'മുഖ്യമന്ത്രിയുടെ മകള്‍ക്കും മകനും അഴിമതികളില്‍ പങ്ക്',ലൈഫ് മിഷന്‍ തട്ടിപ്പില്‍ ഒരു ഭാഗം പിണറായിക്കാണ് പോയതെന്നും കെ സുരേന്ദ്രന്‍

'മുഖ്യമന്ത്രിയുടെ മകള്‍ക്കും മകനും അഴിമതികളില്‍ പങ്ക്',ലൈഫ് മിഷന്‍ തട്ടിപ്പില്‍ ഒരു ഭാഗം പിണറായിക്കാണ് പോയതെന്നും കെ സുരേന്ദ്രന്‍

ലൈഫ് മിഷന്‍ തട്ടിപ്പില്‍ ഒരു ഭാഗം മുഖ്യമന്ത്രിയിലേക്കാണ് പോയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ ഇക്കാര്യം ബോധ്യമാകും. മുഖ്യമന്ത്രിയുടെ മകള്‍ക്കും മകനും ഈ അഴിമതികളിലെല്ലാം പങ്കുണ്ട്. ഭരണത്തിന്റെ മറവില്‍ നടക്കുന്ന എല്ലാ തട്ടിപ്പിലും പിണറായി വിജയന്റെ കുടുംബത്തിന് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തില്‍ രാജിവെച്ച് നിഷ്പക്ഷമായ അന്വേഷണം നേരിടണം. അദ്ദേഹം മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം അന്വേഷണം ശരിയായ ദിശയില്‍ നടക്കില്ല. അദ്ദേഹം അന്വേഷണങ്ങളെ തടസപ്പെടുത്തുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

ഇപി ജയരാജന്റെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ച് തിടുക്കത്തില്‍ കണ്ണൂരിലെ കേരള ബാങ്ക് ബ്രാഞ്ചിലെ ലോക്കറുകള്‍ തുറന്ന് സാധനങ്ങള്‍ എടുത്തുകൊണ്ടുപോയതില്‍ വിശദമായ അന്വേഷണം വേണം. തൊണ്ടിമുതല്‍ ഒളിപ്പിക്കാനുള്ള നീക്കമാണിത്‌. ഇപിയുടെ മകന്‍ ലേഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ കമ്മീഷന്‍ വാങ്ങിയതായുള്ള ആരോപണം നിലനില്‍ക്കെയാണ് ഈ സംഭവം പുറത്തുവരുന്നത്. പണമാണോ, സ്വര്‍ണമാണോ, രേഖകളാണോ കടത്തിയെന്ന് ഇ.പി ജയരാജന്‍ വിശദീകരിക്കണം. വിഷയത്തില്‍ കേന്ദ്ര ഏജന്‍സികളും സംസ്ഥാന പൊലീസും അന്വേഷണം നടത്തണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വപ്‌ന സുരേഷിന് ഇടയ്ക്കിടെ നെഞ്ചുവേദന വരുന്നുവെന്ന് പറയുന്നു. ആശുപത്രിയിലെത്തിച്ച് നഴ്‌സുമാരുടെ ഫോണില്‍ സംസാരിക്കാന്‍ അവസരമൊരുക്കുകയാണ്. സ്വപ്‌നയുടെ നെഞ്ചുവേദനയാണോ അതോ മുഖ്യന്ത്രിയുടെ നെഞ്ചുവേദനയാണോ ഇതെന്നും സുരേന്ദ്രന്‍ ചോദിച്ചു. നഴ്‌സുമാരുടെ ടെലിഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ഇഡിക്കെതിരെ തിരിഞ്ഞിരിക്കുന്നത് അന്വേഷണത്തെ തുരംഗം വെയ്ക്കാനാണ്. ഈ സര്‍ക്കാരിന് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. വലിച്ച് താഴെയിടേണ്ട സമയം അതിക്രമിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജലീല്‍ ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയിട്ടുണ്ട്. ചില മതസംഘടനകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ഈ സര്‍ക്കാര്‍ ഇടപെട്ട് വിദേശത്തുനിന്ന് ഫണ്ട് എത്തിച്ചിട്ടുമുണ്ട് .അതിന് പാര്‍ട്ടിക്ക് കമ്മീഷനും കിട്ടിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ നിന്ന് ഫയലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in