ഹത്രാസ് പെണ്‍കുട്ടി മരിച്ചത് കൊവിഡ് ബാധിച്ചെന്ന് പ്രചരിപ്പിക്കുന്നു; സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

ഹത്രാസ് പെണ്‍കുട്ടി മരിച്ചത് കൊവിഡ് ബാധിച്ചെന്ന് പ്രചരിപ്പിക്കുന്നു; സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായില്ലെന്നും കൊവിഡ് ബാധിച്ചാണ് മരിച്ചതെന്നും പ്രചരിപ്പിക്കുന്നതായി കുടുംബം. പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. യുപി പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐക്ക് വിടണമെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

പൊലീസില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായി കുടുംബം നേരത്തെ വെളിപ്പെടുത്തിയിരുന്നു. മൊഴി മാറ്റാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. വഴികള്‍ അടച്ച് കുടുംബത്തെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ആശയവിനിമയം പോലും സാധ്യമാകുന്നില്ല. വീടിന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കുന്നില്ലെന്നും കുടുംബം പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്നതിന് മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വീടിന് ചുറ്റും പൊലീസ് കാവല്‍ നില്‍ക്കുന്നു. അഭിഭാഷകനെ കാണാന്‍ പോലും ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു.

രഹസ്യമായി മാധ്യമങ്ങളെ കാണാനെത്തിയ യുവതിയുടെ ബന്ധുവായ 15കാരന്‍ പൊലീസിനെ ഭയന്ന് ഓടിപ്പോയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പൊലീസ് കുട്ടിയുടെ മാസ്‌ക് മാറ്റിയിരുന്നു. രാഷ്ട്രീയ നേതാക്കളെയും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല. ഗ്രാമത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ് പി ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in