ഉമ്മന്‍ചാണ്ടിയുമായി അകന്നുവെന്ന പ്രചാരണം വേദനിപ്പിച്ചു; എംപിമാര്‍ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്നും ബെന്നി ബെഹ്നാന്‍
ഉമ്മന്‍ചാണ്ടിയുമായി അകന്നുവെന്ന പ്രചാരണം വേദനിപ്പിച്ചു; എംപിമാര്‍ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്നും ബെന്നി ബെഹ്നാന്‍

ഉമ്മന്‍ചാണ്ടിയുമായി അകന്നുവെന്ന പ്രചാരണം വേദനിപ്പിച്ചുവെന്ന് ബെന്നി ബെഹ്നാന്‍ എംപി. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ വൈകിയെന്ന കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ വിമര്‍ശനത്തോടും ബെന്നി ബെഹ്നാന്‍ പ്രതികരിച്ചു. ഹൈക്കമാന്‍ഡിന്റെ അനുമതി തേടിയതു കൊണ്ടാണ് വൈകിയതെന്ന് ബെന്നി ബെഹ്നാന്‍ മനോരമ ന്യൂസിന്റെ നേരെ ചൊവ്വയില്‍ പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഹൈക്കമാര്‍ഡിന്റെ അനുമതി തേടാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിരുന്നുവെന്ന് ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി. ജോസ് കെ മാണി വിഭാഗത്തിനെതിരെ യുഡിഎഫ് എടുത്ത തീരുമാനമാണ് താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. അതില്‍ പിഴവുപറ്റിയിട്ടില്ല. ആര്‍ക്കും തന്നെ കുറ്റപ്പെടുത്താനാവില്ലെന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു. എംപിമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്നും ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി.

ബെന്നി ബെഹ്നാന്‍ രാജിവെച്ചതിനെ തുടര്‍ന്ന് എം എം ഹസനെ യൂഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്തിരുന്നു. എ ഗ്രൂപ്പിലെ ഭിന്നതയാണ് ബെന്നി ബെഹ്നാന്റെ രാജിക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുമായി അകന്ന ബെന്നി ബെഹ്നാന്‍ രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ചേര്‍ന്നുവെന്നുമായിരുന്നു ഒരുവിഭാഗം പ്രചരിപ്പിച്ചിരുന്നത്.

Related Stories

The Cue
www.thecue.in