പാലാരിവട്ടത്ത് ഇ ശ്രീധരനെത്തും; ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്ക് പറയിപ്പിക്കുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി
മുഖ്യമന്ത്രി

എട്ട് മാസം കൊണ്ട് പാലാരിവട്ടം പാലം പൊളിച്ച് പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാമെന്ന് ഇ ശ്രീധരന്‍ അറിയിച്ചിട്ടുണ്ട്. അഴിമതി നടത്തി ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നഷ്ടപ്പെട്ട മാസങ്ങള്‍ നഷ്ടപ്പെട്ടത് തന്നെയാണ്. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ അപൂര്‍വ്വ സംഭവമാണ് പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട ക്രമക്കേടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴിമതി സംബന്ധിച്ച വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. അവരെ നിയമത്തിന്റെ മുന്നിലെത്തിക്കും. നഗ്നമായ അഴിമതിയാണ് നടന്നത്. യുഡിഎഫ് കാലത്തെ അഴിമതികളില്‍ ഒന്ന് മാത്രമാണിത്. അഴിമതിയിലൂടെ ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്ക് പറയിക്കുകയെന്നത് നാടിന്റെ തന്നെ ഉത്തരവാദിത്വമാണ്.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാലം പൊളിച്ച് പണിയുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇ ശ്രീധരനുമായി ഇക്കാര്യം സംസാരിച്ചു. മേല്‍നോട്ടം ഏറ്റെടുക്കാമെന്ന സമ്മതിച്ചു. ഗതാഗതത്തിന് തുറന്ന് കൊടുത്ത് ഒരുവര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഗുരുതരമായ തകരാറുകള്‍ കണ്ടെത്തി. തുടര്‍പരിശോധനകള്‍ക്ക് ഇ ശ്രീധരനെ ഏല്‍പ്പിച്ചു. മദ്രാസ് ഐഐടിയും റിപ്പോര്‍ട്ട് നല്‍കി. ആ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് പാലം പൊളിക്കാനുള്ള തീരുമാനം എടുത്തത്. ബലക്ഷയം ഉണ്ടെന്നും കേവല പുനരുദ്ധാരണം വഴി പാലത്തെ ശക്തിപ്പെടുത്താനാവില്ലെന്നും ഇ ശ്രീധരന്‍ അറിയിച്ചിരുന്നു. ഈ മേഖലയില്‍ വൈദഗ്ധ്യവും പാരമ്പര്യവുമുള്ള ഇ ശ്രീധരന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇ ശ്രീധരനെ ചുമതലപ്പെടുത്തിയപ്പോളാണ് ഭാരപരിശോധന ആവശ്യപ്പെട്ട് ഹൈക്കോടതിയെ ചിലര്‍ സമീപിച്ചത്. അത് ഹൈക്കോടതി അംഗീകരിച്ചു. അതേ തുടര്‍ന്ന് ജനങ്ങളുടെ സുരക്ഷയെ കരുതി സുപ്രീംകോടതിയെ സര്‍ക്കാര്‍ സമീപിക്കുകയും അനുകൂല വിധി ഉണ്ടാകുകയും ചെയ്‌തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in