രാഹുല്‍ ഗാന്ധിയെ തടഞ്ഞത് ജനാധിപത്യ വിരുദ്ധം; ഹത്രാസിലേക്ക് പോകാന്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ടെന്ന് മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയെ തടഞ്ഞത് ജനാധിപത്യ വിരുദ്ധം; ഹത്രാസിലേക്ക് പോകാന്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ടെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ യുപി പോലീസ് കയ്യേറ്റം ചെയ്ത സംഭവം ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെ മുഖ്യമന്ത്രി അപലപിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

രാഹുല്‍ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാന്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട് എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ യമുന ഹൈവേയില്‍ വെച്ചാണ് രാഹുലും പ്രിയങ്കയും സഞ്ചരിച്ച വാഹനം യുപി പൊലീസ് തടഞ്ഞത്. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ ഉന്തും തള്ളുമായി. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാതെ മടങ്ങില്ലെന്ന് പറഞ്ഞ് രാഹുലും പ്രിയങ്കയും കാല്‍നടയായി ഹത്രാസിലേക്ക് നീങ്ങി. വീണ്ടും പൊലീസ് തടഞ്ഞു. രാഹുലിനെ കായികമായി നേരിട്ട പൊലീസ് തള്ളിവീഴ്ത്തി. രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ഗസ്റ്റ് ഹൗസിലെത്തിച്ച ശേഷം ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in