'ഭരിക്കുന്നവര്‍ കൊലക്കേസ് പ്രതിയെ വിശുദ്ധനാക്കുന്നത് ഭയപ്പെടുത്തുന്നു', കെകെ രമ

'ഭരിക്കുന്നവര്‍ കൊലക്കേസ് പ്രതിയെ വിശുദ്ധനാക്കുന്നത് ഭയപ്പെടുത്തുന്നു', കെകെ രമ

കൊലക്കേസ് പ്രതിയെ വിശുദ്ധനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെകെ രമ. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയും കേരളത്തിന്റെ മുഖ്യമന്ത്രിയും ഉള്‍പ്പടെയുള്ളവര്‍ സംഘടിതമായ ശ്രമമാണ് ഇതിനായി നടത്തുന്നത്. അത്തരം ശ്രമത്തിന് മുന്നില്‍ മൗനമായി ഇരിക്കാന്‍ കഴിയില്ലെന്നും രമ ദ ക്യുവിനോട് പറഞ്ഞു.

കെകെ രമയുടെ വാക്കുകള്‍:

ആരുടെയും മരണം ദുഃഖകരമാണ്, മരണം ആരെയും വിശുദ്ധനാക്കുന്നുമില്ല. പക്ഷേ ടിപി വധക്കേസില്‍ കോടതി ശിക്ഷിച്ച പ്രതിയായ കുഞ്ഞനന്തനെ അദ്ദേഹത്തിന്റെ മരണ ശേഷം വല്ലാതെ വിശുദ്ധമാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ കരുതലിനെ കുറിച്ചും, മനുഷ്യസ്‌നേഹത്തെ കുറിച്ചും പറഞ്ഞ്, സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയും കേരളത്തിന്റെ മുഖ്യമന്ത്രിയും ഉള്‍പ്പടെയുള്ളവര്‍ സംഘടിതമായ ശ്രമമാണ് ഇതിനായി നടത്തുന്നത്. അത്തരം ശ്രമത്തിന് മുന്നില്‍ മൗനമായി ഇരിക്കാന്‍ കഴിയില്ല.

അതില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ അപകടം, സത്യത്തില്‍ ഇത് ഭയപ്പെടുത്തുന്നതാണ്. കാരണം ഇത് പറയുന്നത് സിപിഎമ്മിന്റെ അല്ലെങ്കില്‍ ഒരു പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ആളുകള്‍ എന്നതിനേക്കാളുപരി കേരളം ഭരിക്കുന്ന മന്ത്രിമാരുടെ ഉള്‍പ്പടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന പ്രതികരണമാണ് ഇതെന്നതാണ് ഭയത്തോട് കൂടി നാം കാണേണ്ടത്.

ഏതെങ്കിലും ഒരു കേസിലെ പ്രതിയെ ഭരിക്കുന്ന ആളുകള്‍ വിചാരിച്ച് കഴിഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കാമെന്നും, കള്ളക്കേസില്‍ കുടുക്കി ശിക്ഷിക്കാമെന്നും പറയുന്നത് കേരളത്തിലെ ഭരണക്കാരാണ്. അങ്ങനെ വിചാരിച്ചു കഴിഞ്ഞാല്‍ എല്ലാവരെയും കള്ളക്കേസില്‍ കുടുക്കാന്‍ കഴിയുമോ? ആര്‍ക്കും ശിക്ഷ വാങ്ങി കൊടുക്കാന്‍ കഴിയുമോ? അങ്ങനെ പറയുന്ന അവസ്ഥ തീര്‍ച്ചയായും വളരെ ഭീകരമാണ്. തീര്‍ച്ചയായും കോടതിയെ പോലും വെല്ലുവിളിക്കുന്ന രീതിയാണ് സിപിഎം നേതാക്കന്മാര്‍ ചെയ്ത്‌കൊണ്ടിരിക്കുന്നത്.

ഏതെങ്കിലും സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല കുഞ്ഞനന്തന്‍ കുറ്റവാളിയാകുന്നത്. വളരെ കൃത്യമായ ശാസ്ത്രീയമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞനന്തന് ബഹുമാനപ്പെട്ട കോടതി ശിക്ഷ വിധിക്കുന്നത്. കേസിലെ ഒന്നാം പ്രതി എംസി അനൂപ് ഉള്‍പ്പടെയുള്ള ഈ ക്രിമിനലുകളുമായി സിപിഎമ്മിന്റെ ഒരു ഏരിയാ കമ്മിറ്റി മെമ്പറിന് എന്താണ് ബന്ധം? എന്തിനായിരുന്നു ടിപി കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസങ്ങളില്‍ കുഞ്ഞനന്തന്‍ അനൂപിനെ വിളിച്ചത്? എന്തിനാണ് അനൂപ് തിരിച്ച് കുഞ്ഞനന്തനെ വിളിച്ചത്? ഈ ഫോണ്‍വിളിയുടെ കൃത്യമായ വിവരങ്ങള്‍ കോടതിവിധിയില്‍ പറഞ്ഞിട്ടുണ്ട്. ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് കുഞ്ഞനന്തനെ കോടതി കുറ്റവാളിയായി വിധിക്കുകയും ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തത്.

കോടതി കുറ്റവാളിയായ വിധിച്ച ഒരാളെയാണ് വിശുദ്ധനാക്കാനുള്ള സംഘടിതമായ ശ്രമം കേരളത്തിന്റെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ള ആളുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേരള സമൂഹം ഇത് ചര്‍ച്ചചെയ്യണം. കള്ളക്കേസില്‍ കുടുക്കി എന്നെല്ലാം പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎം അണികള്‍ ഉള്‍പ്പടെ ആ തെറ്റിദ്ധാരണയുടെ പുറത്താണ് നില്‍ക്കുന്നത്.

സിപിഎം കേരളത്തില്‍ അധികാരത്തില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി, ഈ കൊലപാതകത്തില്‍ ഒരു പങ്കുമില്ലെങ്കില്‍ എന്തുകൊണ്ട് ഇത്രയും കാലം കുഞ്ഞനന്തന് അനുകൂലമായി തെളിവ് കൊടുക്കാന്‍ ഭരണ നേതൃത്വത്തില്‍ കഴിഞ്ഞില്ല? ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുമ്പോള്‍, തെളിവുകള്‍ പരിഗണിച്ച് കൊലക്കുറ്റത്തിന് തന്നെ ശിക്ഷവിധിക്കുമെന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ട്. ഈ മരണത്തെ ആഘോഷമാക്കി സിപിഎം മാറ്റുമ്പോള്‍ ഞാന്‍ കാണുന്നത് സിപിഎം നേതൃത്വത്തിന്റെ ആശ്വാസമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in