'എന്റെ സ്റ്റാഫിൽ ആരെങ്കിലും ശബ്ദം തൊണ്ടയിൽ കുരുങ്ങി അവശനിലയിലായോ?', മാതൃഭൂമിക്കെതിരെ തോമസ് ഐസക്ക്

'എന്റെ സ്റ്റാഫിൽ ആരെങ്കിലും ശബ്ദം തൊണ്ടയിൽ കുരുങ്ങി അവശനിലയിലായോ?', മാതൃഭൂമിക്കെതിരെ തോമസ് ഐസക്ക്

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷിന്റെ മൊഴി ചേര്‍ന്നതില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ സ്റ്റാഫില്‍ നിന്ന് കസ്റ്റംസ് വിവരങ്ങള്‍ തേടിയെന്ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൊഴിക്കുരുക്കില്‍ ധനമന്ത്രിയുടെ സ്റ്റാഫ് എന്ന തലക്കെട്ടിലായിരുന്നു മാതൃഭൂമി വാര്‍ത്ത. സ്റ്റാഫിന്റെ കഴുത്തിലിട്ട കുരുക്ക് ദയവായി പത്രാധിപര്‍ അഴിച്ചുതരണമെന്ന് തോമസ് ഐസക്കിന്റെ പരിഹാസം. അനാവശ്യ വിവാദങ്ങളോടും വേണം സുരക്ഷിത അകലം എന്ന തലക്കെട്ടില്‍ 2020 ജൂണ്‍ 27ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഒരിക്കല്‍ക്കൂടി വായിക്കണം എന്ന് മാതൃഭൂമി ലേഖകരോട് ഒരു അപേക്ഷയുണ്ട്. അതില്‍ ഇങ്ങനെയൊരു വാചകമുണ്ട്. ''പ്രശ്നങ്ങളുടെ കുരുക്കഴിക്കലാണ് സമൂഹത്തിനു വേണ്ടത്; കുരുക്ക് മുറുക്കലല്ല''.

ഇമ്മാതിരി വാര്‍ത്തയൊക്കെ എഴുതി ആരെ ഭയപ്പെടുത്താമെന്നാണ് മാതൃഭൂമിയും ഈ വാര്‍ത്തയുടെ ഉറവിടവും വിചാരിച്ചുവെച്ചിരിക്കുന്നത്? കേരളത്തിലെ ഏതാണ്ടെല്ലാ പത്രങ്ങളിലും ചാനലും ആഘോഷിച്ച മൊഴിയാണ്. മാതൃഭൂമി ചാനലിന്റെയും പത്രത്തിന്റെയും പക്കല്‍ ഈ മൊഴിയില്ലേ. ചാനല്‍ അതു കാണിച്ചിട്ടില്ലേ. മാതൃഭൂമിക്ക് ഈ മൊഴിപ്പകര്‍പ്പ് തന്നത് എന്റെ സ്റ്റാഫാണോ.. എന്തൊക്കെ അസംബന്ധങ്ങളാണ് വാര്‍ത്തയെന്ന പേരില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്?

തോമസ് ഐസക്ക് മാതൃഭൂമിക്കെതിരെ

ഒന്നാം പേജിൽ ഇന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച നാലുകോളം വാർത്ത വായിച്ച് ഞാൻ ഭയന്നു വിറച്ചുപോയി എന്നു പറയുമ്പോൾ സത്യമായും അവിശ്വസിക്കരുത്. ഞെട്ടൽ ഇതുവരെ മാറിയിട്ടുമില്ല. മൊഴിക്കുരുക്കിൽ ധനമന്ത്രിയുടെ സ്റ്റാഫ് എന്നാണ് തലക്കെട്ട്. എന്റെ സ്റ്റാഫിൽ ആരെങ്കിലും ശബ്ദം തൊണ്ടയിൽ കുരുങ്ങി അവശനിലയിലായോ എന്നാണ് ആദ്യം ഭയന്നത്. ഞാനറിയുംമുമ്പ് അതെങ്ങനെ മാതൃഭൂമി അറിഞ്ഞു എന്ന സംശയം വേറെ. അടുത്ത വരി വായിച്ചപ്പോൾ നേരിയ ആശ്വാസമായി. സ്വപ്നയുടെ മൊഴിപ്പകർപ്പ് പ്രചരിപ്പിച്ചതിന് കസ്റ്റംസ് വിശദീകരണം തേടി എന്നാണാ വരി.

അപ്പോൾ എന്റെ സ്റ്റാഫിനുമേൽ മൊഴിക്കുരുക്കിട്ടത് കസ്റ്റംസാണ്. ആ കുരുക്കിൽ കിടക്കുകയാണ് സ്റ്റാഫ് എന്നാണ് വാർത്ത. കുരുക്കിൽ കിടക്കുന്നതിന്റെ പടം പത്രത്തിനു കിട്ടിയില്ല. അതുംകൂടി ഉണ്ടായിരുന്നെങ്കിൽ വാർത്ത തകർത്തേനെ.

എന്റെ സ്റ്റാഫ് എങ്ങനെ ഈ കുരുക്കിൽപ്പെട്ടു, സ്റ്റാഫിന്റെ പുറകെ എങ്ങനെ കസ്റ്റംസ് വന്നു എന്നറിയാൻ വാർത്തയാകെ വായിച്ചു നോക്കി. അതാ കിടക്കുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഒന്നാം പാരഗ്രാഫ്, മൂന്നാം വരി... കസ്റ്റംസിനുള്ളിൽനിന്നാണ് ഇയാൾക്ക് മൊഴിപ്പകർപ്പ് എത്തിയതെന്നാണ് സംശയം.

അതു ശരി. കസ്റ്റംസിനുള്ളിൽ നിന്ന് എന്റെ സ്റ്റാഫിന് മൊഴിപ്പകർപ്പ് കിട്ടിയെങ്കിൽ, കുരുക്ക് കസ്റ്റംസുകാരുടെ കഴുത്തിലല്ലേ മുറുകേണ്ടത്? ഇനി കസ്റ്റംസുകാർ അറിയാതെ, അവരുടെ ഓഫീസിൽ അതിക്രമിച്ചു കയറി മൊഴി കവർന്നെടുക്കുകയാണോ സ്റ്റാഫ് ചെയ്തത്? ആ വിശദാംശം വാർത്തയിൽ ഇല്ല.

അതിനുവേണ്ടി അവസാനം വരെ വായിച്ചു. അവസാന പാരഗ്രാഫിൽ ഇങ്ങനെ പറയുന്നു: “മൊഴിപ്പകർപ്പ് ലഭിച്ചതും അത് പങ്കുവെച്ചതും പഴ്സണൽ സ്റ്റാഫ് അംഗം നിഷേധിച്ചില്ല. തനിക്ക് സാമൂഹികമാധ്യമത്തിലൂടെ ലഭിച്ചതാണെന്നും ഭവിഷ്യത്ത് അറിയാതെ ചിലർക്ക് ഫോർവേഡ് ചെയ്തെന്നും ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു”.

എന്നിട്ട്... പിന്നീടെന്തായി? ഈ മറുപടി കേട്ടയുടനെ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഒരു കുരുക്കുണ്ടാക്കി എന്റെ സ്റ്റാഫിന്റെ കഴുത്തിനെ ലക്ഷ്യമാക്കി എറിയുകയായിരുന്നോ? അതുകൂടി പറഞ്ഞാലല്ലേ കഥ പൂർത്തിയാകൂ, ലേഖകാ...

ഇനി എനിക്കറിയാവുന്നതു പറഞ്ഞു തരാം. ദൃശ്യപത്രമാധ്യമങ്ങൾ ആഘോഷിച്ച സ്വപ്നാ സുരേഷിന്റെ മൂന്നു പേജ് മൊഴി സോഷ്യൽ മീഡിയയിലുടനീളം പങ്കുവെയ്ക്കപ്പെട്ടിരുന്നു. ഫേസ്ബുക്കിൽ നിന്ന് കിട്ടിയ ആ മൊഴിപ്പകർപ്പ് ഷെയർ ചെയ്തുകൊണ്ട് എന്റെ സ്റ്റാഫ് ഒരു കുറിപ്പുമെഴുതി. ഇതെങ്ങനെ കിട്ടിയെന്ന് അന്വേഷിക്കാൻ കസ്റ്റംസിലെ ഒരുദ്യോഗസ്ഥൻ അവരുടെ അന്വേഷണത്തിന്റെ ഭാഗമായി എന്റെ സ്റ്റാഫിനെ ഫോൺ ചെയ്യുകയും ചെയ്തു. ഫേസ് ബുക്കിൽ നിന്ന് കിട്ടിയതാണ് എന്ന മറുപടിയോടെ സംഭാഷണം അവസാനിക്കുകയും ചെയ്തു.

ഈ വിവരം എവിടുന്നോ കിട്ടിയിട്ടാവാം ഒരു മാതൃഭൂമി ലേഖകൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചിരുന്നു. നടന്നത് ലേഖകനോടു പറയുകയും ചെയ്തു. അതിന്റെ തുടർച്ചയാണ് ഈ മൊഴിക്കുരുക്ക് വാർത്ത.

ഇമ്മാതിരി വാർത്തയൊക്കെ എഴുതി ആരെ ഭയപ്പെടുത്താമെന്നാണ് മാതൃഭൂമിയും ഈ വാർത്തയുടെ ഉറവിടവും വിചാരിച്ചുവെച്ചിരിക്കുന്നത്? കേരളത്തിലെ ഏതാണ്ടെല്ലാ പത്രങ്ങളിലും ചാനലും ആഘോഷിച്ച മൊഴിയാണ്. മാതൃഭൂമി ചാനലിന്റെയും പത്രത്തിന്റെയും പക്കൽ ഈ മൊഴിയില്ലേ. ചാനൽ അതു കാണിച്ചിട്ടില്ലേ. മാതൃഭൂമിക്ക് ഈ മൊഴിപ്പകർപ്പ് തന്നത് എന്റെ സ്റ്റാഫാണോ.. എന്തൊക്കെ അസംബന്ധങ്ങളാണ് വാർത്തയെന്ന പേരിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്?

സ്വർണക്കടത്തു കേസിൽ ഇതേവരെ ആകെ ചോർന്നത് ഈ ഡോക്യുമെന്റ് മാത്രമാണോ? പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും കോൾലിസ്റ്റ് ചോർന്നില്ലേ. എന്തേ കസ്റ്റംസ് അതന്വേഷിച്ചില്ല? ആ കോൾ ലിസ്റ്റിൽ നിന്നല്ലേ അനിൽ നമ്പ്യാരുടെ ഇടപെടൽ സമൂഹത്തിന് ബോധ്യമായത്? അതെവിടെ നിന്ന് ചോർന്നു എന്ന് അന്വേഷിക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല? ഇതൊക്കെ ചോർത്തുന്നതല്ല, ചോരുന്നതാണ് എന്ന് ആർക്കും മനസിലാകില്ലെന്നാണോ ധരിച്ചുവെച്ചിരിക്കുന്നത്.

ഏതായാലും ഒരു കാര്യം ലേഖകനോടും ലേഖകന്റെ ഉറവിടത്തോടും നേരെ ചൊവ്വേ പറയാം. മാധ്യമപ്രവർത്തകർ ആവോളം ആഘോഷിച്ച ഒരു ഡോക്യുമെന്റിന്റെ ഉറവിടം തേടി മന്ത്രിയോഫീസ് പരതുമെന്ന ഉമ്മാക്കിയൊക്കെ കൈയിൽ വെച്ചിരുന്നാൽ മതി. കുരുക്കിൽ എന്നൊക്കെ മാതൃഭൂമിയിലെഴുതിയാൽ കുരുങ്ങിപ്പോകുന്നവരല്ല ഇവിടെ ഇരിക്കുന്നത് എന്നു മാത്രം വിനയപൂർവം അറിയിക്കട്ടെ.

സ്വർണക്കേസിൽ എത്ര തവണ നിങ്ങൾ കുരുക്കിടുകയും മുറുക്കുകയും ചെയ്തു? വല്ല ഓർമ്മയുമുണ്ടോ? നിങ്ങൾ ഇട്ട കുരുക്ക് പിന്നെന്തായി എന്ന് ഉൾപ്പേജിൽ ഒരുകോളത്തിലെങ്കിലും ഒരു സ്റ്റാറ്റസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാമോ? എങ്കിൽ ചില തലക്കെട്ടുകൾ ഞാൻ ഓർമ്മിപ്പിക്കാം.

പുലര്‍ച്ചവരെ നീണ്ട ചോദ്യം ചെയ്യല്‍: ശിവശങ്കര്‍ കുരുക്കില്‍ എന്ന തലക്കെട്ടിൽ ജൂലൈ 15ന്റെ വാർത്ത. ഈ കുരുക്ക് എന്തായി? ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് അരുണ്‍ ബാലചന്ദ്രന്‍; കുരുക്ക് മുറുകുന്നു എന്ന് അതേദിവസം വേറൊരു വാർത്ത. സ്വര്‍ണക്കടത്ത്; എം ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്തിന്റെ മൊഴി: കുരുക്ക് മുറുകുന്നു എന്ന് ജൂലൈ 18ന്റെ വാർത്ത. ഈ കുരുക്കിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്?

വീണ്ടും ചോദ്യംചെയ്യാൻ വിളിച്ചു; ശിവശങ്കറിന് അഗ്നിപരീക്ഷ എന്ന ജൂലൈ 25ന്റെ വാർത്തയിലെ ഒരു വാചകം. “(പ്രതികളുമായി) ശിവശങ്കർ ബന്ധപ്പെട്ടതിന് തെളിവുമായിട്ടാണ് ഇനി എൻ.ഐ.എ. എത്തുന്നതെങ്കിൽ കുരുക്ക് മുറുകും”. ഈ കുരുക്ക് എന്തായി? ഇതുവരെ മുറുകിയോ?

ഇനിയൊരുകാര്യംകൂടി പറഞ്ഞേയ്ക്കാം. ആരെങ്കിലും കുരുങ്ങിയാൽ അതിൽ അവർക്കുവേണ്ടി വാദിക്കാനുമില്ല. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ. നിങ്ങളുടെ ഈ കുരുക്കു പണി വായിച്ചു മടുത്തതുകൊണ്ട് പറഞ്ഞു പോയതാണ്. പത്രഭാഷയിൽ സൂചനപോലെ കുരുക്കും ഒരു സ്ഥിരം പ്രയോഗമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ.

ഡോ. കെ. ടി. ജലീലിനെ രണ്ടുവർഷം മുമ്പ് ഒരു കുരുക്കിൽ പെടുത്തിയിട്ടുണ്ട്. Nov 14, 2018ന് പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട് ഇങ്ങനെ “ജലീലിന് കൂടുതല്‍ കുരുക്ക്, വിദ്യാഭ്യാസ യോഗ്യത മാറ്റാന്‍ ഇടപെട്ടതിന്റെ തെളിവുമായി പി.കെ ഫിറോസ്‌”. ഈ കുരുക്കുപണി ഇപ്പോഴും ഖുറാൻ വിതരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

അനാവശ്യ വിവാദങ്ങളോടും വേണം സുരക്ഷിത അകലം എന്ന തലക്കെട്ടിൽ 2020 ജൂൺ 27ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഒരിക്കൽക്കൂടി വായിക്കണം എന്ന് മാതൃഭൂമി ലേഖകരോട് ഒരു അപേക്ഷയുണ്ട്. അതിൽ ഇങ്ങനെയൊരു വാചകമുണ്ട്. “പ്രശ്‌നങ്ങളുടെ കുരുക്കഴിക്കലാണ് സമൂഹത്തിനു വേണ്ടത്; കുരുക്ക് മുറുക്കലല്ല”.

എന്റെ സ്റ്റാഫിന്റെ കഴുത്തിലിട്ട കുരുക്ക് ദയവായി പത്രാധിപർ ഇടപെട്ട് അഴിച്ചു തരണം. പ്ലീസ്...

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in