നവമാധ്യമങ്ങളിലൂടെയുള്ള 'പിആര്‍' ഫലപ്രദമാകുന്നില്ല, ദേശീയ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍
Around us

നവമാധ്യമങ്ങളിലൂടെയുള്ള 'പിആര്‍' ഫലപ്രദമാകുന്നില്ല, ദേശീയ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍

By THE CUE

Published on :

നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണം ഫലവത്താകുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, പദ്ധതികളുടെ പ്രചരണത്തിന് ദേശീയ ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ദേശീയ ഏജന്‍സിയെ കണ്ടെത്താനായി സര്‍ക്കാര്‍ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ രണ്ട് ദിവസം മുന്‍പ് ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് നടപടി. നിലവില്‍ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ വകുപ്പിന് നവമാധ്യമ പ്രചരണങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ സാധ്യമാകുന്നില്ലെന്നാണ് യോഗം വിലയിരുത്തിയത്.

നിലവിലെ പ്രവര്‍ത്തനങ്ങള്‍ ഫലവത്താകുന്നില്ലെന്ന്‌ യോഗത്തില്‍ വിലയിരുത്തലുണ്ടായതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വലിയ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുന്ന ദേശീയ തലത്തിലുള്ള വന്‍കിട സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചത്. പബ്ലിക് റിലേഷന്‍സ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ഇതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. അത്തരമൊരു സര്‍ക്കാര്‍ സംവിധാനം ഉണ്ടെന്നിരിക്കെയാണ് വന്‍കിട സ്വകാര്യ ഏജന്‍സിയെ തേടുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെയാണ് ധൂര്‍ത്തിന് കളമൊരുക്കുന്ന നടപടി.

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്ന ആക്ഷേപത്തിനും ഇടയുണ്ട്. സര്‍ക്കാരിന്റെ പിആര്‍ പ്രവര്‍ത്തനത്തനങ്ങള്‍ക്കെതിരെ പ്രതിപക്ഷം നേരത്തേ മുതല്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. പിആറിനായി സ്വകാര്യ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും ഖജനാവില്‍ നിന്ന് വന്‍തോതില്‍ പണം ചെലവഴിക്കുന്നുവെന്നും പ്രതിപക്ഷം ആക്ഷേപമുയര്‍ത്തിയിരുന്നു.

The Cue
www.thecue.in