'പൗരത്വനിയമത്തിനെതിരായ പ്രതിഷേധം കലാപക്കേസായതെങ്ങനെ'; വളഞ്ഞവഴിയിലൂടെ കുടുക്കാനുള്ള ശ്രമമെന്ന് സീതാറാം യെച്ചൂരി
Around us

'പൗരത്വനിയമത്തിനെതിരായ പ്രതിഷേധം കലാപക്കേസായതെങ്ങനെ'; വളഞ്ഞവഴിയിലൂടെ കുടുക്കാനുള്ള ശ്രമമെന്ന് സീതാറാം യെച്ചൂരി

By THE CUE

Published on :

ഡല്‍ഹി കലാപക്കേസിന്റെ കുറ്റപത്രത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് വളഞ്ഞ വഴിയിലൂടെ കുടുക്കാനുള്ള ശ്രമമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ പകപോക്കലാണ് തനിക്കെതിരെ നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം എങ്ങനെയാണ് കലാപക്കേസായി മാറിയതെന്നും യെച്ചൂരി ചോദിച്ചു. വിഷയത്തില്‍ ഡല്‍ഹി പൊലീസിന്റെ വിശദീകരണം തൃപ്തികരമല്ല. പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. പ്രതിഷേധങ്ങളെ കലാപവുമായി കൂട്ടിച്ചേര്‍ക്കുന്നതെങ്ങനെയെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കണം. ഇത് കരുതിക്കൂട്ടി തയ്യാറാക്കിയതാണ്. താനുള്‍പ്പെടെയുള്ളവരെ വേട്ടയാടാനും കുടുക്കാനുമുള്ള ശ്രമമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയന്തി ഘോഷ്, ആക്ടിവിസ്റ്റ് അപൂര്‍വാനന്ദ തുടങ്ങിയവരെ ഡല്‍ഹി കലാപക്കേസിന്റെ ഗൂഢാലോചനാകുറ്റത്തില്‍ പ്രതിചേര്‍ത്തെന്ന വാര്‍ത്ത നേരത്തേ ഡല്‍ഹി പൊലീസ് നിഷേധിച്ചിരുന്നു. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കുന്നതെന്നും ഇവരെ പ്രതിചേര്‍ത്തിട്ടില്ലെന്നുമായിരുന്നു വിശദീകരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ കുറ്റപത്രത്തില്‍ തങ്ങളുടെ പേരുകള്‍ വന്നതില്‍ ഡല്‍ഹി പൊലീസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സീതാറാം യെച്ചൂരി. പൗരത്വ നിയമ ഭേദഗതി പോലുള്ളവയെ ഇനിയും ശക്തമായി എതിര്‍ക്കുമെന്നുമായിരുന്നു സീതാറാം യെച്ചൂരിയുടെ ആദ്യപ്രതികരണം. മോദി സര്‍ക്കാരിന് ചോദ്യങ്ങളെ ഭയമാണ്. പൗരത്വ നിയമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം ഇല്ലാതാക്കാനുള്ള ശ്രമമാണ് പുതിയ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും യെച്ചൂരി വിശദീകരിച്ചിരുന്നു.

The Cue
www.thecue.in