'ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വൈദ്യുതി ലഭിക്കാനുള്ള മുതലെടുപ്പ്' അട്ടപ്പാടിയില്‍ പഠനം മുടങ്ങിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

'ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വൈദ്യുതി ലഭിക്കാനുള്ള മുതലെടുപ്പ്' അട്ടപ്പാടിയില്‍ പഠനം മുടങ്ങിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

വൈദ്യുതിയില്ലാത്തതിനാല്‍ അട്ടപ്പാടി കുറക്കന്‍കുണ്ടിലെ 24 വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നുവെന്നത് വ്യാജ പ്രചരണമാണെന്ന് വിദ്യാഭ്യാസ വകുപ്പ്. വനംവകുപ്പുമായി വസ്തു തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഈ പ്രദേശത്ത് വൈദ്യുതി ലഭ്യമല്ല.സാഹചര്യം മുതലെടുക്കാനുള്ള നീക്കമാണ്. ഓണ്‍ലൈന്‍ പഠനത്തിന്റെ മറവില്‍ വൈദ്യുതി എത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. ദ ക്യുവിന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തി സാമൂഹ്യപ്രവര്‍ത്തകന്‍ ദിനു വെയില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന് നല്‍കിയ പരാതിയിലാണ് മറുപടി ലഭിച്ചിരിക്കുന്നത്.

ഫസ്റ്റ് ബെല്‍ പാഠഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സമയത്ത് തന്നെ കുറക്കുന്‍കുണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ശാന്തി മെഡിക്കല്‍ മിഷന്റെ സഹായത്തോടെ 113000 രൂപ ചിലവിട്ടാണ് സോളാര്‍ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയത്. കുടിയേറ്റ മേഖലയായ കുറുക്കന്‍കുണ്ടില്‍ വൈദ്യുതി ലഭ്യമല്ല. വനംവകുപ്പുമായി നിലനില്‍ക്കുന്ന വസ്തുതര്‍ക്കമാണ് ഇതിന് തടസ്സം. സാഹചര്യം മുതലെടുത്ത് വൈദ്യുതി എത്തിക്കാനാണ് ശ്രമിക്കുന്നത്. സാമ്പത്തിക പരാധീനതകളില്ലാത്ത കുടിയേറ്റ പ്രദേശമാണിതെന്നും ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ സ്ഥലം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വൈദ്യുതി ലഭിക്കാനുള്ള മുതലെടുപ്പ്' അട്ടപ്പാടിയില്‍ പഠനം മുടങ്ങിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്
വനംവകുപ്പിന്റെ ചുവപ്പ് നാടയില്‍ കുടുങ്ങി അട്ടപ്പാടിയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം
തങ്ങളോട് സംസാരിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥിനിയായ ആന്‍മരിയ പറയുന്നു.സന്നദ്ധസംഘടന പ്രദേശത്തെ പള്ളിയില്‍ സോളാര്‍ എത്തിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് പ്രദേശത്തുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടില്ലെന്ന് അനാവശ്യമായി റിപ്പോര്‍ട്ടില്‍ പറഞ്ഞതെന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു.

ഓണ്‍ലൈന്‍ പഠനം തുടങ്ങിയിട്ട് രണ്ട് മാസമായിട്ടും ഒറ്റ ക്ലാസ് പോലും കാണാന്‍ കഴിഞ്ഞില്ലെന്നാണ് കുറുക്കന്‍കുണ്ടിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നത്. പല വീടുകളിലും സോളാര്‍ ഉണ്ടെങ്കിലും മഴക്കാലമായതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല. ജൂണ്‍ 21ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തീരുമാനമാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വീടിന് മുന്നില്‍ സമരം നടത്തിയിരുന്നു.

അഗളി പഞ്ചായത്തിലെ 18ാം വാര്‍ഡിലാണ് കുറുക്കന്‍കുണ്ട്. വനംവകുപ്പ് തടസ്സം നിന്നതോടെയാണ് ഈ പ്രദേശത്തേക്കുള്ള വൈദ്യുതി ലഭിക്കാതായത്. 1964 മുതലാണ് ഈ മേഖലയിലേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. 1974, 76 വര്‍ഷങ്ങളിലായി ഇവര്‍ക്ക് പട്ടയം നല്‍കി. ഭൂമിയുടെ മേല്‍ വനംവകുപ്പുമായി തര്‍ക്കം നടക്കുകയാണ്. 49 കുടുംബങ്ങളാണ് ഇവിടെയുള്ളത്. 2012 മുതല്‍ വൈദ്യുതിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുയാണ് ഇവര്‍. കുറുക്കന്‍കുണ്ടിനോട് ചേര്‍ന്ന് സോഷ്യല്‍ ഫോറസ്റ്റാണെന്ന കാരണത്തിലായിരുന്നു വൈദ്യുതി ലൈന്‍ വലിക്കുന്നതിന് വനംവകുപ്പ് തടസ്സം നിന്നത്. 2018ല്‍ ഇതും വനത്തിന്റെ ഭാഗം തന്നെയാണെന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. 2001-02 വര്‍ഷങ്ങളില്‍ വനം, റവന്യുവകുപ്പുകള്‍ സംയുക്തമായി നടത്തിയ റീസര്‍വേയില്‍ 37 വീട്ടുകാരുടെ കൈവശാവകാശം അംഗീകരിച്ചു. ഇവര്‍ക്ക് അധാരവും പട്ടയവും ഉണ്ട്. പെരുന്തല്‍മണ്ണ ഭൂപണയബാങ്കില്‍ നിന്നും ലേലത്തിലാണ് പലരും സ്ഥലം വാങ്ങിയത്.

Related Stories

No stories found.
logo
The Cue
www.thecue.in