കൊവിഡ് ബാധിച്ചാല്‍ അരലക്ഷം; നന്തിലത്തിന്റെ ഷോറുമുകളില്‍ നിയന്ത്രണം കാറ്റില്‍പ്പറത്തി ജനക്കൂട്ടം

കൊവിഡ് ബാധിച്ചാല്‍ അരലക്ഷം; നന്തിലത്തിന്റെ ഷോറുമുകളില്‍ നിയന്ത്രണം കാറ്റില്‍പ്പറത്തി ജനക്കൂട്ടം

ഷോറൂമുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ അരലക്ഷം രൂപ വരെ തിരിച്ചു നല്‍കുമെന്ന ഗോപു നന്തിലത്തിന്റെ പരസ്യം വിവാദത്തില്‍. ഉല്‍പ്പന്നങ്ങള്‍ വാങ്ങി 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ 50000 രൂപ വരെ തിരിച്ചു നല്‍കുമെന്ന പരസ്യം പ്രമുഖ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഷോറുമുകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടി. പൊലീസ് ഇടപെട്ട് ഷോറൂമുകള്‍ അടപ്പിച്ചു.

കൊവിഡ് രക്ഷാവലയം എന്ന പേരിലാണ് പരസ്യം ഇറക്കിയിരിക്കുന്നത്. ഓഗസ്ത് 15 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ ഏത് ഷോറൂമില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ പണം തിരിച്ചു നല്‍കുമെന്നായിരുന്നു ഓഫര്‍. പര്‍ച്ചേസ് ബില്‍ തുകയുടെ 50,000 രൂപ വരെ തിരികെ നല്‍കും. ഉല്‍പ്പന്നങ്ങള്‍ക്ക് 74 ശതമാനം വരെ ഓഫറും നല്‍കിയിരുന്നു. ഇതോടെയാണ് സാമൂഹിക അകലം പോലും പാലിക്കാതെ ആള്‍ക്കൂട്ടം ഷോറുമുകളിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഷോപ്പുകള്‍ ഉച്ചയോടെ തന്നെ പൊലീസ് അടപ്പിച്ചു.

കൊവിഡിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കൂട്ടുകയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. എന്നാല്‍ ഇതില്‍ ആരോഗ്യവകുപ്പിന് നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് വിശദീകരണം.രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എല്ലാ ഷോറൂമുകളിലും സ്വീകരിച്ചിട്ടുണ്ടെന്നും ഈ പരസ്യത്തെ വ്യാഖ്യാനിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in