'പിണറായിയെ ഭയം വേട്ടയാടുന്നു'; മനോനില തെറ്റിയത് മുഖ്യമന്ത്രിക്കെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ രൂക്ഷവിമര്‍ശനത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പിണറായി വിജയനെ ഭയം വേട്ടയാടുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സമനില തെറ്റിയത് മുഖ്യമന്ത്രിക്കാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒരു ചോദ്യത്തിന് പോലും വ്യക്തമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെ സാധിച്ചിട്ടില്ല. മകളെക്കുറിച്ച് പറയുമ്പള്‍ മുഖ്യമന്ത്രി വികാരവിക്ഷുബ്ധനാവുകയാണ് അതുകൊണ്ട് ഒന്നും പറയാനില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആര്‍ക്കാണ് സമനില തെറ്റിയതെന്ന് വാര്‍ത്താസമ്മേളനം കണ്ട വര്‍ക്കറിയാം. സമനില തെറ്റിയയാള്‍ക്കാണ് മറ്റുള്ളവര്‍ക്ക് സമനില തെറ്റിയെന്ന് തോന്നുക. സ്വന്തം നിഴലിനെ പോലും മുഖ്യമന്ത്രിക്ക് ഭയമാണ്. ഭീഷണിയെയും പേടിപ്പിക്കലിനെയും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയന്റെ ചരിത്രം കുറേ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. കോളജില്‍ സീറ്റുവാങ്ങിയത് എങ്ങനെയെന്നും ആരുടെയൊക്കെ കാലുപിടിച്ചാണെന്നും എല്ലാവര്‍ക്കുമറിയാം. കൊള്ളപ്പണത്തിന്റെ പങ്ക് മുഖ്യമന്ത്രിക്ക് കിട്ടിയെന്ന ആരോപണം ആവര്‍ത്തിക്കുന്നു. അതിന്റെ പാപക്കറയില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാനാകില്ലെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Related Stories

The Cue
www.thecue.in