'മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തരുത്', തരൂരിന്റെ പരാതിയില്‍ അര്‍ണബിനോട് ഡല്‍ഹി ഹൈക്കോടതി
Around us

'മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തരുത്', തരൂരിന്റെ പരാതിയില്‍ അര്‍ണബിനോട് ഡല്‍ഹി ഹൈക്കോടതി

THE CUE

THE CUE

ശശി തരൂരിന്റെ പരാതിയില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ റിപ്പബ്ലിക് ടിവി നടത്തുന്ന വ്യക്തിഹത്യാ പ്രചരണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു തരൂര്‍ കോടതിയെ സമീപിച്ചത്. മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തരുതെന്നും, ഇത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഒരു കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണം. അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ആരെയങ്കിലും കുറ്റവാളിയെന്ന് മുദ്രകുത്താന്‍ പാടില്ല. സ്ഥിരീകരിക്കാന്‍ കഴിയാത്ത അവകാശവാദങ്ങള്‍ ഉയര്‍ത്തരുതെന്നും ഡല്‍ഹി ഹൈക്കോടതി ജഡ്ജി മുക്ത ഗുപ്ത വ്യക്തമാക്കി. തെളിവുകളുടെ പവിത്രതയും ക്രിമിനല്‍ വിചാരണയും മാനിക്കപ്പെടണമെന്നും കോടതി പറഞ്ഞു.

തരൂരിന്റെ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ അര്‍ണാബ് ഗോസ്വാമിക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. സുനന്ദ പുഷ്‌കര്‍ കേസുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ അവസാനിപ്പിക്കണമെന്നും കോടതി അര്‍ണബിനോട് നിര്‍ദേശിച്ചു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കൊലക്കുറ്റം ആര്‍ക്കെതിരെയും ചുമത്തിയിട്ടില്ലെന്ന് തരൂരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു. 2017 ഡിസംബര്‍ ഒന്നിന് മാധ്യമവിചാരണ അവസാനിപ്പിക്കണമെന്ന് കോടതി അര്‍ണബിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും, അദ്ദേഹം അത് തുടരുകയായിരുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അന്വേഷണത്തിലിരിക്കുന്ന ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോടതി അര്‍ണബിനോട് പറഞ്ഞു. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

The Cue
www.thecue.in