അഡ്വ. എ ജയശങ്കറിന് പരസ്യശാസന : പാര്‍ട്ടിയെയും മുന്നണിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് സിപിഐ

അഡ്വ. എ ജയശങ്കറിന് പരസ്യശാസന : പാര്‍ട്ടിയെയും മുന്നണിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് സിപിഐ

പാര്‍ട്ടിയെയും മുന്നണിയെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് അഭിഭാഷകന്‍ അഡ്വ. എ ജയശങ്കറിനെതിരെ സിപിഐയുടെ അച്ചടക്ക നടപടി. പാര്‍ട്ടിയുടെ അഭിഭാഷക ബ്രാഞ്ചിലെ പൂര്‍ണ അംഗമാണ് അദ്ദേഹം. സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്ന ബ്രാഞ്ച് ജയശങ്കറിനെ പരസ്യമായി ശാസിക്കാന്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. വിഷയത്തില്‍ ജയശങ്കര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് യോഗം വിലയിരുത്തി. തുടര്‍ന്ന് പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.. ഇടതുപക്ഷജനാധിപത്യ മുന്നണിയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ജയശങ്കര്‍ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയാണ്.

ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പരസ്യ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉയര്‍ത്തുകയാണെന്നും യോഗം വിലയിരുത്തി. ഇത് ആശാസ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഓണ്‍ലൈന്‍ മീറ്റിങ്ങിലൂടെയാണ് അച്ചടക്ക നടപടിയെടുത്തത്. കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ മുന്നണിയില്‍ ഇപ്പോഴുള്ളവര്‍ക്കുതന്നെ രക്ഷയില്ലെന്നും സിപിഐ അടക്കം ഘടകക്ഷികളുടെ നില പരിതാപകരമാണെന്നും ജയശങ്കര്‍ അഭിപായപ്പെട്ടിരുന്നു. ഇതടക്കം പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കിയെന്ന് യോഗം വിലയിരുത്തി. കാനം രാജേന്ദ്രന്‍ അനൂകൂല വിഭാഗത്തിനാണ് സിപിഐയുടെ അഭിഭാഷക ബ്രാഞ്ചില്‍ മേല്‍ക്കൈ. എന്നാല്‍ സത്യം പറയുന്നതിന് എന്തിനാണ് ഭയക്കുന്നതെന്ന നിലപാടാണ് വിശദീകരണത്തില്‍ അഡ്വ. എ ജയശങ്കര്‍ സ്വീകരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in