ഔദ്യോഗിക കാര്‍ അരൂരില്‍ വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തി ; കെ.ടി ജലീല്‍ ചോദ്യം ചെയ്യലിന് എത്തിയത് സ്വകാര്യ വാഹനത്തില്‍
Around us

ഔദ്യോഗിക കാര്‍ അരൂരില്‍ വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തി ; കെ.ടി ജലീല്‍ ചോദ്യം ചെയ്യലിന് എത്തിയത് സ്വകാര്യ വാഹനത്തില്‍

By THE CUE

Published on :

ഔദ്യോഗിക വാഹനം അരൂരിലെ വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടശേഷം, സ്വകാര്യ വാഹനത്തിലാണ് മന്ത്രി കെടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ മന്ത്രിയെ ചോദ്യം ചെയ്‌തെന്നാണ് വിവരം. മൊഴിയെടുക്കലിന് ശേഷം അദ്ദേഹം മലപ്പുറത്തേക്ക് മടങ്ങി. .

പ്രാഥമിക ഘട്ട ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും ആവശ്യമെങ്കില്‍ ഇനിയും വിളിപ്പിക്കുമെന്നുമാണ് അറിയുന്നത്. യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നയതന്ത്ര മാര്‍ഗത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത്, റംസാന്‍ കിറ്റുകള്‍ സ്വീകരിക്കാനുണ്ടായ സാഹചര്യം എന്നീ കാര്യങ്ങളെക്കുറിച്ചാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ മന്ത്രിയോട് ആരാഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.

മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ മന്ത്രിയെ ഇനിയും വിളിച്ചുവരുത്തുമെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. അനുമതിയില്ലാതെ വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയത്തില്‍ നിന്ന് ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്നാണ് ചട്ടം. അത്തരത്തില്‍ മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റും മന്ത്രി കോണ്‍സുലേറ്റില്‍ നിന്ന് സ്വീകരിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

The Cue
www.thecue.in