'മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചവരുടെ ബുദ്ധിയില്‍ ഉടലെടുത്തതാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍'; എളമരം കരീം

'മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചവരുടെ ബുദ്ധിയില്‍ ഉടലെടുത്തതാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍'; എളമരം കരീം

മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചവരുടെ ബുദ്ധിയില്‍ ഉടലെടുത്തതാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനെന്ന് സിപിഎം നേതാവ് എളമരം കരീം. ഇത് സംഘപരിവാറിനെയും മോദിയെയും രക്ഷിക്കാനാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ദിവസേന വര്‍ധിക്കുന്നതിനെതിരെ, കുടിയേറ്റ തൊളിലാളികള്‍ നേരിട്ട മഹാദുരന്തത്തിനെതിരെ, ജോലി സമയം 12 മണിക്കൂറാക്കി ദീര്‍ഘിപ്പിച്ചതിനെതിരെ ഒരക്ഷരം ഉരിയാടാത്തവരുടെ പുതിയ വേഷപ്പകര്‍ച്ച ജനങ്ങള്‍ തിരിച്ചറിയുമെന്നും എളമരം കരീം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷികളായ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ സ്വപ്‌നമായിരുന്നു, സ്വയം പര്യാപ്തമായ സ്വതന്ത്രഭാരതം. ആ സ്വപ്‌നങ്ങളെ മുഴുവന്‍ തകര്‍ത്തവരാണ് ഇന്ത്യന്‍ ഭരണാധികാരികള്‍. നേരത്തെ കോണ്‍ഗ്രസ് പാവങ്ങള്‍ക്ക് ഗതിയേകും എന്ന് വിളിച്ച് പറഞ്ഞു. പിന്നീട് ബിജെ ജനങ്ങള്‍ക്ക് നല്ല ദിവസങ്ങള്‍ വരും എന്ന് വിളിച്ച് കൂവി. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു. ജീവിതപ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിട്ടു. കപടദേശസ്‌നേഹവും സങ്കുചിത ദേശീയവാദവും ഉയര്‍ത്തി ജനങ്ങളെ വിവിധ തട്ടുകളിലാക്കി. ആ ശക്തികളുടെ ബുദ്ധിയില്‍ നിന്ന് ഉടലെടുത്തതാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മുദ്രാവാക്യം', ലേഖനത്തില്‍ പറയുന്നു.

'അറുപത് വയസ്സ് കഴിഞ്ഞ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതിമാസം പതിനായിരം രൂപവീതം പെന്‍ഷന്‍ ലഭിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ്, വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന മുദ്രാവാക്യം ഉയര്‍ന്നത്. സാമൂഹ്യസുരക്ഷ ഉറപ്പാക്കണമെന്ന നയം അംഗീകരിച്ച ഒരു ഭരണം ഇന്ത്യയിലുണ്ടെങ്കില്‍ ഈ മുദ്രാവാക്യം യാഥാര്‍ഥ്യമാക്കാന്‍ കഴിയും. എല്ലാവര്‍ക്കും വിദ്യാഭ്യാസവും തൊഴിലും ജീവിതോപാധികളും നല്‍കാന്‍ അനുയോജ്യമായ നയം അനുസരിച്ച് ഭരണം നടത്തിയാലേ ഈ പറഞ്ഞ ആവശ്യം സഫലമാക്കാന്‍ കഴിയൂ. ആരാണിതിന് തടസ്സം?

'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍' വാദം ഉയര്‍ത്തുന്ന ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, സൈനികര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവരുടെ പെന്‍ഷനെ ആക്ഷേപിച്ച് സംസാരിക്കുന്നത് കണ്ടു. കേരളത്തില്‍ റവന്യൂ വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കേണ്ടി വരുന്നത് മഹാ അപരാധമായിട്ടാണ് പ്രചാരണം നടത്തുന്നത്. കൊറോണ സാഹചര്യത്തില്‍ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളം അഞ്ച് ഗഡുവായി മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിനെ എതിര്‍ത്തും സര്‍ക്കാര്‍ ഉത്തരവ് പരസ്യമായി കത്തിച്ചും ഏതാനും ജീവനക്കാര്‍ രംഗത്ത് വന്നു. അവരോട് ജനങ്ങള്‍ക്ക് കടുത്ത രോഷമുണ്ടായത് സ്വാഭാവികം. ഈ അവസരമുപയോഗിച്ച്, ചിലര്‍ ജീവനക്കാരുടെയും സംഘടിത മേഖലയിലെ തൊഴിലാളികളുടെയും നേരെ രംഗത്തുവന്നു. അല്‍പ്പബുദ്ധികളായ ഏതാനും പേര്‍, സര്‍ക്കാരിനെതിരായി നടത്തിയ സമരമാണ് ഈ പ്രചാരണത്തിനവസരം സൃഷ്ടിച്ചതെന്നവരോര്‍ക്കണം. ഇതിനുശേഷമാണ് ജീവനക്കാരുടെ പെന്‍ഷനെതിരായും, എല്ലാവര്‍ക്കും പെന്‍ഷന്‍ വേണമെന്ന ആവശ്യമുയര്‍ത്തിയും ഒരു സംഘം സാമൂഹ്യമാധ്യമങ്ങള്‍വഴി പ്രചാരണം ആരംഭിച്ചത്.

വിവിധ ആവശ്യങ്ങളുന്നയിച്ചുണ്ടായ സമരകാലത്തൊന്നും ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ശ്രമിക്കാതെ മാളത്തിലിരുന്നവര്‍, ഇപ്പോള്‍ ബോധോദയമുണ്ടായതുപോലെ, പെന്‍ഷന്‍ മുദ്രാവാക്യവുമായി രംഗത്തിറങ്ങിയതിന്റെ പിന്നില്‍ ആരാണ്? സ്വാതന്ത്ര്യം നേടിയശേഷം വികസിതഭാരതം കെട്ടിപ്പടുക്കാന്‍ 75 വര്‍ഷം ലഭിച്ചിട്ടും എന്തുകൊണ്ട് സാധിച്ചില്ല. ജനങ്ങളില്‍ ഭൂരിപക്ഷവും പട്ടിണിയിലും അജ്ഞതയിലും കഴിഞ്ഞുകൂടേണ്ടി വരുന്നതിന് കാരണക്കാര്‍ ആരാണ്. 1947 മുതല്‍ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസും 2014 മുതല്‍ ഭരണത്തിലുള്ള ബിജെപിയും നടപ്പാക്കിയ നയങ്ങള്‍ കുത്തക മുതലാളിവര്‍ഗത്തെ തടിച്ച് കൊഴുപ്പിക്കുന്നതാണ്. അവരുടെ സമ്പത്ത് അനുദിനം വര്‍ധിക്കുന്നു. 2019ല്‍ ഇന്ത്യയിലാകെ ഉണ്ടായ സമ്പത്തിന്റെ 70 ശതമാനം, ജനസംഖ്യയുടെ മുകള്‍തട്ടിലുള്ള 10 ശതമാനം പേരുടെ കൈകളിലാണെത്തിയത്. എല്ലാ പൊതുസമ്പത്തും കോര്‍പറേറ്റുകള്‍ കൈയടക്കുന്നു. പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുന്നു. ഈ നയമാണ് ജനങ്ങളുടെ ദാരിദ്ര്യത്തിന് കാരണമെന്നുകാണാന്‍ കഴിയാത്ത രാഷ്ട്രീയമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ വാദക്കാരെ നയിക്കുന്നത്', ലേഖനത്തില്‍ പറയുന്നു.

Related Stories

The Cue
www.thecue.in