സംസ്ഥാനത്ത് 7871 പേര്‍ക്കുകൂടി കൊവിഡ് 19 ; 25 മരണം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 7871 പേര്‍ക്കുകൂടി കൊവിഡ് 19 ; 25 മരണം സ്ഥിരീകരിച്ചു
sys 8

സംസ്ഥാനത്ത് 7871 പേര്‍ക്കുകൂടി കൊവിഡ് 19 . ചൊവ്വാഴ്ച 25 മരണം സ്ഥിരീകരിച്ചു. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 640 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 60494 സാമ്പിളുകളാണ് പരിശോധിച്ചത്. 87,738 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4881 പേര്‍ രോഗമുക്തരായി. എറ്റവുമാദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് രോഗവ്യാപനം നല്ലനിലയില്‍ പിടിച്ചുനിര്‍ത്താനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ കണക്കുകള്‍ മികച്ചതാണ്‌. ടെസ്റ്റ് പെര്‍ മില്യണ്‍ ദേശീയ തലത്തില്‍ 77054 ആണെങ്കില്‍ സംസ്ഥാനത്ത് 92788 ആണ്. ദേശീയതലത്തില്‍ 10 ലക്ഷത്തില്‍ 99 ആളുകള്‍ക്ക് ജീവഹാനിയുണ്ടായപ്പോള്‍ കേരളത്തില്‍ 24.5 ആണ്. കേസ് ഫറ്റാലിറ്റി റേറ്റ് 1.55 ആണ് ദേശീയ തലത്തിലെങ്കില്‍ സംസ്ഥാനത്ത് 0.36 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി 8.3 ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 7.2 ശതമാനമാണ്.

സംസ്ഥാനം പുലര്‍ത്തിയ ജാഗ്രതയും സ്വീകരിച്ച നടപടികളും വെറുതെയായില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകണം. ജാഗ്രതക്കുറവ് ഉണ്ടാകുമ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണുണ്ടായത്. ഓഗസ്റ്റില്‍ ഐസിഎംആര്‍ നടത്തിയ സെറോ സര്‍വേ പ്രകാരം സംസ്ഥാനത്ത് 0.8 ശതമാനത്തിന് രോഗം വന്നുപോയി. എന്നാല്‍ ദേശീയ തലത്തില്‍ ഇത് 6.6 ശതമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

The Cue
www.thecue.in