'ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയെ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ടോയെന്നാണ് സംശയം'; ചെന്നിത്തലയ്‌ക്കെതിരെ പിണറായി

'ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയെ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ടോയെന്നാണ് സംശയം'; ചെന്നിത്തലയ്‌ക്കെതിരെ പിണറായി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന കാണുമ്പോള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിക്കെതിരെ കൂടി വിമര്‍ശനം ഉന്നയിക്കുന്നുണ്ടോ എന്നാണ് സംശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

'ആര്‍എസ്എസുകാരന്റെ കേസ് പിന്‍വലിച്ചത് തന്റെ വകുപ്പല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആരുടെ വകുപ്പായിരുന്നു, മുഖ്യമന്ത്രി എന്ന വാക്ക് തന്നെ അദ്ദേഹത്തിന് വല്ല പ്രശ്‌നവുമുണ്ടാക്കുന്നുണ്ടോ. അതില്‍ ഒരു കാര്യമെ പറയാനുള്ളൂ എന്നെ ചാരി അവിടുത്തെ പ്രശ്‌നങ്ങള്‍ ഇങ്ങനെ ഉന്നയിക്കേണ്ടതുണ്ടോ?

പ്രതിപക്ഷ നേതാവും സുഹൃത്തുക്കളും കൊവിഡ് കാലത്ത് എന്തൊക്കെയാണ് പറഞ്ഞിരുന്നത്. കൊവിഡ് സ്ഥിതി അറിയിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തരുത് എന്നതായിരുന്നു ആദ്യത്തെ നിലപാട്. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ എന്ന് പറഞ്ഞത് ആരായിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ രാജസ്ഥാനെയും തമിഴ്‌നാടിനെയും മാതൃകയാക്കണം എന്ന് പറഞ്ഞിരുന്നു. അത് ആദ്യ ഘട്ടത്തില്‍ കൊവിഡ് നിയന്ത്രണം പാളിയത് കൊണ്ടാണോ?

സാലറി ചലഞ്ചിനെതിരെ വ്യാപക പ്രചാരണം നടത്തിയിരുന്നു. അതിഥി തൊഴിലാളികളെ കേരളം പട്ടിണിക്കിടുന്നുവെന്ന് പറഞ്ഞു. പ്രവാസികള്‍ വരുന്നത് സംസ്ഥാനസര്‍ക്കാര്‍ തടഞ്ഞുവെന്ന് പറഞ്ഞു, ആരെയെങ്കിലും തടഞ്ഞതായി ചൂണ്ടിക്കാണിക്കാനാകുമോ? ബാറുകളും ബിവറേജുകളും അടക്കണമെന്ന് ആദ്യം പറഞ്ഞതും, പിന്നീട് തുറക്കണമെന്ന് ആവശ്യപ്പെട്ടതും പ്രതിപക്ഷം തന്നെയല്ലെ. പ്രതിപക്ഷം ഇങ്ങനെ പൊയ്‌വെടികള്‍ പൊട്ടിച്ചുകൊണ്ടേയിരിക്കുകയാണ്. അതിന് പ്രചാരണം കൊടുക്കാന്‍ ശ്രമിക്കുക, വസ്തുത പുറത്തുവരുമ്പോള്‍ എങ്കിലും അല്‍പം ജാള്യത കാണിക്കണ്ടെ. ഒരു നുണ പലയാവര്‍ത്തി ആവര്‍ത്തിച്ച് സത്യമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിപ്പിക്കത്തക്കവിധ അന്തരീക്ഷമുണ്ടാക്കുമ്പോള്‍ യഥാര്‍ത്ഥ വസ്തുത പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in