പ്രതിപക്ഷ നേതാവ് സ്വന്തം പാര്‍ട്ടിയിലെ ജനപ്രതിനിധികളോടെങ്കിലും സോഷ്യല്‍ മീഡിയയില്‍ മാന്യമായി ഇടപെടാന്‍ പറയണമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി
മുഖ്യമന്ത്രി പിണറായി

സോഷ്യല്‍ മീഡിയയിലൂടെ ആര്‍ക്കെതിരെയും വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരായ കെ കെ ശൈലജ, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ യുഡിഎഫ് അണികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ആക്രമണമുണ്ടായി. കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരും സോഷ്യല്‍മീഡിയിയിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കാറുണ്ട്. പ്രതിപക്ഷ നേതാവ് സ്വന്തം അണികളോട് പറഞ്ഞില്ലെങ്കിലും ജനപ്രതിനിധികളോടെങ്കിലും മാന്യമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടാന്‍ പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ചോദ്യം വല്ലാതെ തുടരണമെന്ന് നാട്ടുകാര്‍ ആഗ്രഹിക്കുന്നില്ല. കാലവര്‍ഷ കെടുതിയും കൊവിഡ് വിവരങ്ങളും അറിയാനാണ് ആളുകള്‍ക്ക് താല്‍പര്യം. എന്നും വിവാദവിഷയങ്ങള്‍ ചോദിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി

എതിരാളികളെ കൊല്ലുന്ന കാര്യം പറയാന്‍ ചെറിയ സമയം പോരാ. മൊയ്യാരത്ത് ശങ്കരനില്‍ നിന്നും തുടങ്ങണം അത്. തൃശൂരില്‍ മധു, ലാല്‍ജി, ഹനീഫ എന്നീ കോണ്‍ഗ്രസുകാരുടെ പേരുകള്‍ പ്രതിപക്ഷ നേതാവ് മറന്നതാണോ. ഒരാള്‍ക്കെതിരെയും വ്യക്തിപരമായ ആക്രമണം പാടില്ല. അത് സൈബര്‍ സ്‌പേസിലായാലും മീഡിയയിലായാലും. എല്ലാ കാലത്തും ആ നിലപാടാണ്. അടുത്ത കാലത്തുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഡാന്‍സറെന്ന് വിളിച്ചത് കെപിസിസി പ്രസിഡന്റാണ്. അത് ചെറിയ പദവിയിലിരിക്കുന്ന ആളല്ല. ടീച്ചര്‍ക്ക് മീഡിയ മാനിയ എന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവാണ്. മോര്‍ഫ് ചെയ്യാന്‍ യൂഡിഎഫ് ഗ്രൂപ്പുണ്ടാക്കി. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ആക്രണം നേരിട്ടു.മന്ത്രിക്കെതിരെ കഴിഞ്ഞ മാസം കോണ്‍ഗ്രസ് , ലീഗ് അണികള്‍ അസഭ്യം പറഞ്ഞു. എഴുത്തുകാരന്‍ ബെന്ന്യാമനെ കോണ്‍ഗ്രസിലെ യുവ എംഎല്‍എയാണ് അപമാനിച്ചത്. എഴുത്തുകാരി കെ ആര്‍ മീരയെ യുവ കോണ്‍ഗ്രസ് എംഎല്‍എ ഫേസ്ബുക്കില്‍ അധിക്ഷേപിച്ചു. തന്റെ കീഴിലുള്ള സൈബര്‍ ടീമിനെ തെറി വിളിക്കാന്‍ പ്രോത്സാഹിപ്പിച്ചു. അങ്ങേയറ്റം മോശമായ രീതിയിലായിരുന്നു എംഎല്‍എ കെ ആര്‍ മീരയെ അധിക്ഷേപിച്ചത്. ആ എംഎല്‍എ ഇതിന് മുമ്പും ഈ നിലപാട് സ്വീകരിച്ചിരുന്നു. ലോകം ആരാധിക്കുന്ന കമ്യൂണിസ്റ്റ് നേതാവ് എകെജിെ അധിക്ഷേപിച്ചു. ഇപ്പോഴും അത് തുടരുന്നു. കെപിസിസി പ്രസിഡന്റ് ഇതിനെ വിമര്‍ശിച്ചു. അദ്ദേഹത്തിനെതിരെയും ഇദ്ദേഹത്തിന്റെ അണികളില്‍ നിന്നും അധിക്ഷേപം ഉണ്ടായി. മറ്റൊരു യുവ എംഎല്‍എ ന്യായീകരിക്കാന്‍ ഇറങ്ങി. ഓടി നടന്ന് ആളുകളെ അസഭ്യം പറഞ്ഞു. പോസ്റ്റില്‍ കമന്റിട്ട സ്ത്രീകളെയും അധിക്ഷേപിച്ചു. ഹനാന്‍ എന്ന പെണ്‍കുട്ടി അതിഭീകരമായ തെറിവിളികള്‍ക്ക് വിധേയയായി. പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചു എന്നതാണ് ചാര്‍ത്തപ്പെട്ട കുറ്റം. അശ്ലീലത്തിന്റെ പ്രവാഹമായിരുന്നു ഈ പെണ്‍കുട്ടിക്കെതിരെ നടന്നത്. സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനും ശ്രമം നടന്നു. ലിനിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മാര്‍ച്ച് നടത്തി. കൊവിഡ് സര്‍ക്കാരിനെ പ്രതിരോധിച്ച ആരോഗ്യപ്രവര്‍ത്തകരെയും നേരിട്ടു. ന്യൂസ് 18നിലെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെയും അധിക്ഷേപമുണ്ടായി. ചാനലിന് നേരെ അക്രമണമുണ്ടായപ്പോള്‍ അവരെ പ്രൈം ടൈം വാര്‍ത്ത അവതരണത്തില്‍ നിന്നും മാറ്റി നിര്‍ത്തി. ഏഷ്യാനെറ്റിലെയും മനോരമയിലെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെയും അധിക്ഷേപമുണ്ടായി. അപ്പോള്‍ ആരും ചര്‍ച്ച നടത്തിയില്ല. ഇരട്ടത്താപ്പാണ് ഇതില്‍ കാണുന്നത്. പ്രതിപക്ഷ നേതാവ് സ്വന്തം അണികളോട് പറഞ്ഞില്ലെങ്കിലും ജനപ്രതിനിധികളോടെങ്കിലും മാന്യമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടാന്‍ പറയണം.

Related Stories

No stories found.
logo
The Cue
www.thecue.in