മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചില്ലെന്ന് പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥന് നാഗ്പൂരിലേക്ക് സ്ഥലംമാറ്റം


മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചില്ലെന്ന് പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥന് നാഗ്പൂരിലേക്ക് സ്ഥലംമാറ്റം

സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ കോള്‍ വന്നോ എന്ന ചോദ്യത്തിന് ആരും വിളിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിയ കൊച്ചി കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം. ജോയിന്റ് കമ്മീഷണര്‍ അനീഷ് പി.രാജനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ അനീഷ് പി.രാജന് സിപിഐഎം ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. അനീഷ് രാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

അനീഷ് പി.രാജന്റെ സഹോദരന്‍ എറണാകുളത്തെ പ്രമുഖ സിപിഐഎം നേതാവാണെന്നതും ബിജെപി ആരോപണത്തോടൊപ്പം ഉയര്‍ത്തിക്കാട്ടിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ എയും കസ്റ്റംസും രണ്ട് തട്ടിലാണെന്ന് തുടക്കത്തില്‍ ആരോപണമുണ്ടായിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കാര്‍ഗോ ക്ലിയറിംഗ് ഏജന്‍സ് അസോസിയേഷന്‍ സംഘടനാ നേതാവ് ഹരിരാജിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. സ്വര്‍ണം പിടിച്ചെടുത്ത സമയത്ത് കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. കസ്റ്റംസിലേക്ക് ആദ്യം വിളിച്ച ബിഎംഎസ് നേതാവ് ഹരിരാജാണെന്ന് സിപിഐഎം നേതാക്കളും ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in