'കാര്‍ഷിക പരിഷ്‌കരണബില്ലുകള്‍ മരണവാറണ്ട്'; കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നുവെന്ന് പ്രതിപക്ഷം രാജ്യസഭയില്‍

'കാര്‍ഷിക പരിഷ്‌കരണബില്ലുകള്‍ മരണവാറണ്ട്'; കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നുവെന്ന് പ്രതിപക്ഷം രാജ്യസഭയില്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ കര്‍ഷകര്‍ക്കുള്ള മരണ വാറണ്ടെന്ന് പ്രതിപക്ഷം രാജ്യസഭയില്‍. കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ അവതരിപ്പിച്ച ബില്ലിനെ എതിര്‍ത്ത് കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു പ്രതിപക്ഷം. കര്‍ഷകര്‍ക്കുള്ള മരണ വാറണ്ടില്‍ കോണ്‍ഗ്രസ് ഒപ്പുവെയ്ക്കാനില്ലെന്ന് പാര്‍ട്ടി എംപി പ്രതാപ് സിങ് ബജ്‌വ പറഞ്ഞു. ഈ ബില്ലിനെ കോണ്‍ഗ്രസ് നിരാകരിക്കുന്നു. നേട്ടമാണെന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ബില്‍ ഈ രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ട. പിന്നെന്തിനാണ് കേന്ദ്രം അടിച്ചേല്‍പ്പിക്കുന്നത്. തങ്ങളുടെ ആത്മാവിന് നേര്‍ക്കുള്ള ആക്രമണമാണ് ഈ ബില്ലെന്ന് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ ചിന്തിക്കുന്നു. കര്‍ഷകര്‍ നിരക്ഷരരല്ല. താങ്ങുവില എടുത്തുകളയാനുള്ള നീക്കമാണ് കേന്ദ്രത്തിന്റേതെന്ന് അവര്‍ക്കറിയാം. ഇത് പാസായാല്‍ കോര്‍പ്പറേറ്റുകള്‍ പാടങ്ങള്‍ കയ്യടക്കും. ഈസ്റ്റ് ഇന്ത്യ കമ്പനിയും പോര്‍ച്ചുഗീസുകാരും ഇന്ത്യയുടെ വാണിജ്യരംഗം കയ്യടക്കിയത് പോലെയാകും കോര്‍പ്പറേറ്റ് ഇടപെടലില്‍ സംഭവിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'കാര്‍ഷിക പരിഷ്‌കരണബില്ലുകള്‍ മരണവാറണ്ട്'; കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നുവെന്ന് പ്രതിപക്ഷം രാജ്യസഭയില്‍
തൊഴിലാളിവിരുദ്ധ ബില്ലുമായി മോദി സര്‍ക്കാര്‍ ; സമരം തടയുന്നതിനും പിരിച്ചുവിടല്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനും വ്യവസ്ഥകള്‍

കൃഷിയും ഉല്‍പ്പന്നങ്ങളുടെ വിപണനവും സംസ്ഥാന കാര്യമാണ്. അതിനാല്‍ തന്നെ വിരുദ്ധ വ്യവസ്ഥകളുള്ള ഈ ബില്‍ ഫെഡറല്‍ സംവിധാനത്തിന് എതിരുമാണ്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം കുറഞ്ഞതാങ്ങുവില സമ്പ്രദായം തുടരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുടെയും വാദം. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സുകള്‍ നീക്കാന്‍ ഇതുവരെ മൂന്ന് ബില്ലുകളാണ് ലോക്‌സഭയില്‍ പാസാക്കിയത്. പ്രതിപക്ഷം ഇതിനെതിരെ നിരാകരണ പ്രമേയം നല്‍കിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെകെ രാഗേഷ്,എളമരം കരീം,എം.വി ശ്രേയാംസ്‌കുമാര്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ ബില്ലിനെ എതിര്‍ത്തു. ബില്ലില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. അതേസമയം എന്‍ഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദളിന്റെ മൂന്ന് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും. രാജ്യസഭയില്‍ നിലവില്‍ 243 എംപിമാരാണുള്ളത്. 10 പേര്‍ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. പ്രായാധിക്യം കാരണം 15 എംപിമാര്‍ അവധിയിലും. ബില്ലുകള്‍ പാസാകാന്‍ 105 പേരുടെ പിന്‍തുണ വേണം. എന്‍ഡിയ്ക്ക് 105 പേരുടെ പിന്‍തുണയുണ്ട്. പ്രതിപക്ഷത്ത് 100 പേരും.

Related Stories

No stories found.
logo
The Cue
www.thecue.in