പിണറായി വിജയന് ഇന്ന് 75ാം പിറന്നാള്‍ ; നാടാകെ വിഷമം നേരിടുമ്പോള്‍ ഇതും തനിക്ക് സാധാരണ ദിവസമെന്ന് മുഖ്യമന്ത്രി   

പിണറായി വിജയന് ഇന്ന് 75ാം പിറന്നാള്‍ ; നാടാകെ വിഷമം നേരിടുമ്പോള്‍ ഇതും തനിക്ക് സാധാരണ ദിവസമെന്ന് മുഖ്യമന്ത്രി   

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം പിറന്നാള്‍. കൊവിഡ് 19 നെതിരായ പോരാട്ടങ്ങള്‍ക്കിടെയാണ് ഇക്കുറി ജന്‍മദിനം. കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്യുമ്പോഴാണ് ഇത്തവണത്തെ പിറന്നാള്‍. അതേസമയം സാധാരണ പോലെ തന്നെ ഇത്തവണയും ആഘോഷങ്ങളില്ല. ജന്‍മദിനത്തിന് പ്രത്യേകതയൊന്നുമില്ല, ആ ദിവസം കടന്നുപോകുന്നു എന്നുമാത്രം. നാടാകെ വിഷമസ്ഥിതി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആ പ്രശ്‌നമാണ് പ്രധാനം. ഇത്തരം ഒരു ഘട്ടത്തില്‍ ജന്‍മദിനത്തിന് വലിയ പ്രസക്തിയൊന്നും കാണുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

1945 മെയ് 24 നാണ് അദ്ദേഹത്തിന്റെ ജനനം. തന്റെ യഥാര്‍ത്ഥ ജനന തീയതിയെക്കുറിച്ച് നാലുവര്‍ഷം മുന്‍പ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേന്നാളാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. 1944 മാര്‍ച്ച് 24 ആണ് ജനന തീയതിയെന്നായിരുന്നു അതുവരെ കരുതിയിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് തൊട്ടുപിന്നാലെയായിരുന്നു കഴിഞ്ഞ വര്‍ഷം പിറന്നാള്‍. രണ്ട് പ്രളയങ്ങളും കൊവിഡ് മഹാമാരിയും അതിജീവിക്കുന്നതില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി കേരളത്തെ നയിക്കാന്‍ പിണറായി വിജയനായി. അത്തരത്തില്‍ ദേശീയ രാഷ്ട്രീയം പോലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉറ്റുനോക്കുന്നു. 15 വര്‍ഷത്തിലേറെ സിപിഎം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചെന്ന റെക്കോര്‍ഡിന് ഉടമയുമാണ് പിണറായി. ഇന്ത്യയില്‍ ഇന്ന് ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയും.

Related Stories

No stories found.
logo
The Cue
www.thecue.in