പാലായിലെ വിജയം കേരള കോണ്‍ഗ്രസിലെ ചേരിപ്പോരെന്ന് ഇടത് നേതാക്കള്‍, പരാതിയുമായി കാപ്പന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍

പാലായിലെ വിജയം കേരള കോണ്‍ഗ്രസിലെ ചേരിപ്പോരെന്ന് ഇടത് നേതാക്കള്‍, പരാതിയുമായി കാപ്പന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍

കേരള കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണമാണ് പാലായില്‍ വിജയിച്ചതെന്ന ഇടതുനേതാക്കളുടെ നിലപാടില്‍ പരാതിയുമായി മാണി സി കാപ്പന്‍ എംഎല്‍എ. മത്സരിച്ച സ്ഥാനാര്‍ത്ഥിക്കോ പാര്‍ട്ടിക്കോ ഇടതുമുന്നണിക്കോ വിലയില്ലെന്ന മട്ടിലാണ് പ്രതികരണമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. ഇതിലെ അതൃപ്തി പരസ്യമായി പ്രകടപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി അറിയിച്ചു.

ഇടത് നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പാലാ വിജയത്തില്‍ നടത്തിയ പരാമര്‍ശങ്ങളിലെ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായി മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതില്‍ ദുംഖമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പോകുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പായിരിക്കും.

കെഎം മാണിയെ പോലെ പ്രഗത്ഭനായ സ്ഥാനാര്‍ത്ഥി മത്സരിക്കാനില്ലാത്തതിനാല്‍ പാലായില്‍ വിജയിക്കുമെന്ന് താന്‍ പറഞ്ഞതാണ്. എല്‍ഡിഎഫിന്റെ കൂട്ടായ പരിശ്രമവും വിജയത്തിന് ഘടകമായി. അവിടെ കൂടുതല്‍ കിട്ടുന്ന വോട്ടുകള്‍ ബോണസായിരുന്നു. വിജയിക്കുമെന്നത് നൂറ് ശതമാനം ഉറപ്പായിരുന്നുവെന്നും മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു.

കെ എം മാണി തന്ത്രങ്ങളും കുതന്ത്രങ്ങളും അറിയുന്ന രാഷ്ട്രീയക്കാരനായിരുന്നു. അദ്ദേഹത്തോട് ഏറ്റുമുട്ടിയപ്പോള്‍ അവസാനമത്സരത്തില്‍ 4500 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായത്. ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തില്‍ എല്‍ഡിഎഫിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കും. പാലാ സീറ്റില്‍ താന്‍ മത്സരിച്ച് വിജയിച്ചതാണ്. ജോസ് കെ മാണി മത്സരിച്ചാലും ഇനി താന്‍ മാത്രമാണ് അവിടെ വിജയിക്കുക. അതില്‍ ഒരു ആശങ്കയുമില്ല. വിജയിച്ചാല്‍ മണ്ഡലത്തില്‍ കാണില്ലെന്ന് പ്രചരിപ്പിച്ചവര്‍ക്ക് തന്നെ തട്ടിയിട്ട് പാലായിലൂടെ നടക്കാന്‍ പറ്റുന്നില്ലെന്ന അവസ്ഥയാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in