എതിര്‍ക്കുക, സമരം ചെയ്യുക, ഭരണത്തിലെത്തിയാല്‍ തിരുത്തുക; കോളേജുകളുടെ സ്വയംഭരണ പദവിയിലും സിപിഎമ്മിന് നയമാറ്റമെന്ന് ഉമ്മന്‍ചാണ്ടി

എതിര്‍ക്കുക, സമരം ചെയ്യുക, ഭരണത്തിലെത്തിയാല്‍ തിരുത്തുക; കോളേജുകളുടെ സ്വയംഭരണ പദവിയിലും സിപിഎമ്മിന് നയമാറ്റമെന്ന് ഉമ്മന്‍ചാണ്ടി

എതിര്‍ക്കുകയും സമരം ചെയ്യുകയും അധികാരത്തിലെത്തിയാല്‍ തിരുത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ നയമാറ്റത്തില്‍ ഒടുവിലത്തെ ഉദാഹരണമാണ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയ നടപടിയെന്ന് ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് ആദ്യമായി മൂന്ന് എഞ്ചിനീയറിംങ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയ നടപടിയിലാണ് സര്‍ക്കാരിനെയും സിപിഎമ്മിനെയും ഉമ്മന്‍ചാണ്ടി പരിഹസിച്ചത്. എഞ്ചിനിയറിംഗ് കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ്് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെകനോളജി, കോട്ടയം സെന്റ് ഗിറ്റസ് കോളേജ് ഓഫ് എഞ്‌നിയറിംഗ് എന്നീ കോളേജുകള്‍ക്കാണ് സ്വയംഭരണാധികാരം നല്‍കിയത്. കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തെ സിപിഎം ശക്തമായി എതിര്‍ത്തിരുന്നു. യുജിസിയുടെ പരിശോധന തടയാന്‍ ശ്രമിച്ചുവെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും സമരം ചെയ്യുകയും അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്ത അനേകം നയമാറ്റങ്ങളിലെ ഏറ്റവും ഒടുവിലത്തെ കാര്യമാണ് സ്വയംഭരണാവകാശമുള്ള കോളേജുകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.

കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, കോട്ടയം സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നീ കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്കിയതിനെ സ്വാഗതം ചെയ്യുന്നു. അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തികച്ചും അനുയോജ്യമായ തീരുമാനമാണ് ഗവണ്‍മെന്റും യു.ജി.സി.യും എടുത്തത്.

അഞ്ഞൂറിലധികം സ്വയംഭരണാധികാര കോളേജുകള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടും കേരളത്തില്‍ ഒരു സ്വയംഭരണ കോളേജ് പോലും ഇല്ലാതിരുന്നതുകൊണ്ടാണ് മുന്‍ യു.ഡി.എഫ്. ഗവണ്‍മെന്റ് സ്വയംഭരണാധികാരമുള്ള കോളേജുകള്‍ കേരളത്തില്‍ തുടങ്ങുന്നതിന് നയപരമായ തീരുമാനം എടുത്തത്. ഇതിനെ അന്ന് എല്‍.ഡി.എഫ്. അതിശക്തമായി എതിര്‍ത്തു. യു.ജി.സി.യുടെ പരിശോധനപോലും തടയുവാന്‍ ശ്രമിച്ചു. അദ്ധ്യാപക സംഘടനയുടെ കൂടി പങ്കാളിത്തത്തോടെയാണ് ഗവണ്‍മെന്റ് കോളേജുകളുടെ പരിശോധന തടഞ്ഞത്.

18 എയിഡഡ് ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളും ഒരു ഗവണ്‍മെന്റ് കോളേജും ഉള്‍പ്പെടെ 19 കോളേജുകളെ സ്വയംഭരണാധികാരമുള്ള കോളേജുകളായി എല്ലാ എതിര്‍പ്പുകളെയും മറികടന്നുകൊണ്ട് യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് യു.ജി.സി. പ്രഖ്യാപിച്ചു. യു.ജി.സി.യുടെ ടീം തെരഞ്ഞെടുത്ത കോളജുകളുടെ അര്‍ഹതയെ ആരും ചോദ്യം ചെയ്തില്ല.

സ്വയംഭരണാവകാശ കോളേജുകള്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്തുകയും സമരം നടത്തുകയും ചെയ്തവര്‍ തുടര്‍ന്ന് അധികാരത്തില്‍ വന്നപ്പോള്‍ യൂണിവേഴ്സിറ്റികള്‍ വഴി സ്വയംഭരണസ്ഥാപനങ്ങളെ വീര്‍പ്പ് മുട്ടിച്ചു. എന്നാല്‍ ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ നയം മാറ്റി സ്വയംഭരണാവകാശ കോളേജുകള്‍ അനുവദിക്കുകയാണു ചെയ്തത്. ട്രാക്ടര്‍ വിരുദ്ധ സമരം, കമ്പ്യൂട്ടര്‍ വിരുദ്ധ സമരം, വേള്‍ഡ് ബാങ്ക്, എ.ഡി.ബി ബാങ്ക് തുടങ്ങിയ അന്തര്‍ദ്ദേശീയ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വായ്പ വാങ്ങുന്നതിന് എതിരെയുള്ള സമരം അങ്ങനെ എത്രയോ അനാവശ്യ സമരങ്ങളാണ് ഇടതുപക്ഷം നടത്തിയത്. പിന്നീടു വര്‍ഷങ്ങള്‍ക്ക് ശേഷം നയംമാറ്റിയപ്പോള്‍ കേരളത്തിന്റെ ഓരോ മേഖലയിലും വലിയ തിരിച്ചടികള്‍ ഉണ്ടായി.

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്ത് ഒന്നാമതാണെങ്കിലും ഉന്നത-സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നമുക്ക് അത്ര അഭിമാനിക്കുവാന്‍ വകയില്ല. പതിനായിരക്കണക്കിന് സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളാണ് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും പഠിക്കാന്‍ പോകുന്നത്. അവര്‍ക്ക് ഇവിടെ പഠിക്കാനുള്ള അവസരം കൊടുക്കാന്‍ നമുക്കു സാധിക്കും. അതിന് യാഥാര്‍ത്ഥ്യബോധത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി.

Related Stories

No stories found.
logo
The Cue
www.thecue.in