ബെഡ്ഡുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ ഡോക്ടറുടെ അറസ്റ്റിനും സസ്‌പെന്‍ഷനും ഉത്തരവിട്ട് ഗുണ്ടൂര്‍ കളക്ടര്‍
Around us

ബെഡ്ഡുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ ഡോക്ടറുടെ അറസ്റ്റിനും സസ്‌പെന്‍ഷനും ഉത്തരവിട്ട് ഗുണ്ടൂര്‍ കളക്ടര്‍

THE CUE

THE CUE

കൊവിഡ് 19 അവലോകന യോഗത്തിനിടെ ബെഡ്ഡുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ ഡോക്ടറുടെ അറസ്റ്റിനും സസ്‌പെന്‍ഷനും ഉത്തരവിട്ട് കളക്ടറുടെ ക്രൂരത. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം. ഡോ. സോംലു നായികിനെ അറസ്റ്റ് ചെയ്യാന്‍ ഗുണ്ടൂര്‍ കളക്ടര്‍ സാമുവല്‍ ആനന്ദ് കുമാറാണ് ഉത്തരവിട്ടത്. നന്ദേണ്ട്‌ല പ്രൈമറി ഹെല്‍ത്ത്‌കെയര്‍ സെന്ററിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസറാണ് ഡോ. സോംലു. നാര്‍സറാവോപേട്ട് ടൗണ്‍ ഹാളില്‍ വ്യാഴാഴ്ച നടന്ന കൊവിഡ് അവലോകനയോഗത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങളെന്ന് ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

യോഗത്തില്‍ പങ്കെടുത്ത ഒരു മുതിര്‍ന്ന ഡോക്ടര്‍ സംഭവം വിവരിക്കുന്നതിങ്ങനെ. കൊവിഡ് വ്യാപിക്കുമ്പോള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ബെഡ്ഡുകളുടെ അപര്യാപ്തത സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയതായിരുന്നു ഡോ. സോംലു. എന്നാല്‍ അത് ശരിയല്ലെന്ന് സമര്‍ത്ഥിക്കാനായിരുന്നു കളക്ടറുടെ ശ്രമം. കൊവിഡ് പ്രതിരോധത്തില്‍ താഴേത്തട്ടില്‍ ഡോക്ടര്‍മാര്‍ അശ്രാന്ത പരിശ്രമം നടത്തിയിട്ടും അംഗീകരിക്കപ്പെടുന്നില്ലെന്ന കാര്യവും ഡോ, സോംലു ചൂണ്ടിക്കാട്ടി. എന്നാല്‍ എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് ഇയാള്‍ പറയുന്നത്. എവിടത്തുകാരനാണ് ഈ ഡോക്ടര്‍. അദ്ദേഹത്തെ ഉടന്‍ ഇവിടുന്ന് മാറ്റി അറസ്റ്റ് ചെയ്യണമെന്നായിരുന്നു കയര്‍ത്തുകൊണ്ടുള്ള കളക്ടറുടെ പ്രതികരണം.

എന്ത് ധൈര്യത്തിലാണയാള്‍ എന്നോട് ഇങ്ങനെയൊക്കെ ചോദിക്കുന്നത്. ദുരന്തനിവാരണ വകുപ്പുകള്‍ ചുമത്തി അയാളെ അറസ്റ്റ് ചെയ്യൂവെന്നും കളക്ടര്‍ പറയുന്നു. ഇതോടെ ഡോക്ടര്‍ ഫയലുകളുമെടുത്ത് ഓഡിറ്റോറിയം വിട്ടു. എന്നാല്‍ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പി അദ്ദേഹത്തെ സ്റ്റഷനിലെത്തിക്കുകയും പിന്നീട് വിടുകയുമായിരുന്നു. ഡോക്ടര്‍ പുറത്തുപോയിട്ടും അരിശം തീരാതരുന്ന കളക്ടര്‍ സോംലുവിനെ സസ്‌പെന്റ് ചെയ്യാന്‍ വേദിയിലുണ്ടായിരുന്ന ഡിഎംഒയോടും നിര്‍ദേശിച്ചു. അതേസമയം ഇതുവരെ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയുണ്ടായിട്ടില്ലെന്ന് ഡിഎംഒ. ഡോ. യാസ്മിന്‍ പിന്നീട് ദ ന്യൂസ്മിനിട്ടിനോട് വ്യക്തമാക്കി. അതുസംബന്ധിച്ച് രേഖാമൂലമുള്ള നിര്‍ദേശമൊന്നും കളക്ടറില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് പ്രതിരോധത്തില്‍ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുന്ന ക്രൂരതയാണ് ജഗന്‍മോഹന്‍ റെഡ്ഡി ഭരണത്തില്‍ അരങ്ങേറുന്നതെന്ന് ടിഡിപി എംഎല്‍സി നരലോകേഷ് ട്വീറ്റ് ചെയ്തു. അതേസമയം അറസ്റ്റ് ചെയ്യാനും സസ്‌പെന്‍ഡ് ചെയ്യാനുമുള്ള നിര്‍ദേശം പിന്‍വലിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് ആന്ധ്രപ്രദേശ് ഗവണ്‍മെന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.ഗുണ്ടൂരില്‍ ഇതുവര 7803 പേര്‍ക്കാണ് രോഗബാധ. 446 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

The Cue
www.thecue.in