'ഒറ്റുകാരുടെ സര്‍ട്ടിഫിക്കറ്റ് സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് വേണ്ട', സംഘപരിവാറിന് കേരളത്തോട് കുടിപ്പകയെന്ന് തോമസ് ഐസക്

'ഒറ്റുകാരുടെ സര്‍ട്ടിഫിക്കറ്റ് സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് വേണ്ട', സംഘപരിവാറിന് കേരളത്തോട് കുടിപ്പകയെന്ന് തോമസ് ഐസക്

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് പുന്നപ്ര വയലാര്‍, കരിവെള്ളൂര്‍, കാവുംബായി രക്തസാക്ഷികളുടെ പേരുകള്‍ വെട്ടാനുള്ള നീക്കത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പേരുകള്‍ക്ക് പുറമെ വാഗണ്‍ ട്രാജഡി ഇരകളുടെ പേരുകളും സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടെ പേരുകളും ഒഴിവാക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസറ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.

മലബാര്‍ കലാപത്തിനും വാഗണ്‍ ട്രാജഡിയ്ക്കും സ്വാതന്ത്ര്യസമരവുമായി ബന്ധമില്ലെന്ന് വിധിയെഴുതാന്‍ ബ്രിട്ടീഷുകാരുടെ ഏറാന്‍മൂളികളായി നടന്നവര്‍ക്കേ കഴിയൂ എന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക് പറയുന്നു. നാടിന്റെ സ്വാതന്ത്ര്യപോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ ധീരരക്തസാക്ഷികളുടെ ഓര്‍മ്മകള്‍ ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഈ കുടിലത ആരും അംഗീകരിക്കാന്‍ പോകുന്നില്ല. കേരളത്തിലെ സംഘികളാണ് അതിനു പിന്നില്‍. ഒറ്റുകാരുടെ സര്‍ട്ടിഫിക്കറ്റ് ഒരു സ്വാതന്ത്ര്യസമരസേനാനിയ്ക്കും ആവശ്യമില്ലെന്നും പോസ്റ്റില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാരുടെ മാപ്പുസാക്ഷികളായവര്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടിക പുറത്തിറക്കാന്‍ പോകുന്നത്രേ. ചിരിക്കാതെന്തു ചെയ്യും? മലബാര്‍ കലാപത്തിനും വാഗണ്‍ ട്രാജഡിയ്ക്കും സ്വാതന്ത്ര്യസമരവുമായി ബന്ധമില്ലെന്ന് വിധിയെഴുതാന്‍ ബ്രിട്ടീഷുകാരുടെ ഏറാന്‍മൂളികളായി നടന്നവര്‍ക്കേ കഴിയൂ.

സ്വാഭാവികമായും പുന്നപ്ര വയലാറും കാവുമ്പായി കരിവെള്ളൂര്‍ കലാപങ്ങളുമൊന്നും അവര്‍ക്കു ദഹിക്കുകയുമില്ല. ജന്മിത്തമ്പുരാന്മാരുടെ കിങ്കരപ്പടയുടെ പേരാണല്ലോ ആര്‍എസ്എസ്? അടിമത്തത്തിനും ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരെ നടക്കുന്ന ജനകീയസമരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യബോധം യജമാനകിങ്കരന്മാരുടെ തലച്ചോറുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാകും. സ്വാഭാവികമാണ്.

നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ കേരളത്തിനും കേരളീയര്‍ക്കും സുപ്രധാന സ്ഥാനമുണ്ട്. ബ്രിട്ടീഷുകാര്‍ക്കും അവരെ പിന്തുണച്ച നാടന്‍ സായിപ്പുമാര്‍ക്കുമെതിരെ നടന്ന ഉജ്വലമായ സമരങ്ങളുടെ ചരിത്രം കേരളത്തിലുമുണ്ട്. എന്നാല്‍, അതിലെവിടെയെങ്കിലും ഒരു ആര്‍എസ്എസുകാരന്റെ പേരു മഷിയിട്ടു നോക്കിയാല്‍പ്പോലും കാണാനാവില്ല. ഇന്നും തുടരുന്ന രാജഭക്തിയും സാമ്രാജ്യത്വദാസ്യവും അവരുടെ ചരിത്രപാരമ്പര്യത്തെ തൊലിയുരിച്ചു നിര്‍ത്തുന്നുണ്ടുതാനും.

പുന്നപ്രവയലാര്‍, കയ്യൂര്‍, കാവുംബായി, കരിവെള്ളൂര്‍ തുടങ്ങിയ സമരങ്ങളെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിന്ന് പടിയിറക്കാന്‍ വെമ്പല്‍ പൂണ്ടു നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒറ്റുകാരുടെ സര്‍ട്ടിഫിക്കറ്റ് ഒരു സ്വാതന്ത്ര്യസമരസേനാനിയ്ക്കും ആവശ്യമില്ല. രാഷ്ട്രപിതാവിന്റെ നെഞ്ചിലേയ്ക്ക് നിറയൊഴിച്ച തോക്കു പിടിച്ച കൈകള്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇടപെടുന്നതു തന്നെ ഇത്തരം അഭ്യാസങ്ങള്‍ കാണിക്കാനാണല്ലോ. പക്ഷേ, നിങ്ങളെഴുതുന്ന ചരിത്രത്തിന് ഇന്ത്യയിലെ ചവറ്റുകുട്ടയില്‍പ്പോലും സ്ഥാനമില്ല എന്നോര്‍ക്കുക.

നാടിന്റെ സ്വാതന്ത്ര്യപോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ ധീരരക്തസാക്ഷികളുടെ ഓര്‍മ്മകള്‍ ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഈ കുടിലത ആരും അംഗീകരിക്കാന്‍ പോകുന്നില്ല. കേരളത്തിലെ സംഘികളാണ് അതിനു പിന്നില്‍. വഞ്ചനയുടെയും ചതിയുടെയും ഒറ്റിന്റെയും കുതികാല്‍വെട്ടിന്റെയും പഴയ പാരമ്പര്യം അവരുടെ പുതിയ നേതാക്കളും തുടരുന്നു എന്നാണ് ഇത്തരത്തില്‍ ചരിത്രം തിരുത്താനുള്ള നീക്കം തെളിയിക്കുന്നത്.

കേന്ദ്രഭരണാധികാരത്തിന്റെ പിന്‍ബലത്തില്‍ ഐസിഎച്ച്ആറില്‍ പാര്‍ശ്വവര്‍ത്തികളെയും ആജ്ഞാനുവര്‍ത്തികളെയും കുത്തിനിറച്ചാല്‍ ഇതുപോലെ പലതും ചെയ്യാം. പക്ഷേ, അതൊന്നും ചരിത്രമാവുകയില്ല. ആര്‍എസ്എസിന്റെയും സംഘികളുടെയും ചരിത്രവ്യാഖ്യാനമേ ആകൂ. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരുപങ്കുമില്ലാത്ത സവര്‍ക്കറെപ്പോലുള്ളവരെ പുതിയ കുപ്പായത്തില്‍ അവതരിപ്പിച്ചവര്‍ അധികം വൈകാതെ നാഥുറാം ഗോഡ്‌സെയെയും അതേ കുപ്പായത്തില്‍ അവതരിപ്പിക്കും.

കേരളത്തിലെ രക്തസാക്ഷികളുടെ 632 പേജുള്ള ഡയറക്ടറി കേരള സര്‍ക്കാരിനുവേണ്ടി കരുണാകരന്‍ നായര്‍ എഡിറ്ററായ കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുന്നപ്ര വയലാറും മലബാര്‍ കലാപവുമൊക്കെ അതിലുണ്ട്. ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആ ഡയറക്ടറി വിപുലീകരിക്കും.

ചരിത്രം ഇതുപോലെ അട്ടിമറിക്കുമ്പോള്‍ പ്രാദേശികമായി ഇത്തരം പട്ടികകള്‍ തയ്യാറാക്കുക എന്ന സമരമാര്‍ഗം കൂടി സ്വീകരിക്കേണ്ടി വരും. അതാണ് ഇവര്‍ക്കുള്ള മറുപടി. അതുകൊണ്ടാണ് ആലപ്പുഴ മ്യൂസിയത്തിന്റെ ഭാഗമായി പുന്നപ്ര വയലാര്‍ സമരസേനാനികളുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. അടുത്ത പുന്നപ്ര വയലാര്‍ ദിനത്തില്‍ അത് പ്രസിദ്ധീകരിക്കും.

അതുകൊണ്ട് ഏതെങ്കിലും സമരത്തെയോ സമരസേനാനിമാരെയോ സംഘപരിവാറിന്റെ കുഴലൂത്തുകാരായ ചരിത്രകാരന്മാര്‍ അവഗണിച്ചെന്നുവെച്ച് ജനങ്ങളുടെയും നാടിന്റെ ചരിത്രത്തിന്റെയും ഹൃദയത്തില്‍ നിന്ന് ആരും പടിയിറങ്ങാന്‍ പോകുന്നില്ല. ആ വ്യാമോഹമൊന്നും സംഘപരിവാറിനു വേണ്ട.

Related Stories

No stories found.
logo
The Cue
www.thecue.in