സ്വര്‍ണ്ണക്കടത്തിലെ രാഷ്ട്രീയം, ചാനലുകള്‍ക്കെതിരെ നിയമനടപടിയുമായി ശശി തരൂരും, സിപിഐഎമ്മും,ബിഎംഎസും

സ്വര്‍ണ്ണക്കടത്തിലെ രാഷ്ട്രീയം, ചാനലുകള്‍ക്കെതിരെ നിയമനടപടിയുമായി ശശി തരൂരും, സിപിഐഎമ്മും,ബിഎംഎസും

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായര്‍ ബന്ധുവെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ ജനം ടിവിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം നേതാവ് കെഎസ് സുനില്‍കുമാര്‍. വസ്തുത മറച്ചുവെച്ച് കൊണ്ട് ജനം ടിവി നടത്തുന്ന പ്രചാരവേല, ഒരു മാധ്യപ്രവര്‍ത്തനത്തിന്റെ അന്തസിന് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സന്ദീപ് നായര്‍ പറയുന്നു. നേരത്തെ അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ച് കൈരളി ടിവിക്കെതിരെ ശശി തരൂര്‍ എംപിയും കേസ് കൊടുത്തിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അസത്യമായ അപവാദപ്രചരണം നടത്തിയെന്ന് ശശി തരൂര്‍

സ്വര്‍ണ്ണക്കടത്തില്‍ കുറ്റാരോപിതനായ, തനിക്ക് തീരെ അപരിചിതയായ വ്യക്തിയുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ശശി തരൂര്‍ കൈരളി ചാനലിനെതിരെ പരാതി നല്‍കിയത്. തന്റെ വക്കീല്‍ കൈരളി ടിവിക്ക് ആറ് പേജുള്ള വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് തരൂര്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. രാഷ്ട്രീയ വിദ്വേഷം കാരണം വ്യക്തിപരമായ തേജോവധത്തിന് താന്‍ വളരെയധികം ഇരയായിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ ഇതെല്ലാം സഹിക്കുന്നതിന് പരിധിയുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആരോപണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതെന്ന് കെഎസ് സുനില്‍കുമാര്‍

രാഷ്ട്രീയമായി തന്നെ വിവാദത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളെന്നാണ് കെഎസ് സുനില്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'സ്വര്‍ണ്ണക്കടത്തില്‍ പ്രതിയാക്കപ്പെട്ടവരില്‍ ഒരാള്‍ എന്റെ ബന്ധുവാണെന്നും, അയാളുടെ ക്രമവിരുദ്ധമായ ഇടപാടുകളില്‍ എന്നെയും കൂടി ബന്ധിപ്പിക്കുന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ കുപ്രചരണം നടത്തുകയാണ്. ഈ കുപ്രചരണം ഇന്ന് ബിജെപി യുടെ ചാനല്‍ ബ്രേക്കിംഗ് ന്യൂസായി നല്‍കി. സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ ഭാര്യ, എന്റെ ബന്ധു എന്നത് കാണിച്ചാണ് എനിക്കെതിരെ കുപ്രചരണം നടത്തുന്നത്', പോസ്റ്റില്‍ പറയുന്നു.

'സന്ദീപ് നായരുടെ ഭാര്യയുടെ പിതാവ് ശ്രീകണ്ഠന്‍ നായര്‍, നിലവില്‍ BMS അരുവിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്, അരുവിക്കരയിലെ അറിയപ്പെടുന്ന ആദ്യകാല ബി ജെ പി നേതാവാണ്, ബി ജെ പി കുടുബവുമാണ്. ശ്രീകണ്ഠന്‍ നായരുടെ അനുജന്‍ RSS ന്റെ മണ്ഡല്‍ കാര്യവാഹകും 1992 ഇല്‍ ബാബ്റി പള്ളി പൊളിച്ചതിലേക്കു നയിച്ച കര്‍സേവയില്‍ പങ്കെടുത്തയാളുമാണ്. അച്ഛനെക്കാള്‍ ബന്ധം മറ്റാര്‍ക്കും വരില്ലെന്ന വസ്തുത മറച്ചുവച്ചുകൊണ്ട് ജനം ടിവി നടത്തുന്ന ഈ പ്രചാരവേല, ഒരു മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസ്സിന് ചേര്‍ന്ന പ്രവൃത്തിയല്ല എന്ന് ഓര്‍മ്മിപ്പിക്കുകയാണ്. സന്ദീപ് നായര്‍ അയാളുടെ രാഷ്ട്രീയം സ്വയം ഫേസ്ബുക് വഴി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം അയാളുടെ അമ്മയും എന്താണ് സന്ദീപിന്റെ രാഷ്ട്രീയം എന്നത് എല്ലാ പത്രക്കാരോടും വ്യക്തമാക്കിയിട്ടുണ്ട്. തെളിവിന്റെ ഒരു കണിക പോലും ഇല്ലാതെ, വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ പടച്ചു വിടുന്നത് തീര്‍ത്തും അപലപനീയമാണ്', സുനില്‍ കുമാര്‍ പറയുന്നു.

അഞ്ച് കോടി ആവശ്യപ്പെട്ട് ബിഎംഎസ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ദൃശ്യ അച്ചടി മാധ്യമങ്ങള്‍ക്കെതിരെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ബിഎംഎസ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കേസില്‍ തികഞ്ഞ ദുരുദ്ദേശത്തോടെയാണ് ബിഎംഎസിന്റെ പേര് വലിച്ചിഴക്കുന്നതെന്നും ബിഎംഎസ് ആരോപിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in