'തല്ലെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാര്‍ക്കുമെന്ന അവസ്ഥ നല്ല പ്രവര്‍ത്തകരെ നിസംഗരാക്കും'; അതൃപ്തി പരസ്യമാക്കി പിപി മുകുന്ദന്‍

'തല്ലെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാര്‍ക്കുമെന്ന അവസ്ഥ നല്ല പ്രവര്‍ത്തകരെ നിസംഗരാക്കും'; അതൃപ്തി പരസ്യമാക്കി പിപി മുകുന്ദന്‍

ബിജെപി ദേശീയ നേതൃത്വത്തിലുണ്ടായ പുനസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബിജെപി മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. എപി അബ്ദുള്ളക്കുട്ടിയടക്കം പാര്‍ട്ടിയില്‍ അടുത്തിടെയെത്തിയവര്‍ക്ക് ദേശീയ ഉപാധ്യക്ഷസ്ഥാനമുള്‍പ്പടെ നല്‍കിയതില്‍ കേരളത്തിലെ ബിജെപിക്കുള്ള അതൃപ്തിയാണ് പിപി മുകുന്ദന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്.

'കഴിവുള്ളവരെ അവഗണിക്കരുതെന്നും, പ്രതിയോഗികളുടെ ബന്ധുക്കള്‍ക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്നതൊന്നും നല്ല കീഴ്‌വഴക്കമല്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പിപി മുകുന്ദന്‍ പറയുന്നു. തല്ലെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാര്‍ക്കുമെന്ന അവസ്ഥ വന്നാല്‍ അത് പ്രസ്ഥാനത്തിലെ നല്ല പ്രവര്‍ത്തകരെ നിസംഗരാക്കും. ദിശാബോധം നഷ്ട്ടപ്പെടുത്താതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ കേരളത്തിന്റെ സാഹച്ചര്യം കണക്കിലെടുത്ത് കേന്ദ്രവുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ മുന്നോട്ട് നയിച്ചില്ലെങ്കില്‍ പ്രസ്ഥാനങ്ങള്‍ക്ക് സംഘടനാപരമായി വലിയ വില കൊടുക്കേണ്ടി വരും', പിപി മുകുന്ദന്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്:

'ആര്‍. എസ്.എസ്. കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് എട്ട് പതിറ്റാണ്ടോടുക്കുന്നു. 1942 ല്‍ ആണ് സംഘപ്രവര്‍ത്തനം ഇവിടെ ആരംഭിക്കുന്നത്. ഈ കാലയളവിനുള്ളില്‍ പ്രസ്ഥാനം വളരെയധികം മുന്നേറി. ലക്ഷക്കണക്കിനാളുകള്‍ പ്രവര്‍ത്തകരും അനുഭാവികളുമായി. സാമൂഹിക മണ്ഡലങ്ങളിലടക്കം വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. പല അനാചാരങ്ങളുമില്ലാതാക്കാന്‍ മുന്‍ കൈ എടുത്തു. ഇതെല്ലാം ശരി.

ഇനി ഒന്നു തിരിഞ്ഞു നോക്കാം. സംഘത്തിന്റെ ശക്തിക്കൊത്ത വളര്‍ച്ച കൈവരിക്കാനായോ ? ഒരു ആത്മ പരിശോധന വേണ്ടതല്ലേ?

കേരളത്തില്‍ ആള്‍ബലത്തിനൊത്ത സ്വാധീനമുണ്ടാക്കാന്‍ സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്ന് പ്രതിയോഗികള്‍ തന്നെ പറയാറുണ്ട്. അതില്‍ ശരിയുണ്ടോ എന്ന് സ്വയം പരിശോധന നടത്തുന്നതിലും തെറ്റില്ല.

സര്‍വ്വ ശക്തനായ ശ്രീ പരമേശ്വരനെയും പൂര്‍വ്വികരെയും സ്മരിച്ച് ' നമ്മുടെ പവിത്രമായ ഹിന്ദു സമാജത്തെ സംരക്ഷിച്ച് ഹിന്ദു രാഷ്ട്രത്തിന്റെ സര്‍വ്വതോമുഖമായ ഉന്നതിക്കായി പ്രതിജ്ഞയെടുത്തു വന്ന വര്‍ക്ക് ഈ പ്രസ്ഥാനം ഈശ്വരീയം തന്നെ. അതുകൊണ്ടാണല്ലോ ആശയാദര്‍ശങ്ങളെ മുറുകെ പിടിച്ച് അനേകര്‍ പ്രസ്ഥാനത്തിന് ജീവന്‍ ബലി അര്‍പ്പിച്ചത്. മര്‍ദ്ദനങ്ങളേറ്റുവാങ്ങുനതും തടവറകളില്‍ കഴിയുന്നതും.

ഇങ്ങനെയുള്ള അനേകായിരങ്ങളുടെ പ്രതീക്ഷയ്ക്കും സംഘം വിഭാവനം ചെയ്ത രീതിയിലും ഇവിടെ വളര്‍ച്ചയുണ്ടായോ എന്ന ചോദ്യമാണ് ഉത്തരം തേടുന്നത്. പ്രവര്‍ത്തകരില്ലാഞ്ഞിട്ടല്ല. കഴിവുള്ളവര്‍ക്ക് ക്ഷാമവുമില്ല. വിവിധ മണ്ഡലങ്ങളില്‍ എത്രയോ സമര്‍ത്ഥര്‍ സംഘപ്രവര്‍ത്തകരായിട്ടുണ്ട്. എന്നിട്ടും സര്‍വ്വതോമുഖമായ വളര്‍ച്ച കൈവരിക്കാനാവുന്നില്ലെങ്കില്‍ അതു പരിശോധിക്കപ്പെടേണ്ടേ?

ദക്ഷിണേന്ത്യയുടെ ചുമതല ഉണ്ടായിരുന്ന ആദരണീയനായ യാദവറാവു ജോഷി തിരുവനന്തപുരത്ത് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. നമുക്ക് ഭാസ്‌കര്‍ റാവുജിയെ ലക്ഷാധിപതിയാക്കണം. ഭാസ്‌കര്‍ റാവുജി അന്ന് ഇവിടെ പ്രാന്ത പ്രചാരകാണ് . ഗുരുദക്ഷിണ ഒരു ലക്ഷമെന്ന ലക്ഷ്യത്തിലെത്തിക്കുന്നതിനെ പറ്റിയായിരുന്നു. അന്നത്തെ നിലയില്‍ നിന്ന് ഇന്ന് സംഘം എത്ര കണ്ടു വളര്‍ന്നു വെന്നു നോക്കുമ്പോള്‍ ആദ്യ കാല കാര്യ കര്‍ത്താക്കളുടെ സമര്‍പ്പണ ബുദ്ധിയോടെയുള്ള പ്രവര്‍ത്തന കാലമാണ് മനസില്‍. പരമേശ്വര്‍ജി, മാധവ്ജി , ഹരിയേട്ടന്‍ , കണ്ണൂരില്‍ പ്രവര്‍ത്തിച്ച ജനേട്ടന്‍ , ആര്‍.വേണുഗോപാല്‍ എന്ന വേണുവേട്ടന്‍ എന്നിവരെയൊക്കെ ഓര്‍ക്കുന്നു. റെയില്‍വേ സ്റ്റേഷനിലും കടപ്പുറത്തുമൊക്കെ അന്തിയുറങ്ങിയുള്ള അവരുടെയൊക്കെ പ്രവര്‍ത്തനങ്ങളുടെ അടിത്തറയിലാണ് ഇന്നത്തെ നിലയില്‍ സംഘസൗധം നില നില്‍ക്കുന്നത്.

നേതൃനിര മാറിക്കൊണ്ടേയിരിക്കും. അത് ആവശ്യവുമാണ്. പരമ പൂജനീയ ഗുരുജിയുടെ വേര്‍പാടിനു ശേഷം ആദ്യമായി കേരളത്തിലെത്തിയ പൂജനീയ സര്‍സംഘചാലക് ദേവറസ് ജി തൃശൂരില്‍ നടത്തിയ യോഗത്തില്‍ ചെയ്ത പ്രസംഗം എക്കാലത്തും സംഘപ്രവര്‍ത്തകര്‍ക്ക് പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു, 'ഗുരുജി അദ്ദേഹം പഠിച്ച ക്ലാസുകളില്‍ എല്ലായിടത്തും ഒന്നാമനായിരുന്നു. താനും എല്ലാ ക്ലാസുകളിലും ഒന്നാമതെത്തിയിട്ടുണ്ട്.... എന്നാല്‍ ഗുരുജി അദ്ദേഹത്തിന്റെ സ്വന്തം മേധാശക്തി കൊണ്ടും താന്‍ ഗൈഡിന്റെ സഹായത്താലുമാണ് ഇത് നേടിയത്. പക്ഷേ പുതിയ ചുമതലയില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. അതിനു കാരണം ലക്ഷക്കണക്കിനു വരുന്ന ദേവദുര്‍ലഭരായ പ്രവര്‍ത്തകരെ സംയോജിപ്പിച്ച് ഒന്നിച്ചു നിര്‍ത്താനുള്ള സംഘടനാ ശക്തിയെന്നാണ് ' അദ്ദേഹം പറഞ്ഞത്.

നമ്മുടെ പ്രസ്ഥാനം വ്യക്തിനിഷ്ഠമല്ല, തത്വാധിഷ്ഠിതമാണ് . ഇത് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ബാധകമാണ്. അധികാരത്തിലേക്കുള്ള ചവുട്ടു പടിയായി സംഘത്തെ കണ്ടു വന്നവരല്ല ഈ പ്രസ്ഥാനത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. അനേകായിരം പേരുടെ ചോരയും നീരും നുറു കണക്കിനു ബലിദാനികളുടെ ജീവനുമാണ് സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ ആത്മാവ്. അങ്ങനെയുള്ളവരുടെ ഉള്ളു നൊന്താല്‍ അത് പ്രസ്ഥാനത്തിന്റെ കെട്ടുറപ്പിന് ദോഷമാവും. ഇത് പരിഹരിക്കപ്പെടേണ്ടതാണ്.

ഗണഗീതങ്ങളിലൂടെയും വ്യക്തി ഗീതങ്ങളിലൂടെയും സുഭാഷിതങ്ങളിലൂടെയും സ്വയം സേവകരിലേക്ക് പകരുന്ന ആശയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് സംഘത്തെ മറ്റു പ്രസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമാക്കുന്നത്. രാജനൈതിക രംഗത്ത് സമീപകാലത്ത് കണ്ടുവരുന്ന പ്രവണത പരിവാര്‍ രാഷ്ട്രീയത്തിനു ചേര്‍ന്നതാണോ എന്നും ചിന്തിക്കണം. പ്രസ്ഥാനത്തിനൊപ്പം പ്രവര്‍ത്തകരും പടിപടിയായി വളര്‍ന്ന് ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ എത്തുന്നതായിരുന്നു പരിവാര്‍ രാഷ്ട്രീയരീതി. പ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലും ദുരന്തമുഖങ്ങളിലെ സേവന പ്രവര്‍ത്തനങ്ങളിലുമൊക്കെ കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചവരായിരുന്നു ഇത്തരം സ്ഥാനങ്ങളില്‍ പരിഗണിക്കപ്പെട്ടിരുന്നത്. ഇതൊന്നുമില്ലാതെ തന്നെ പരിവാര്‍ രാഷ്ട്രീയത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ കുറെ പേര്‍ എത്തിയെന്നത് . വസ്തുതയാണ്. മുമ്പ് ഇങ്ങനെ വന്ന ചിലര്‍ പിന്നീടപ്രസ്ഥാനത്തിന്റെ ശത്രു പക്ഷത്ത് എത്തിയെന്നതും കാണാതിരുന്നു കൂടാ. തല്ലെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാര്‍ക്കുമെന്ന അവസ്ഥ വന്നാല്‍ അത് പ്രസ്ഥാനത്തിലെ നല്ല പ്രവര്‍ത്തകരെ നിസംഗരാക്കും. സംഘ സൗധം കെട്ടി ഉയര്‍ത്താന്‍ രാപകല്‍ അധ്വാനിച്ചവരെ വിസ്മരിക്കുന്നത് അത് കണ്ടു നില്‍ക്കുന്നവരിലും പകരുക തെറ്റായ സന്ദേശമാണ്. പുതുമുഖങ്ങള്‍ വരട്ടെ. എന്നാല്‍ കൂടെയുള്ള കഴിവുള്ളവരെ അവഗണിക്കരുത്.

പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിസ്മരിക്കുകയും പ്രതിയോഗികളുടെ ബന്ധുക്കള്‍ക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്ന തൊന്നും ശരിയായ കീഴ്വഴക്കമല്ല. അത് സാങ്കേതികമായി ശരിയായിരിക്കാം പക്ഷെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ചോര നീരാക്കിയവര്‍ക്ക് ഇത് വേദനയുണ്ടാക്കും. അവര്‍ നിസംഗരായി മാറിയാല്‍ ആരാണ് തെറ്റുകാര്‍ ?

ദിശാബോധം നഷ്ട്ടപ്പെടുത്താതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ കേരളത്തിന്റെ സാഹച്ചര്യം കണക്കിലെടുത്ത് കേന്ദ്രവുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ മുന്നോട്ട് നയിച്ചില്ലെങ്കില്‍ പ്രസ്ഥാനങ്ങള്‍ക്ക് സംഘടനാപരമായി വലിയ വില കൊടുക്കേണ്ടി വരും. ആവേശത്തോടൊപ്പം സംഘടനയും ആദര്‍ശവും കൈവിടാതിരിക്കണം. ലക്ഷ്യവും മാര്‍ഗ്ഗവും അതിന്റെ പരിശുദ്ധി നിലനിര്‍ത്തണം'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in