'ഹിന്ദുവിന്റെ പേര് ദുരുപയോഗം ചെയ്യരുത്, വര്‍ഗീയവിഷം പരത്തുന്ന ചിദാനന്ദപുരിയായാലും സുരേന്ദ്രന്‍ ആയാലും'; ഹരീഷ് വാസുദേവന്‍

'ഹിന്ദുവിന്റെ പേര് ദുരുപയോഗം ചെയ്യരുത്, വര്‍ഗീയവിഷം പരത്തുന്ന ചിദാനന്ദപുരിയായാലും സുരേന്ദ്രന്‍ ആയാലും'; ഹരീഷ് വാസുദേവന്‍

ഓണസന്ദേശത്തില്‍ വാമനനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പ്രധാനാധ്യപികയെ കൊണ്ട് മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി അഡ്വ ഹരീഷ് വാസുദേവന്‍. രാഷ്ട്രീയം കളിക്കാന്‍ ഹിന്ദുവിന്റെ പേര് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് വാസുദേവന്‍ പറയുന്നു.

ചവിട്ടി താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം എന്നു പറഞ്ഞ സിസ്റ്ററിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ പൊലീസുകാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ കെല്‍പ്പില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് സംഘികളെ ഏല്‍പ്പിക്കുന്നതാണ് ഉചിതമെന്നും ഹരീഷ് വാസുദേവന്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'വാമനന്‍ ഒന്നാം നമ്പര്‍ ചതിയനാണ്. മഹാവിഷ്ണുവിന്റെ അവതാരമാണെങ്കിലും ദാനധര്‍മ്മിഷ്ഠനായ മഹാബലിയോട് ഒന്നാംതരം ചതിയാണ് വാമനന്‍ കാണിച്ചത്. വേഷംമാറി വന്നു മൂന്നടി ദാനം ചോദിച്ചിട്ട് ചവിട്ടി താഴ്ത്തി. എന്നിട്ടതിനു ന്യായീകരണമായി ഓരോരോ കഥയുണ്ടാക്കുകയല്ലേ? മഹാബലിയെ ചതിച്ചാണ് വാമനന്‍ പാതാളത്തിലേക്ക് പറഞ്ഞയച്ചത്. ചതിക്കുന്നവനെ ചതിയനെന്ന് വിളിച്ചാല്‍ എന്താണ് കുഴപ്പം?

സത്യം സത്യമായി അംഗീകരിക്കാന്‍ വിശ്വാസികള്‍ക്ക് എന്താണ് മടി? കൃഷ്ണഭക്തരായ ലക്ഷക്കണക്കിന് പേര് സ്‌നേഹപൂര്‍വം കള്ളക്കണ്ണന്‍ എന്നാണ് കൃഷ്ണനെ വിളിക്കുന്നത്. അതിനര്‍ത്ഥം ഭക്തി ഇല്ലാതായെന്നു ആണോ? പന്നിയെ കറിവെച്ചു തിന്നുന്ന ഹിന്ദുക്കളെ ഇനി വരാഹ അവതാരത്തിന്റെ പേരും പറഞ്ഞു ഈ മൂരാച്ചി സ്വാമി ഹിന്ദുവിരുദ്ധര്‍ ആക്കുമോ? മത്സ്യം തിന്നാന്‍ പാടില്ലെന്ന് തിട്ടൂരം ഇറക്കുമോ? പുരാണ വ്യാഖ്യാനത്തിന്റെ പേറ്റന്റ് എന്നു മുതലാണ് സംഘപരിവാറിനും കുഴലൂത്ത് സ്വാമിമാര്‍ക്കും പതിച്ചു കിട്ടിയത്?

സത്യം പറഞ്ഞാല്‍ ഏത് ഹിന്ദുവിന്റെ വികാരമാണ് വ്രണപ്പെടുന്നത് എന്നു ഒന്നു അറിയണമല്ലോ. അങ്ങനെ പൊട്ടിയൊലിക്കുന്ന വികാരങ്ങളൊക്കെ പൊട്ടിയൊലിക്കട്ടെ. ഞാനും ഹിന്ദുവാണ്. ഈശ്വരവിശ്വാസിയായ ഹിന്ദു. ഒരു കള്ളസ്വാമിയെയും ഹിന്ദുവിന്റെ വക്താവായി ഞാന്‍ അംഗീകരിച്ചിട്ടില്ല. സംഘപരിവാറിന് കുഴലൂതുന്ന, വര്‍ഗ്ഗീയ വിഷം പരത്തുന്ന ചിദാനന്ദപുരിയായാലും BJP യുടെ സുരേന്ദ്രന്‍ ആയാലും രാഷ്ട്രീയം കളിക്കാന്‍ ഹിന്ദുവിന്റെ പേര് ദുരൂപയോഗിക്കുന്നത് അവസാനിപ്പിക്കണം.

ഹിന്ദുവിന്റെ പേരും പറഞ്ഞു അധികാരത്തിലേറി ഈ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തച്ചു തകര്‍ത്ത കേന്ദ്രസര്‍ക്കാറിനെതിരായ എല്ലാ മതക്കാരുടെയും രോഷം ചര്‍ച്ചായാവാതിരിക്കാന്‍, ഓരോരോ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഇവര്‍. അത് മനുഷ്യര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

'ചവിട്ടി താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം' എന്നു പറഞ്ഞ സിസ്റ്ററിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ പോലീസുകാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ കെല്‍പ്പില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് സംഘികളേ ഏല്‍പിക്കുന്നതാണ് ഉചിതം.'

Related Stories

No stories found.
logo
The Cue
www.thecue.in