കരിപ്പൂര്‍ അപകടം:മനോരമ ന്യൂസിന്റെ വ്യാജവീഡിയോയെന്ന് ആള്‍ട്ട്‌ന്യൂസ്,വ്യാജവാര്‍ത്തകളില്‍ മാതൃഭൂമി കൊവിഡ് സ്റ്റോറിയും

കരിപ്പൂര്‍ അപകടം:മനോരമ ന്യൂസിന്റെ വ്യാജവീഡിയോയെന്ന് ആള്‍ട്ട്‌ന്യൂസ്,വ്യാജവാര്‍ത്തകളില്‍ മാതൃഭൂമി കൊവിഡ് സ്റ്റോറിയും

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോക്ക്പിറ്റ് എന്ന് അവകാശപ്പെട്ട് മനോരമ ചാനല്‍ സംപ്രേഷണം ചെയ്ത വീഡിയോ വ്യാജമെന്ന്് ദേശീയ ഫാക്ട് ചെക്ക് വെബ് സൈറ്റായ ആള്‍ട്ട് ന്യൂസ്. വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോയാണ് ഇത്. യൂട്യൂബിലെ വീഡിയോ ദൃശ്യങ്ങളാണ് മനോരമ ന്യൂസ് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ആള്‍ട്ട് ന്യൂസിന്റെ കണ്ടെത്തല്‍.

മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ സ്ഥിരീകരിക്കാനാവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥനകള്‍ വാട്‌സ്ആപ്പില്‍ ലഭിച്ചിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നുണ്ട്. ഈമാസം 7നാണ് കരിപ്പൂര്‍ അന്താരഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത്. ഇതിന്റെ കോക്പിറ്റിലെ ദൃശ്യങ്ങള്‍ എന്ന പേരിലാണ് 10ാം തിയ്യതി മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയത്.

വീഡിയോ കൃത്രിമമാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് ക്രാഷ് എന്ന കീവേഡില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ എം പി സി ഫ്‌ളൈറ്റ് റിക്രിയേഷന്‍സ് അപ്ലോഡ് ചെയ്ത വീഡിയോ ലഭിക്കും. ഓഗസ്ത് 7ന് യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയാണിത്. കരിപ്പൂരില്‍ ഉണ്ടായ വിമാനപകടത്തിന്റെ വിവരങ്ങള്‍ വച്ച് നിര്‍മ്മിച്ച വീഡിയോയാണെന്ന് വിവരണത്തിലുണ്ട്. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത ന്യൂസില്‍ 1.43 ഭാഗത്തെ ദൃശ്യങ്ങളുണുള്ളതെന്നാണ് ആള്‍ട്ട് ന്യൂസ് കണ്ടെത്തിയിരിക്കുന്നത്. യുട്യൂബിലെ വീഡിയോയുടെ മുകളില്‍ അക്കാദമിക് ലൈസന്‍സ് എന്നെഴുതിയിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ദൃശ്യങ്ങളാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസ ആവശ്യത്തിന് നല്‍കുന്ന ലൈസന്‍സാണിതെന്നും ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നു.

അപകടത്തില്‍പ്പെട്ട വിമാനത്തിലെ 40 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തതെന്നും തെറ്റാണെന്ന് ആള്‍ട്ട് ന്യൂസിന്റെ റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറം കളക്ടര്‍ ഇക്കാര്യം നിഷേധിച്ചുവെന്നാണ് വാര്‍ത്തയിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in