കൊവിഡ് അണ്‍ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം; സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

കൊവിഡ് അണ്‍ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം; സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

രാജ്യത്ത് അണ്‍ലോക്ക് ഡൗണ്‍ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലാണ് രണ്ടാംഘട്ടത്തിലേക്ക് രാജ്യം മാറുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര നിര്‍ദേശങ്ങള്‍ അംഗീകരിച്ച് കൊണ്ട് സംസ്ഥാനത്തുള്ള നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

അന്തര്‍ സംസ്ഥാനയാത്രയ്ക്ക് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്‌ററര്‍ ചെയ്യുന്നത് തുടരണം. പാസോ പെര്‍മിറ്റോ ഇതിന് വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ തന്നെയായിരിക്കും. അത് ഈ മാസം 31 വരെ തുടരും. രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ജില്ലാ കളക്ടരായിരിക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രയ്ക്കും നിയന്ത്രണമുണ്ടാകും.

പ്രായമായവര്‍, പത്തുവയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതരമായ രോഗമുള്ളവര്‍ എന്നിവര്‍ പുറത്തിറങ്ങരുത്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. വ്യവസായശാലകക്ക് പ്രവര്‍ത്തിക്കാം. ചരക്കുനീക്കം അനുവദിക്കും. ഗതാഗതത്തിനും തടസ്സമില്ല. നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ 144 പ്രഖ്യാപിക്കാം. കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യയാത്രകള്‍ മാത്രമാണ് അനുവദിക്കുക. രോഗം പടരാന്‍ സാധ്യതയുള്ള ബഫര്‍സോണുകളിലും നിയന്ത്രണം തുടരും.

കേന്ദ്ര നിര്‍ദേശ പ്രകാരമായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. സിനിമാ തിയേറ്റര്‍, ജിം, നീന്തല്‍കുളങ്ങള്‍, ബാര്‍, പാര്‍ക്ക്, ഓഡിറ്റേറിയം എന്നിവ തുറക്കാന്‍ അനുവദിക്കില്ല. സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. മെട്രോ റെയിലുകള്‍ ഉണ്ടാകില്ല.

Related Stories

No stories found.
logo
The Cue
www.thecue.in