'വൃത്തിഹീന തൊഴില്‍', നോക്കണം, ഒരു സര്‍ക്കാര്‍ രേഖയിലാണ്, അന്തസ്സും അഭിമാനവും ചിലരുടെ മാത്രം കുത്തകയല്ല: ബി ഉണ്ണികൃഷ്ണന്‍

'വൃത്തിഹീന തൊഴില്‍', നോക്കണം, ഒരു സര്‍ക്കാര്‍ രേഖയിലാണ്, അന്തസ്സും അഭിമാനവും ചിലരുടെ മാത്രം കുത്തകയല്ല: ബി ഉണ്ണികൃഷ്ണന്‍

ശുചീകരണ തൊഴിലാളികളെ 'വൃത്തിഹീന തൊഴിലില്‍' ഏര്‍പ്പെടുന്നവരെന്ന് മുദ്രകുത്തിയുള്ള സര്‍ക്കാര്‍ അറിയിപ്പിനെതിരെ തുറന്നടിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഔദ്യോഗിക കണക്ക് പ്രകാരം 600 ഉം അനൗദ്യോഗികമായി ഏഴായിരത്തോളവും വരുന്ന, മനുഷ്യമാലിന്യം നീക്കുന്ന ജോലി ചെയ്യുന്നവരെ സര്‍ക്കാര്‍ രേഖകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് 'വൃത്തിഹീനമായ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ' എന്നാണ്.സര്‍ക്കാര്‍ രേഖയിലാണ് ഇത്തരത്തില്‍ പരാമര്‍ശം. കേരളം പോലൊരു സ്ഥലത്ത് ഇടതുവലത്‌ സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചിട്ടും ഈ പേര് മാറാതെ തുടരുന്നുവെന്നത് അവിശ്വസനീയമാണ്. 'തോട്ടിയുടെ മകന്‍' എന്നൊരു പുസ്തകമുണ്ടാവുകയും ഈ പണി ചെയ്യുന്ന മനുഷ്യരെ അടിസ്ഥാനപ്പെടുത്തി ഒരു സിനിമ വരികയും പിന്നീട് സംസ്ഥാന ബജറ്റിലടക്കം ഇത് പരാമര്‍ശിച്ച് അവര്‍ക്കായി തുക മാറ്റി വയ്ക്കുകയും ചെയ്തതിന് ശേഷവും അവരെ സര്‍ക്കാര്‍ രേഖകള്‍ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെങ്കില്‍ നമ്മുടെ സാമൂഹ്യാവബോധവും ഭാഷാപ്രയോഗത്തിലെ രാഷ്ട്രീയ ശരികളും എവിടെ നില്‍ക്കുന്നുവെന്ന് വീണ്ടും വീണ്ടും ആലോചിക്കേണ്ടി വരും. ഈ പ്രയോഗം മാറ്റിയേ തീരൂ. പരിചയത്തിലും സിനിമാ മേഖലയിലുമൊക്കെ ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടവരുടെ മക്കള്‍ പണിയെടുക്കുന്നുണ്ട്. അന്തസ്സും അഭിമാനവും ചിലരുടെ മാത്രം കുത്തകയല്ല അത് എല്ലാവരുടേയും അവകാശമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'അവന്റെ കൊടി ആകാശത്തിലങ്ങനെ പാറിക്കൊണ്ടിരുന്നു. നിരായുധരായ, ആത്മശക്തി മാത്രം രക്ഷയരുളുന്ന ആ ജനസമൂഹം ആ തോട്ടിയുടെ മകന്റെ നേതൃത്വത്തില്‍ മുന്നോട്ട് നീങ്ങി. അവരുടെ സഖാക്കള്‍ മൂന്നിടത്ത് വെടിയേറ്റ് പതിച്ചു. എന്നിട്ടും ആ ഘോഷയാത്രയെ ചിതറിക്കാന്‍ വെടിയുണ്ടകള്‍ക്ക് കഴിഞ്ഞില്ല. വിടവ് വരാതെ, അണി മുറിയാതെ ആ ഘോഷയാത്ര നീങ്ങി '

വര്‍ഷങ്ങള്‍ക്ക് മുമ്പ് തകഴി ശിവശങ്കരപ്പിള്ള എഴുതിയ 'തോട്ടിയുടെ മകന്‍' എന്ന നോവല്‍ അവസാനിക്കുന്നതിങ്ങനെയാണ്. തോട്ടിപ്പണി ചെയ്തിരുന്ന ഇശക്കുമുത്തുവിന്റേയും മകന്‍ ചുടല മുത്തുവിന്റേയും അയാളുടെ മകന്‍ മോഹനന്റേയും ജീവിതങ്ങളിലൂടെ, സമൂഹം വെറുപ്പോടെയും അവജ്ഞയോടെയും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരുടെ കഥ പറയുമ്പോഴും തകഴിക്ക് നിശ്ചയമുണ്ടായിരുന്നു താന്‍ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ കഥയാണ് പറയുന്നതെന്ന്. മറ്റുള്ളവര്‍ക്ക് വൃത്തികേടായി തോന്നുമ്പോഴും നോവലിലൊരിടത്തും 'വൃത്തിഹീനമായ തൊഴില്‍ ' എന്ന പ്രയോഗം തകഴി നടത്തിയിട്ടില്ല.

മഹാരാജാസ് കോളേജ് അധ്യാപകന്‍ R L രജിത് കഴിഞ്ഞ ദിവസം എഫ്ബിയില്‍ കുറിച്ച പോസ്റ്റ് ആണ് വീണ്ടും 'തോട്ടിയുടെ മകനെ' ഓര്‍ക്കാനിടയാക്കിയത്. 'വൃത്തിഹീന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കുള്ള ധന സഹായം' എന്ന പത്ര അറിയിപ്പ് ശുചീകരണ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് ഉണ്ടാക്കുന്ന മാനസികവ്യഥയെ കുറിച്ചായിരുന്നു രജിതിന്റെ പോസ്റ്റ്.

ഇതു ശ്രദ്ധയില്‍ പെട്ടതിനു ശേഷം ഞാന്‍ വെറുതേ ചില അന്വേഷണങ്ങള്‍ നടത്തി. ജഞഉ യില്‍ നിന്നാണ് സാധാരണ ഇത്തരം അറിയിപ്പുകള്‍ മാധ്യമസ്ഥാപനങ്ങളിലെത്തുന്നത്. ജഞഉ ഉദ്യോഗസ്ഥരോട് തിരക്കിയപ്പോള്‍ മനസിലായി പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന്റേതാണ് അറിയിപ്പെന്ന്. അറിയിപ്പ് കൈപ്പറ്റിയ ഒരു ജഞഉ ഉദ്യോഗസ്ഥന്‍ പട്ടികവര്‍ഗ്ഗ വകുപ്പിലേക്ക് വിളിച്ചന്വേഷിച്ചു. ' ഇത് ഇങ്ങനെ കൊടുക്കാന്‍ പാടുണ്ടോ?' എന്ന്.

അണ്‍ ക്ലീന്‍ ഒക്യുപ്പേഷന്‍ എന്നാണ് തങ്ങള്‍ ഇതിനെ വിളിക്കുന്നതെന്നും അതിന്റെ തര്‍ജമയാണ് അറിയിപ്പില്‍ കൊടുത്തതെന്നുമാണ് ഉദ്യോഗസ്ഥന് കിട്ടിയ വിവരം.14-ാം നിയമസഭയുടെ 15-ാം സമ്മേളനത്തില്‍, അതായത് 2019 ജൂണ്‍ 17ന് നിയമസഭയില്‍ യു പ്രതിഭ ങഘഅ പട്ടിക വിഭാഗം മന്ത്രിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. 'പട്ടിക വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സഹായത്തെ' പറ്റിയായിരുന്നു ചോദ്യം. അതിന് മന്ത്രി നല്കിയ മറുപടി ഇതോടൊപ്പം കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ സഹായം ലിസ്റ്റ് ചെയ്തതില്‍ 10-ാമതായി രേഖപ്പെടുത്തിയിരിക്കുന്നത്, വൃത്തിഹീന തൊഴില്‍ ചെയ്യുന്നവരുടെ മക്കള്‍ക്കു ള്ള സഹായമെന്നാണ്. നോക്കണം, ഒരു സര്‍ക്കാര്‍ രേഖയിലാണിത്.

സര്‍ക്കാരിന്റെ കണക്ക് പ്രകാരം 600 ഉം അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഏഴായിരത്തോളവും വരുന്ന മനുഷ്യമാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്യുന്ന മനുഷ്യരെ സര്‍ക്കാര്‍ രേഖകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് 'വൃത്തിഹീനമായ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ' എന്ന പേരിലാണ്.കേരളം പോലൊരു സ്ഥലത്ത് ഇടതും വലതും സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചിട്ടും ഈ പേര് മാറാതെ അവിടെ തുടരുന്നു എന്നത് അവിശ്വസനീയം തന്നെ. 'തോട്ടിയുടെ മകന്‍' എന്നൊരു പുസ്തകമുണ്ടാവുകയും ഈ പണി ചെയ്യുന്ന മനുഷ്യരെ അടിസ്ഥാനപ്പെടുത്തി ഒരു സിനിമ വരികയും പിന്നീട് സംസ്ഥാന ബജറ്റിലടക്കം ഇത് പരാമര്‍ശിച്ച് ഈ തൊഴിലാളികള്‍ക്കായി തുക മാറ്റി വയ്ക്കുകയും ചെയ്തതിനു ശേഷവും ഈ തൊഴിലാളികളെ സര്‍ക്കാര്‍ രേഖകള്‍ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെങ്കില്‍ നമ്മുടെ സാമൂഹ്യാവബോധവും ഭാഷാപ്രയോഗത്തിലെ രാഷട്രീയ ശരികളും എവിടെ നില്ക്കുന്നു എന്ന് വീണ്ടും വീണ്ടും ആലോചിക്കേണ്ടി വരും. ദീര്‍ഘിപ്പിക്കുന്നില്ല, ഈ പ്രയോഗം മാറ്റിയേ തീരൂ. എന്റെ പരിചയത്തിലും സിനിമാ മേഖലയിലുമൊക്കെ ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടവരുടെ മക്കള്‍ പണിയെടുക്കുന്നുണ്ട്. അന്തസ്സും അഭിമാനവും ചിലരുടെ മാത്രം കുത്തകയല്ല അത് എല്ലാവരുടേയും അവകാശമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in