'ഇത്രയും വലിയ വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ്  എന്നെ വിളിക്കാമായിരുന്നു'; ലോക്കര്‍ വിവാദത്തില്‍ മനോരമയ്‌ക്കെതിരെ ഇപി ജയരാജന്റെ ഭാര്യ
Around us

'ഇത്രയും വലിയ വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് എന്നെ വിളിക്കാമായിരുന്നു'; ലോക്കര്‍ വിവാദത്തില്‍ മനോരമയ്‌ക്കെതിരെ ഇപി ജയരാജന്റെ ഭാര്യ

THE CUE

THE CUE

ക്വാറന്റീനില്‍ കഴിയവെ സഹകരണ ബാങ്കില്‍ പോയെന്ന വാര്‍ത്തക്കെതിരെ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് തനിക്കെതിരെ വസ്തുതാവിരുദ്ധമായ വാര്‍ത്ത നല്‍കിയത്. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് തന്നെ വിളിച്ചിരുന്നെങ്കില്‍ സത്യാവസ്ഥ അറിയിക്കാമായിരുന്നു. പേരക്കുട്ടികള്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കാനാണ് ബാങ്ക് ലോക്കര്‍ തുറന്നതെന്നും പികെ ഇന്ദിര പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

മന്ത്രി ഇപി ജയരാജന്‍ മാത്രമാണ് ക്വാറന്റീനിലിരുന്നത്. തനിക്ക് ക്വാറന്റീന്‍ ഉണ്ടായിരുന്നില്ല. വീട്ടിലെ എല്ലാ കാര്യങ്ങളും തനിച്ചാണ് ചെയ്യുന്നത്. ക്വാറന്റീനിലല്ലാത്തതിനാലാണ് ബാങ്കില്‍ പോയത്. പത്ത് മിനിറ്റ് മാത്രമാണ് ബാങ്കില്‍ ചിലവഴിച്ചതെന്നും പി കെ ഇന്ദിര വ്യക്തമാക്കി.

പി കെ ഇന്ദിര വീഡിയോയില്‍ പറഞ്ഞത്

ഇന്നത്തെ മനോരമ പത്രത്തില്‍ എന്നെക്കുറിച്ച് വ്യാജവാര്‍ത്തയുണ്ടായിരുന്നു. മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീന്‍ ലംഘിച്ച് എത്തി. ഞാന്‍ ക്വാറന്റീന്‍ ലംഘിച്ചിട്ടുമില്ല. ക്വാറന്റീനില്‍ ഇരുന്നിട്ടുമില്ല. എനിക്ക് ക്വാറന്റീന്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച്ചയാണ് തിരുവനന്തപുരത്ത് നിന്നും എത്തിയത്. മിനിസ്റ്റര്‍ ക്വാറന്റീനിലായിരുന്നു. വീട്ടിലെ എല്ലാ ജോലികളും ഞാനാണ് ചെയ്യുന്നത്. ആരും വരാറില്ല. അങ്ങനെയുള്ള എന്നെക്കുറിച്ച് ഇത്രയും മോശമായ വാര്‍ത്ത മനോരമയ്ക്ക് എങ്ങനെ കൊടുക്കാന്‍ കഴിഞ്ഞുവെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഞാന്‍ ക്വാറന്റീനിലാണെന്ന വാര്‍ത്ത കിട്ടിയത്. ക്വാറന്റീനിലായിരുന്നോവെന്ന് ഒന്ന് വിളിച്ച് അന്വേഷിക്കാമായിരുന്നല്ലോ. ഇത്രയും വലിയ വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് എന്നെ വിളിക്കാമായിരുന്നു. ഇത്രയും നീചമായ പ്രവൃത്തി ചെയ്ത മനോരമ സ്ത്രീയെന്ന നിലയില്‍ പരിഗണന തന്നില്ല. വിളിച്ച് ചോദിച്ചിരുന്നുവെങ്കില്‍ ഞാന്‍ സത്യാവസ്ഥ പറയുമായിരുന്നല്ലോ. കഴിഞ്ഞ വ്യാഴാഴ്ച്ച ഞാന്‍ ബാങ്കില്‍ പോയിരുന്നു. രണ്ട് പേരക്കുട്ടികളുടെ പിറന്നാളാണ് 25നും 27നും. അവരുടെ ആഭരണങ്ങള്‍ എടുക്കാനാണ് ഞാന്‍ ബാങ്കില്‍ പോയത്. പേരക്കുട്ടികള്‍ക്ക് സമ്മാനം കൊടുക്കുന്നത് ഇത്ര മോശമായ പ്രവൃത്തിയാണോ. എന്താണ് നിങ്ങള്‍ എഴുതിയിരിക്കുന്നത്. ബാങ്കില്‍ പോയി ലോക്കര്‍ തുറന്ന് സാധനം എടുത്ത് പത്ത് മിനിറ്റിനുള്ളില്‍ ഇറങ്ങിയിരുന്നു. ആ സമയത്ത് ക്വാറന്റീന്‍ ഉണ്ടയിരുന്നില്ല. അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തേക്ക് പോകും. 25ന് ശേഷമേ തിരിച്ചു വരികയുള്ളുവെന്നത് കൊണ്ടാണ് ഈ സാധനങ്ങള്‍ എടുക്കാന്‍ പോയത്. ഇല്ലെങ്കില്‍ പോകാറില്ലായിരുന്നു. ഞാന്‍ അവിടുത്തെ ഉദ്യോഗസ്ഥയായിരുന്നു. ഈ വാര്‍ത്ത എഴുതിയ മനോരമക്കാര്‍ക്ക് അമ്മയും പെങ്ങന്‍മാരും അമ്മയും പേരക്കുട്ടികളുമൊന്നും ഇല്ലായിരുന്നോ. അതാണോ ഞാന്‍ മനസിലാക്കേണ്ടത്.

The Cue
www.thecue.in