'വരവരറാവുവിന്റെ ആരോഗ്യനില അതീവ ഗുരുതരം'; മോചിപ്പിക്കണമെന്ന് കുടുംബം

'വരവരറാവുവിന്റെ ആരോഗ്യനില അതീവ ഗുരുതരം'; മോചിപ്പിക്കണമെന്ന് കുടുംബം

ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റും കവിയുമായ വരവര റാവുവിന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് കുടുംബം. നിലവില്‍ തലോജ ജയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് വരവര റാവു. അദ്ദേഹം തങ്ങളെ ഫോണില്‍ വിളിച്ചിരുന്നുവെന്നും, എന്നാല്‍ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാരുന്നുവെന്നും കുടുംബം പറയുന്നു.

സംസാരിക്കാന്‍ കഴിയാത്തതിനാല്‍ സഹതടവുകാരനെ കൊണ്ടാണ് അദ്ദേഹം സംസാരിപ്പിച്ചത്. അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമാണെന്ന് സഹതടവുകാരന്‍ അറിയിക്കുകയായിരുന്നുവെന്നും വരവരറാവുവിന്റെ മകള്‍ പറഞ്ഞു. തന്റെ പിതാവിനെ മോചിപ്പിക്കണമെന്നും മഹാരാഷ്ട്ര, തെലങ്കാന സര്‍ക്കാരുകളോട് അവര്‍ ആവശ്യപ്പെട്ടു. പിതാവിന്റെ ആരോഗ്യം തിരിച്ചുപിടിക്കണമെങ്കില്‍ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റണമെന്നും മകള്‍ ആവശ്യപ്പെട്ടു.

78-കാരനായ വരവര റാവു 2018 മുതല്‍ ജയിലിലാണ്. ഭീമ-കൊരെഗാവ് ദളിത്-സവര്‍ണ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നാണ് ആരോപണം. യുഎപിഎ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ജയിലില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് നേരത്തെ അദ്ദേഹത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജെജെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടെടുക്കുന്നതിന് മുമ്പ് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.

വരവര റാവുവിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അസംബന്ധമായ കുറ്റങ്ങള്‍ ചുമത്തി പഴയ ആക്ടിവിസ്റ്റുകളെ ജയിലില്‍ അടക്കുന്നത് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in