'മുഖ്യമന്ത്രിയുടെ ഓഫീസ് എന്‍ഐഎ അന്വേഷണപരിധിയിലായത് അലന്റെയും താഹയുടെയും കുടുംബത്തിന്റെ കണ്ണീരിന്റെ ഫലം'; എംകെ മുനീര്‍

'മുഖ്യമന്ത്രിയുടെ ഓഫീസ് എന്‍ഐഎ അന്വേഷണപരിധിയിലായത് അലന്റെയും താഹയുടെയും കുടുംബത്തിന്റെ കണ്ണീരിന്റെ ഫലം'; എംകെ മുനീര്‍

മുഖ്യമന്ത്രിയുടെ ഓഫീസ് എന്‍ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണ പരിധിയിലായത്, അലന്റെയും താഹയുടെയും കുടുംബത്തിന്റെ കണ്ണീരിന്റെ ഫലമെന്ന് എംകെ മുനീര്‍. കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുവരെയും തടവിലിട്ടതെന്നും, ഇവരുടെ പേരിലുള്ള ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എംകെ മുനീര്‍ പറയുന്നു.

യുഎപിഎ ചുമത്തി ഒരു വര്‍ഷത്തിനടുത്ത് തടവിലിട്ടത് സമ്പൂര്‍ണമായും കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നുള്ള രണ്ട് ചെറുപ്പക്കാരെയാണ്. യുഎപിഎ ചുമത്തുന്നത് സിപിഎം നയമല്ലെന്ന് പറയുന്ന എംഎ ബേബി, കേരളം ഭരിക്കുന്നവര്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ നയങ്ങളാണെന്നാണ് പറയാതെ പറയുന്നതെന്നും മുനീര്‍ ആരോപിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

'അവസാനം അലനും താഹയ്ക്കും ജാമ്യം ലഭിച്ചിരിക്കുന്നു. ആള്‍ ഇന്ത്യാ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ യുഎപിഎ ചുമത്തി ഒരു വര്‍ഷത്തിനടുത്ത് തടവിലിട്ടത് സമ്പൂര്‍ണ്ണമായും കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നുള്ള രണ്ട് ചെറുപ്പക്കാരെയാണ്.

മനുഷ്യാവകാശങ്ങളെ കുറിച്ച് ഇത്രമേല്‍ അജ്ഞനായ ശ്രീ പിണറായി വിജയന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയില്‍ വരെ എത്തിയത് അതിശയോക്തി നല്‍കുന്നു. വിദ്യാര്‍ത്ഥികളായ ഈ കുട്ടികളുടെ പേരില്‍ കേരള പൊലിസും ആഭ്യന്തര വകുപ്പും ഉയര്‍ത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. എന്നാല്‍ എന്തെങ്കിലും നിയമവിരുദ്ധ ക്രിമിനല്‍ പ്രവര്‍ത്തനം അവര്‍ നടത്തിയതായി റിപ്പോര്‍ട്ടുമില്ല. പ്രോസിക്യൂഷന് അങ്ങനെ തെളിയിക്കാന്‍ സാധിച്ചിട്ടുമില്ല.

കഴിഞ്ഞ കാലങ്ങളില്‍ ഈ കുട്ടികളുടെ കുടുംബം അനുഭവിച്ച വ്യഥയുടെയും കണ്ണുനീരിന്റെയും ഫലമാകാം അതേ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും യുഎപിഎ ചുമത്തി മുഖ്യമന്ത്രിയുടെ ഓഫിസിനെ വരെ അന്വേഷണ പരിധിയിലുള്‍പ്പെടുത്തിയത്.

യുഎപിഎ ചുമത്തുന്നത് സിപിഎം നയമല്ലെന്ന് പറയുന്ന എംഎ ബേബി, അപ്പോള്‍ കേരളം ഭരിക്കുന്നവര്‍ നടപ്പാക്കുന്നത് സംഘ്പരിവാര്‍ നയങ്ങളാണെന്ന് കൂടെ പറയാതെ പറഞ്ഞിരിക്കുകയാണ്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in