'മരിക്കേണ്ടി വന്നാലും ചെയ്യാത്ത തെറ്റിന്റെ പേരില്‍ മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്ന പ്രശ്‌നമേയില്ല'; കെടി ജലീല്‍

കെ ടി ജലീല്‍
കെ ടി ജലീല്‍

മസ്ജിദുകളില്‍ നല്‍കാനായി കൊണ്ടുവന്ന ഖുര്‍ആന്‍ കോപ്പികള്‍ യുഎഇ കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കുമെന്ന് മന്ത്രി കെടി ജലീല്‍. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വര്‍ത്തമാന ഇന്ത്യയില്‍ പാടില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ട രാജ്യങ്ങളെയാണ് അറിയിക്കേണ്ടതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കെടി ജലീല്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും സത്യം പുറത്തുകൊണ്ടുവരാനും ഏത് അന്വേഷണവും സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ ഒരു തെറ്റും എന്റെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടില്ല. ചെയ്യാത്ത തെറ്റിന്റെ പേരില്‍ മരിക്കേണ്ടി വന്നാല്‍ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്ന പ്രശ്‌നമേയില്ല', പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എല്ലാ വര്‍ഷങ്ങളിലും യു.എ.ഇ എംബസികളും കോണ്‍സുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനിനോടനുബന്ധിച്ച് സ്വയമേവ ചെയ്ത് വരാറുള്ള ഉപചാരങ്ങള്‍ കൊവിഡ് പശ്ചാതലത്തില്‍ ഈ വര്‍ഷം സമയത്ത് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്, തിരുവനന്തപുരത്തുള്ള UAE കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ സൗഹൃദപൂര്‍ണ്ണമായ അന്വേഷണത്തെ തുടര്‍ന്ന് ഒരു മതാചാര നിര്‍വഹണത്തിന് സഹായിച്ചത്. ഇതാണ് രാഷ്ട്രീയ എതിരാളികള്‍ എനിക്കുമേല്‍ ചാര്‍ത്തിയിരിക്കുന്ന മഹാപരാധം.

ഇക്കാര്യം ചൂണ്ടിക്കാണിച്ച് യു.ഡി.എഫ് കണ്‍വീനര്‍ ശ്രീ. ബെന്നി ബഹനന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് പി.ടി തോമസ് എം.എല്‍.എ, ഗവര്‍ണര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതിനുപുറമെ ബി.ജെ.പി - യൂത്ത്‌കോണ്‍ഗ്രസ്സ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാറിന് അന്വേഷണമാവശ്യപ്പെട്ട് മെമ്മോറാണ്ടങ്ങളും സമര്‍പ്പിച്ചിരുന്നു. ഇവയുടെയെല്ലാം വെളിച്ചത്തിലാണത്രെ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം നടക്കാന്‍ പോകുന്നത്.

കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും സത്യം പുറത്തുകൊണ്ടുവരാനും ഏതന്വേഷണങ്ങളായാലും സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ ഒരു തെറ്റും എന്റെ ഭാഗത്ത് സംഭവിച്ചതായി ഞാന്‍ കരുതുന്നില്ല. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വര്‍ത്തമാന ഇന്ത്യയില്‍ പാടില്ലെങ്കില്‍ അക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണ്. കോണ്‍സുലേറ്റ്, മസ്ജിദുകളില്‍ നല്‍കാന്‍ പറഞ്ഞ വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ ഭദ്രമായി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ ഇരിപ്പുണ്ട്.

UAE കാലങ്ങളായി ആവശ്യക്കാര്‍ക്ക് സാംസ്‌കാരികാചാരത്തിന്റെ ഭാഗമായി നല്‍കി വരാറുള്ള വേദഗ്രന്ഥങ്ങള്‍, ഇവിടെ കൊടുക്കാന്‍ പാടില്ലെന്നാണ് അധികൃതരുടെ പക്ഷമെങ്കില്‍, വേദനയോടെയാണെങ്കിലും കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ മറ്റെല്ലാ ഖുര്‍ആന്‍ കോപ്പികളും കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കും. ഇക്കാര്യം ഞാന്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ മരിക്കേണ്ടി വന്നാല്‍ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്നപ്രശ്‌നമേയില്ല. എല്ലാ അന്വേഷണങ്ങളെയും സധൈര്യം നേരിടും. കാലം സാക്ഷി, അന്തിമ വിജയം സത്യത്തിനു തന്നെയാകും.

Related Stories

No stories found.
logo
The Cue
www.thecue.in