വര്‍ഷകാല സമ്മേളനത്തിനെത്തിയ 24 എംപിമാര്‍ക്ക് കൊവിഡ് 19
-
Around us

വര്‍ഷകാല സമ്മേളനത്തിനെത്തിയ 24 എംപിമാര്‍ക്ക് കൊവിഡ് 19

THE CUE

THE CUE

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം നടത്തിയ പരിശോധനയില്‍ 24 എംപിമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി സുരേഷ് അംഗാഡി, ബിജെപി നേതാക്കളായ മീനാക്ഷി ലേഖി, അനന്ത് കുമാര്‍ ഹെഗ്‌ഡെ, പര്‍വേശ് സാഹിബ് സിംഗ്, റീത്ത ബഹുഗുണ ജോഷി, കൗശല്‍ കിഷോര്‍ അടക്കം 24 ലോക്‌സഭാംഗങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി അംഗങ്ങളെ നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ആദ്യദ്യദിനം രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും ബിജെപി അംഗങ്ങളാണ്. ശിവസേന, ഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ആര്‍എല്‍ഡി അംഗങ്ങളും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടും. കൊവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ പാര്‍ട്ടി ഭേദമന്യേ നിരവധി മുതിര്‍ന്ന അംഗങ്ങള്‍ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. 200 എംപിമാര്‍ മാത്രമേ ലോക്‌സഭാ ചേംബറില്‍ ഉണ്ടായിരുന്നുള്ളൂ. 30 പേര്‍ സന്ദര്‍ശക ഗാലറിയിലായിരുന്നു.

അംഗങ്ങളുടെ ബെഞ്ചിന് മുകളില്‍ പ്ലാസ്റ്റിക് ഷീല്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്. ആറുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ മൂന്നുപേരെ മാത്രമേ അനുവദിക്കുന്നുള്ളൂ. രാവിലെ ലോക്‌സഭാ സമ്മേളനവും ഉച്ചയ്ക്ക് ശേഷം രാജ്യസഭാ സമ്മേളനവും എന്ന നിലയിലായിരുന്നു ആദ്യ ദിനം. നേരെ തിരിച്ചാണ് തുടര്‍ന്നുള്ള ദിവസങ്ങളിലെ ക്രമീകരണം.

The Cue
www.thecue.in