'പിന്നില്‍ വര്‍ഗീയ അജണ്ടയെന്ന് സംശയം' ; പൂന്തുറയിലെ ജനങ്ങള്‍ അങ്ങനെ പെരുമാറുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി കെകെ ശൈലജ

'പിന്നില്‍ വര്‍ഗീയ അജണ്ടയെന്ന് സംശയം' ; പൂന്തുറയിലെ ജനങ്ങള്‍ അങ്ങനെ പെരുമാറുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി കെകെ ശൈലജ

പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റങ്ങളില്‍ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. പൂന്തുറയിലെ ജനങ്ങള്‍ സാധാരണഗതിയില്‍ അങ്ങനെ പെരുമാറുമെന്ന് കരുതുന്നില്ല. അവരെ ആരോ ഇളക്കിവിട്ടതാണ്. അത്തരത്തില്‍ പെരുമാറിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. ഒപ്പം ഗൂഢാലോചന അന്വേഷിക്കണമെന്നും ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞദിവസം പൂന്തുറയില്‍ പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍ അടക്കമുള്ള സംഘത്തിന്റെ കാര്‍ തടഞ്ഞ് ഗ്ലാസ് തുറന്ന് അകത്തേക്ക് തലയിട്ട് ചുമയ്ക്കുകയും മറ്റും ചെയ്ത സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിത മേഖലകളില്‍ സേവനത്തിന് എത്തുന്നത്.എല്ലാവരും ജീവനില്‍ കൊതിയുള്ളവരാണ്. വൈറസ് വരുന്നെങ്കില്‍ വരട്ടെ, അതും കരുതി വീട്ടിലിരിക്കാനാകില്ലെന്ന് സ്വയം വിചാരിച്ച് സേവനത്തിന് ഇറങ്ങിപ്പുറപ്പെട്ടവരാണ് അവര്‍. അങ്ങനെയുള്ളവരോട് മോശമായി പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വിശദീകരിച്ചു.

സങ്കടകരമായ അനുഭവമാണത്. അക്രമത്തിന് ഇരയായ ഡോ. ദീപ്തി അടക്കമുള്ളവരോട് സംസാരിച്ചിരുന്നു.അവര്‍ ഭയന്നുപോയി. അവരിപ്പോള്‍ ക്വാറന്റൈനിലാണ്. അവിടുത്തെ ജനങ്ങളെ ആരോ പ്രേരിപ്പിച്ച് വിട്ടതാണ്. വേണമെന്ന് കരുതി ഇളക്കിവിട്ടിട്ടുണ്ട്. അതില്‍ വര്‍ഗീയ അജണ്ടയുണ്ടോയെന്ന് സംശയിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതൊക്കെ ഈ അജണ്ടയുടെ ഭാഗമായിട്ടാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. തമ്മില്‍തല്ലിച്ച് ചോര വീഴ്ത്താന്‍ ചിലര്‍ ശ്രമിക്കുന്നു. അങ്ങനെയുള്ളവര്‍ തന്നെയാണ് അവിടെയും പ്രശ്‌നമുണ്ടാക്കിയത്. ഇത്രമാത്രം മോശം സാഹചര്യത്തിലും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ് ചിലര്‍. പൂന്തുറയില്‍ ഒരു സഹോദരന്‍ ഇന്നലെ മരിച്ചു. പ്രായമായവര്‍ക്കേ പെട്ടെന്ന് ബാധിക്കൂ ചെറുപ്പക്കാര്‍ക്ക് കുഴപ്പമില്ല എന്ന് ധരിക്കരുത്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരും കൊവിഡ് ബാധിച്ച് ‌കുഴഞ്ഞ് വീണ് മരിക്കുന്നുണ്ട്. തീരമേഖലയിലെ പ്രതിരോധത്തില്‍ വിള്ളലുണ്ടായിട്ടില്ല.വാര്‍ഡ് കൗണ്‍സിലര്‍മാരും പള്ളി അധികൃതരുമെല്ലാം നന്നായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in