ജോസ് കെ മാണിയുടെ കാര്യം സിപിഐയോ കാനമോ അല്ല തീരുമാനിക്കേണ്ടത്; ഇടതുമുന്നണിയെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ജോസ് കെ മാണിയുടെ കാര്യം സിപിഐയോ കാനമോ അല്ല തീരുമാനിക്കേണ്ടത്; ഇടതുമുന്നണിയെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

യുഡിഎഫില്‍ നിന്നും പുറത്തായ ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലെടുക്കുന്ന കാര്യം എല്‍ഡിഎഫാണ് തീരുമാനിക്കേണ്ടതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍. നയപരമായി തീരുമാനിക്കേണ്ട കാര്യമാണ്. എല്‍ഡിഎഫില്‍ പറ്റില്ലെന്ന് ഓരോരുത്തരായി പറയുകയല്ല വേണ്ടതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ദ ക്യുവിനോട് പ്രതികരിച്ചു. ജോസ് കെ മാണി ഇടതുമുന്നണിയുടെ ഭാഗമായേക്കുമെന്ന ചര്‍ച്ചകളെ തള്ളി സിപിഐ രംഗത്തെത്തിയിരുന്നു. ആര്‍ക്കും വന്ന് കേറാവുന്ന ഇടമാണ് എല്‍ഡിഎഫ് എന്ന് കരുതേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

ജോസ് കെ മാണി വിഭാഗത്തിന്റെ കാര്യം മുന്നണിയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. പിന്നെ എങ്ങനെയാണ് ഓരോരുത്തരായി അഭിപ്രായം പറയുക. ജോസ് കെ മാണിയുടെ നിലപാട് എന്താണെന്നതാണ് പ്രധാനം. അല്ലാതെ ആര്, എവിടെ എന്നത് പ്രശ്‌നമല്ല. ഇപ്പോള്‍ എടുക്കുമെന്നോ ഇല്ലയെന്നോ ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിലെ വിഭാഗം എത്തിയത് കൊണ്ട് മെച്ചമുണ്ടാകുമോയെന്ന് എല്‍ഡിഎഫ് ഇപ്പോള്‍ ആലോചിക്കുന്നില്ല. അത് നയപരമായ തീരുമാനമാണ്. അപ്പുറത്ത് നിന്ന് ഒരാള്‍ ഇങ്ങോട്ട് വരുന്നു, ഇവിടുന്ന് അങ്ങോട്ട് പോകുന്നു എന്നതല്ല വിഷയം.രണ്ട് മുന്നണിയുള്ളത് കൊണ്ട് അപ്പുറത്തെ മുന്നണിയില്‍ നിന്നുള്ളവര്‍ക്ക് ഇടതുമുന്നണിയിലേക്ക് വരാമെന്ന നിലപാട് സ്വീകരിക്കാനാവില്ല.

എല്‍ഡിഎഫിന് കൃത്യമായ നിലപാടുണ്ട്. ആ നിലപാട് എടുത്തവരുമായി മാത്രമേ ചര്‍ച്ച പറ്റുകയുള്ളു. ജോസ് കെ മാണിയുടെ നിലപാട് എന്താണെന്ന് നോക്കിയിട്ടെ തീരുമാനമുണ്ടാകുകയുള്ളു.

അവസരവാദപരമായ നിലപാട് സിപിഎമ്മിന് സ്വീകരിക്കാനാവില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.. ഏതെങ്കിലും സീറ്റില്‍ സാധ്യതയുണ്ടെന്ന് കരുതിയല്ല സിപിഎം തീരുമാനം എടുക്കുന്നത്. നിലപാട് കൊണ്ട് എല്‍ഡിഎഫുമായി യോജിക്കുന്നവരുമായാണ് ബന്ധമുണ്ടാക്കുക. തിരക്ക് പിടിച്ച് തീരുമാനമെടുക്കേണ്ട സാഹചര്യം പാര്‍ട്ടിക്കോ മുന്നണിക്കോ ഇല്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in