'ഇപ്പോള്‍ നിങ്ങള്‍ എന്ത് നീതിയാണ് നേടിക്കൊടുത്തത്?', യുവഡോക്ടറുടെ ആത്മഹത്യയില്‍ പ്രതികരണവുമായി മെഡിക്കല്‍ സമൂഹം

'ഇപ്പോള്‍ നിങ്ങള്‍ എന്ത് നീതിയാണ് നേടിക്കൊടുത്തത്?', യുവഡോക്ടറുടെ ആത്മഹത്യയില്‍ പ്രതികരണവുമായി മെഡിക്കല്‍ സമൂഹം

വ ഡോക്ടര്‍ അനൂപ് കൃഷ്ണയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി മെഡിക്കല്‍ സമൂഹം. ഡോ. സുല്‍ഫി നൂഹു, ഡോ. ജിനേഷ് പിഎസ്, ഡോ ഷിംന അസീസ്, ഡോ. നെല്‍സന്‍ ജോസഫ് തുടങ്ങിയവര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ട്രയലുകളുടെ രക്തസാക്ഷിയാണ് ഡോ. അനൂപ് എന്നും നാളെ ഏത് ഡോക്ടര്‍ക്ക് വേണമെങ്കിലും ഇത് സംഭവിക്കാമെന്നും അവര്‍ പറയുന്നു.

ഓപ്പറേഷന്‍ തിയേറ്ററുകളില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികല്‍ വിവരിച്ചു കൊണ്ടായിരുന്നു ഐഎംഎയുടെ ഡോ സുള്‍ഫി നൂഹു രംഗത്തെത്തിയത്. 'മയക്കുമരുന്ന് നല്‍കുന്നതിനിടെ, ശസ്ത്രക്രിയക്കിടയില്‍ എപ്പോള്‍ വേണമെങ്കിലും രോഗി മരണമടയാം. അങ്ങനെ സംഭവിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ അനാസ്ഥ, കൊലപാതകം, ചവിട്ടികൊല്ലല്‍ എന്നീ പ്രയോഗങ്ങളിലൂടെ കടന്നാക്രമണം നടത്തുമ്പോള്‍, പൊതുവെ വളരെ ബോള്‍ഡായ പേഴ്‌സണാലിറ്റി ഉണ്ടായിരുന്ന ഡോക്ടര്‍ അനൂപിന് പിടിച്ചുനില്‍ക്കാനായില്ല. അപ്പോള്‍ ഒരു സാധാരണ ഡോക്ടറോ? ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ ചരടുകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുക തന്നെ വേണം.', അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചില ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ മാധ്യമങ്ങളും, ചില രാഷ്ട്രീയക്കാരും, അവരുടെ പോസ്റ്റുകളില്‍ കൊലവിളി നടത്തിയവരും ചേര്‍ന്ന് കൊന്നതാണ് ഡോ. അനൂപിനെയെന്ന് ഡോ. ജിനേഷ് പിഎസ് കുറിച്ചു. ഓരോ രോഗിയുടെ മരണത്തിലും ഏറ്റവുമധികം വേദനിക്കുന്ന വ്യക്തികളിലൊരാളാണ് ചികിത്സിക്കുന്ന ഡോക്ടര്‍. ഒരു ഡോക്ടറും രോഗിയെ മനപ്പൂര്‍വ്വം കൊല്ലില്ല. എല്ലാവരുടെയും ജീവന്‍ രക്ഷിക്കാനുള്ള ദിവ്യ ഔഷധം ഒന്നും ഡോക്ടറുടെ കയ്യില്‍ ഇല്ല. അവരും വെറും മനുഷ്യരാണ്. സ്വന്തം കഴിവു കൊണ്ടും പ്രയത്‌നം കൊണ്ടും നല്ല രീതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ഒരു വ്യക്തിയാണ് അനൂപ് എന്നും ഡോ. ജിനേഷ് പിഎസ് കുറിച്ചു.

ഡോക്ടര്‍മാരുടെ വീഴ്ചകള്‍ ആഘോഷിക്കപ്പെടുകയാണെന്ന് ഡോ ഷിംന അസീസ്. 'മെഡിക്കല്‍ രംഗത്തുള്ളവര്‍ മുഴുവന്‍ അങ്ങേയറ്റം സമ്മര്‍ദത്തില്‍ ഉള്ളൊരു കാലമാണ്. സഹിക്കാന്‍ വയ്യാത്ത ആശങ്കയും ആധിയും മാറ്റി വെച്ച് മനുഷ്യസ്വഭാവത്തില്‍ പെരുമാറുന്ന ഞങ്ങളില്‍ ബഹുഭൂരിപക്ഷത്തെയും സൗകര്യപൂര്‍വ്വം അവഗണിച്ച്, വേദനിപ്പിച്ച്, പഴി ചാരി, പ്രാകി, ഞങ്ങളുടെ വീഴ്ചകള്‍ ആഘോഷിക്കുന്നിടത്ത്, ഞങ്ങള്‍ കരുതലോടെ കൈക്കുള്ളില്‍ വെച്ച് പുറത്തേക്ക് ചിരിയോടെ പറഞ്ഞയച്ച എണ്ണമറ്റ മനുഷ്യരെക്കാണാതെ ചിലത് മാത്രം തിരഞ്ഞെടുത്ത് ഞങ്ങള്‍ ഉത്തരം പറയേണ്ടി വരുമ്പോള്‍, വ്യക്തിഹത്യ സഹിക്കേണ്ടി വരുമ്പോള്‍ ചിലപ്പോഴെങ്കിലും ഞങ്ങള്‍ വെള്ളക്കുപ്പായത്തിനുള്ളില്‍ നിന്നുമിറങ്ങി വെറും മനുഷ്യരായിപ്പോകുന്നു. അനൂപ് ഡോക്ടറുടെ സ്ഥാനത്ത് ഇനിയും ഞങ്ങളിലാരുമാകാം. ഇനിയാരുമദ്ദേഹത്തെ തുടരാതിരിക്കട്ടെ.'

മാധ്യമങ്ങള്‍ എന്ത് നീതിയാണ് ഇപ്പോള്‍ നേടിക്കൊടുത്തതെന്ന് ഡോ. നെല്‍സണ്‍ ജോസഫ് ചോദിക്കുന്നു. ഒരു രോഗിയുടെ ബന്ധിക്കളോട് അവര്‍ മാത്രം കേള്‍ക്കാനായി, അങ്ങനെ കരുതി ഡോക്ടര്‍ നടത്തുന്ന സംഭാഷണം മാധ്യമങ്ങള്‍ പുറത്തുവിട്ടതിനെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.

ഡോ. അനൂപിന്റെ ആത്മാര്‍ത്ഥത ഈ ലോകം അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഡോ സൗമ്യ സരിന്‍ കുറിച്ചത്. അറിഞ്ഞു കൊണ്ട് ഒരു കുഞ്ഞിനേയും ഒരു ഡോക്ടര്‍ മരണത്തിന് വിട്ടുകൊടുക്കില്ല. കുട്ടിയുടെ കാലിലെ വളവ് ശെരിയാക്കാനുള്ള ശസ്ത്രക്രിയയില്‍ നിന്ന് പല ഡോക്ടര്‍മാരും പിന്മാറിയിരുന്നു. കുഞ്ഞിന് ജന്മനാ ഹൃദയതകരാറുള്ളതായിരുന്നു കാരണമെന്ന് കേള്‍ക്കുന്നു. അതുകൊണ്ട് തന്നെ അനസ്തേഷ്യ കൊടുക്കുമ്പോഴുള്ള അപകടം മുന്നില്‍ കണ്ടത് കൊണ്ടാകാം അവര്‍ അതില്‍ നിന്ന് പിന്നോട്ട് പോയത്. എന്നാല്‍ ഡോക്ടര്‍ അനൂപ് ആ വെല്ലുവിളി ഏറ്റെടുത്തു.

കുഞ്ഞിന്റെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം. മാധ്യമവിചാരണ! പിടിച്ചു നില്ക്കാന്‍ പറ്റിയിട്ടുണ്ടാവില്ല ഡോക്ടര്‍ അനൂപിന്! എത്രയോ കാലത്തെ അധ്വാനം പലരും നിമിഷനേരം കൊണ്ട് തച്ചുടക്കുന്നത് കണ്ടുനില്‍ക്കാനായിട്ടുണ്ടാകില്ല! തന്നെ കൊലയാളി എന്ന് വിളിച്ചത് കേട്ടു നില്‍ക്കാനായിട്ടുണ്ടാകില്ല', ഡോ. സൗമ്യ സരിന്‍ കുറിച്ചു.

ഒരു ഡോക്ടറും ചികിത്സയില്‍ തന്റെ രോഗിക്ക് ഏതെങ്കിലും വിധം അപകടം വരണമെന്ന് വിചാരിക്കില്ലെന്ന് ചിന്തിക്കാന്‍ മാത്രം നന്മയോ സാമാന്യ ബുദ്ധിയോ നമ്മുടെ സമൂഹത്തിനില്ലെന്ന് ഡോ മനോജ് വെള്ളനാട് പറയുന്നു. 'കുഞ്ഞിന്റെ മരണം നിര്‍ഭാഗ്യകരമാണ്. പക്ഷെ കേട്ടിടത്തോളം, അതൊഴിവാക്കാന്‍ പറ്റുമായിരുന്നില്ല (ജന്മനാല്‍ ഹൃദയത്തകരാറുള്ള കുഞ്ഞിന് Ventricular fibrillation ഉണ്ടായ അവസ്ഥ) എന്നാണ് എന്റെ ഊഹം. പക്ഷെ, താങ്കളിത് ഒഴിവാക്കിയിരുന്നെങ്കില്‍ എന്ന് വ്യഥാ ആഗ്രഹിച്ചു പോകുന്നു. അത്രയ്ക്കും സങ്കടം തോന്നുന്നു.'

Related Stories

No stories found.
logo
The Cue
www.thecue.in