'മൃതദേഹം തിരക്കിട്ട് സംസ്‌കരിച്ചു'; വീട്ടിലേക്ക് കൊണ്ടുവരാന്‍ പൊലീസ് സമ്മതിച്ചില്ലെന്ന് ദളിത് പെണ്‍കുട്ടിയുടെ കുടുംബം

'മൃതദേഹം തിരക്കിട്ട് സംസ്‌കരിച്ചു'; വീട്ടിലേക്ക് കൊണ്ടുവരാന്‍ പൊലീസ് സമ്മതിച്ചില്ലെന്ന് ദളിത് പെണ്‍കുട്ടിയുടെ കുടുംബം

ഉത്തര്‍പ്രദേശില്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം തിരക്കുപിടിച്ച് സംസ്‌കരിച്ചെന്ന് പരാതി. ബുധനാഴ്ച മൂന്ന് മണിയോടെയാണ് സംസ്‌കാരം നടത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവരാന്‍ പോലും പൊലീസ് സമ്മതിച്ചില്ലെന്നും, രാത്രി വൈകിയും അന്ത്യകര്‍മ്മങ്ങള്‍ തിരക്കിട്ട് ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു.

പൊലീസ് തങ്ങളോട് ഒന്നും പറയാതെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'അവസാനമായി എന്റെ സഹോദരിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് പൊലീസുകാരുടെ കാലു പിടിച്ചു. പക്ഷെ അവര്‍ സമ്മതിച്ചില്ല.'

ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരിച്ചത്. ഹത്രാസ് ജില്ലയിലുള്ള വീട്ടില്‍ നിന്ന് കഴിഞ്ഞ 14ന് അമ്മയോടൊപ്പം സമീപത്തെ വയലിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെയാണു പിന്നീട് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ കാലുകള്‍ പൂര്‍ണമായും കൈകള്‍ ഭാഗീകമായും തളര്‍ന്ന നിലയിലായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. പീഡിപ്പിച്ചവര്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത് ചെറുത്തതിനിടെ പെണ്‍കുട്ടി സ്വയം കടിച്ചതാകാം കാരണമെന്നായിരുന്നു ഹത്രാസ് എസ്പി വിക്രാന്ത് വീറിന്റെ വിശദീകരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അലിഗഡ് ജവാഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച സഫ്ദാര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥലത്തെ ഉന്നത ജാതിയില്‍ പെട്ട നാല് ചെറുപ്പക്കാരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Related Stories

The Cue
www.thecue.in