അമേരിക്കന്‍ പൗര സര്‍ക്കാര്‍ സ്ഥാപനത്തില്‍ എങ്ങനെ നിയമിതയായി?, സ്റ്റാര്‍ട്ട്അപ് മിഷനിലെ ലാബി ജോര്‍ജ്ജിന്റെ രാജിയില്‍ ചെന്നിത്തല

അമേരിക്കന്‍ പൗര സര്‍ക്കാര്‍ സ്ഥാപനത്തില്‍ എങ്ങനെ നിയമിതയായി?, സ്റ്റാര്‍ട്ട്അപ് മിഷനിലെ ലാബി ജോര്‍ജ്ജിന്റെ രാജിയില്‍ ചെന്നിത്തല

അമേരിക്കന്‍ പൗരത്വമുള്ള മലയാളി ലാബി ജോര്‍ജ്ജ് വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ സ്റ്റാര്‍ട് അപ്പ് മിഷന്‍ ഫെലോ പദവി രാജിവച്ചിരുന്നു. ജാര്‍ജ്ജ് സ്റ്റാര്‍ട്ടപ്പ് മിഷനിലെ പ്രോഡക്ട് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ സീനിയര്‍ ഫെലോ ആയി നിയമിച്ചതിലെ ദൂരൂഹത ആദ്യം ചോദ്യം ചെയ്തതും രമേശ് ചെന്നിത്തല ആയിരുന്നു. 80,000 രൂപ ഫെലോഷിപ്പ് ആയി ലഭിക്കുന്ന രീതിയിലായിരുന്നു ലാബി ജോര്‍ജ്ജിന്റെ നിയമനം.

ലാബി ജോര്‍ജ്ജ് സ്റ്റാര്‍ട്ട്അപ് മിഷനിലെ ഫെലോ സ്ഥാനം രാജി വെച്ചത് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഈ അമേരിക്കന്‍ പൗരയുടെ നിയമനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും പിന്നീട് സര്‍ക്കാര്‍ ഒട്ടേറെ വിവാദങ്ങളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുകയും ചെയുന്ന സാഹചര്യത്തിലാണ് ഇവര്‍ രാജി വെച്ചതെന്നും രമേശ് ചെന്നിത്തല. ഒരു വിദേശവനിത ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിയമിതയായി എന്നത് ചെറിയകാര്യമല്ല.

കേരളത്തില്‍ പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവര്‍ വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും അവരെ തഴഞ്ഞ് ഇത്തരമൊരു പിന്‍വാതില്‍ നിയമനം നടത്തിയതിന് പിന്നിലെ ഗുഢോദ്ദേശം വെളിച്ചത്തു വരേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പില്‍. ഐ.ടി. വകുപ്പിന്റെ കരാര്‍ നിയമനങ്ങളില്‍ സുതാര്യത ഇല്ല. അടിസ്ഥാന യോഗ്യതയില്ലാത്ത പലരും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടിയിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരിക്കെ എം ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടന്ന നിയമനങ്ങള്‍ക്കെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ലാബി ജോര്‍ജ്ജ് രാജി വെക്കുന്നത്. ഇന്നവേഷന്‍ മാനേജ്‌മെന്റ്, ക്ലൗഡ് മോഡേണൈസേഷന്‍, പ്രൊഡക്ട് എന്‍ജിനിയറിംഗ് എന്നീ മേഖലകളില്‍ വൈദഗ്ധ്യമുണ്ടെന്നാണ് സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നല്‍കിയ വിവരണത്തില്‍ ലാബി ജോര്‍ജ്ജിനെക്കുറിച്ചുള്ളത്. കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ കളമശേരി ഓഫീസിലായിരുന്നു ഇവരുടെ നിയമനം. ആമസോണ്‍, ഗൂഗിള്‍സ് മാജിക് ലീപ്, ഉള്‍പ്പെടെ 500 കമ്പനികളുമായി പ്രവര്‍ത്തിച്ച പരിചയമുണ്ടെന്നും ഈ മേഖലയില്‍ 24 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെന്നും സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ വെബ് സൈറ്റില്‍ അവകാശപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in