്ത് ഊരാളുങ്കലിന് വഴിവിട്ട് വല്ലതും ചെയ്തിട്ടുണ്ടങ്കില്‍ അതും അന്വേഷണ വിഷയമാക്കണമെന്നാണ് എന്റെ അഭിപ്രായം.

5. നികുതി ലഭിച്ചാലും സംസ്ഥാനത്തിന് പകുതിയെ കിട്ടുകയുള്ളൂ , പകുതി കേന്ദ്രത്തിന് പോകും എന്നാണ് അങ്ങ് പറയുന്നത്. ഒരു ധനമന്ത്രിയെന്ന നിലയില്‍ അങ്ങേക്ക് പറയാന്‍ കൊള്ളാവുന്ന ഒരു കാര്യമാണോ ഇത്? ഏതോ വിദേശ രാജ്യത്തേക്ക് നികുതി പോകും എന്ന് പറയുന്ന പോലെ അങ്ങോടു പോകുന്ന നികുതിയും പല പദ്ധതികളായി സംസ്ഥാനത്തേക്ക് വരില്ലേ?

അങ്ങ് സംസ്ഥാനത്തിന്റെ ധനമന്ത്രിയാണ്. നികുതി ചോര്‍ച്ച ഉണ്ടാക്കുന്ന നടപടികള്‍ക്ക് കൂട്ടുനില്‍ക്കരുത്. ആരു പറഞ്ഞാലും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in