'നിരപരാധിത്വം അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ തെളിയിക്കാനാണ് ബിനീഷ് ശ്രമിച്ചത്'; മകന് പിന്തുണയുമായി കോടിയേരി ബാലകൃഷ്ണന്‍

'നിരപരാധിത്വം അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ തെളിയിക്കാനാണ് ബിനീഷ് ശ്രമിച്ചത്'; മകന് പിന്തുണയുമായി കോടിയേരി ബാലകൃഷ്ണന്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വിഷയത്തില്‍ മകന്‍ ബിനീഷ് കോടിയേരിയെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണന്‍. നിരപരാധിത്വം അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ തെളിയിക്കാനാണ് ബിനീഷ് ശ്രമിച്ചതെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നു. ബിനീഷ് ഏതെങ്കിലും കാര്യങ്ങളില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഏത് ശിക്ഷയും നല്‍കട്ടെയെന്നും കോടിയേരി കുറിച്ചു.

കോടിയേരിയുടെ വാക്കുകള്‍:

എന്റെ മകന്‍ ബിനീഷിനെ കേന്ദ്ര ഏജന്‍സി ഇതിനിടെ ചോദ്യം ചെയ്തിരുന്നു. ഏതെങ്കിലും കാര്യങ്ങളില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ എന്ത് ശിക്ഷയും നല്‍കട്ടെ. തന്റെ നിരപരാധിത്വം അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ തെളിയിക്കാനാണ് മകന്‍ ശ്രമിച്ചത്. കുടുംബാംഗത്തെയോ മന്ത്രിയെയോ മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫിനെയോ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഭരണാധികാരികളോ പാര്‍ടി നേതാക്കളോ സമാധാനം പറയണം, സ്ഥാനമൊഴിയണം എന്നെല്ലാമുള്ള പ്രതിപക്ഷവാദം പ്രതിപക്ഷത്തെത്തന്നെ തിരിഞ്ഞുകുത്തുന്നതാണ്.

റോബര്‍ട്ട് വാധ്രയെ ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ 13 തവണയാണ് ചോദ്യം ചെയ്തത്. വാധ്രയുടെ ഭാര്യ പ്രിയങ്കഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറിയാണ്. അളിയന്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനാണ്. ഭാര്യാമാതാവാകട്ടെ എഐസിസി പ്രസിഡന്റായ സോണിയ ഗാന്ധിയുമാണ്.

കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും കള്ളപ്പണക്കേസില്‍ ജയിലില്‍ അടയ്ക്കുകയും ചെയ്ത യെദ്യൂരപ്പയാണ് കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായിരിക്കുന്നത്. മോദിയെയും അമിത് ഷായെയും നിരവധി കേന്ദ്ര ഏജന്‍സികളാണ് ചോദ്യം ചെയ്തിട്ടുള്ളത്. അവരുമായി ബന്ധപ്പെട്ട് കേസുകളുമുണ്ടായി. മുന്‍ കേന്ദ്ര ധനമന്ത്രിയായിരുന്ന പി ചിദംബരത്തെ ഡല്‍ഹിയിലെ വസതിയില്‍ മതില്‍ ചാടിക്കടന്നാണ് ഇഡി ചോദ്യം ചെയ്തത്. കള്ളപ്പണക്കേസില്‍ തിഹാര്‍ ജയിലില്‍ അടച്ച ചിദംബരത്തെ കോണ്‍ഗ്രസിന്റെ 21 അംഗ പ്രവര്‍ത്തകസമിതിയില്‍ ഇപ്പോള്‍ അംഗമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐഎം നേതൃത്വത്തിനുമെതിരെ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന രാജി ആവശ്യവും നിലപാടും ഇരട്ടത്താപ്പും അസംബന്ധവുമാണ്. ഇതെല്ലാം മനസ്സിലാക്കാനുള്ള വിവേകം പ്രബുദ്ധ കേരളത്തിനുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'നിരപരാധിത്വം അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ തെളിയിക്കാനാണ് ബിനീഷ് ശ്രമിച്ചത്'; മകന് പിന്തുണയുമായി കോടിയേരി ബാലകൃഷ്ണന്‍
'ആര്‍എസ്എസിന്റെ ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭത്തിന് മുസ്ലീം ലീഗ് തീപകരുന്നു'; നടക്കുന്നത് സമരാഭാസമെന്ന് കോടിയേരി

Related Stories

No stories found.
logo
The Cue
www.thecue.in