മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനസമാഹാരം എന്നിവയുള്‍പ്പടെ അന്‍പതോളം കൃതികല്‍ രചിച്ചിട്ടുണ്ട്.

പാലക്കാട് അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം ജനിച്ചത്. വേദവും ഇംഗ്ലിഷും കണക്കും തമിഴും പഠിച്ചു. എട്ടുവയസ്സുമുതല്‍ കവിതയെഴുതുമായിരുന്നു. കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും താല്‍പര്യം കാട്ടിയിരുന്നു. കോഴിക്കോട് സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങി. പിന്നീട് തൃശൂര്‍ മംഗളോദയം പ്രസില്‍നിന്ന് പുറത്തിറങ്ങിയിരുന്ന 'ഉണ്ണി നമ്പൂതിരി'യുടെ പ്രിന്ററും പബ്ലിഷറുമായി. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കൊച്ചി ചങ്ങമ്പുഴ സ്മാരകസമിതി വൈസ് പ്രസിഡന്റ്, കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍, തപസ്യ കലാസാഹിത്യ വേദി പ്രസിഡന്റ്, കടവല്ലൂര്‍ അന്യോന്യ പരിഷത് പ്രസിഡന്റ്, പൊന്നാനി കേന്ദ്ര കലാസമിതി സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, പണ്ടത്തെ മേല്‍ശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കള്‍, ഭാഗവതം (വിവര്‍ത്തനം, മൂന്നു വാല്യങ്ങള്‍), അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, കളിക്കൊട്ടിലില്‍, നിമിഷ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

ഭാര്യ: പരേതയായ ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍. പ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in