കൊവിഡ് ലോക്ക്ഡൗണിനിടെ വീണ്ടും പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് വേട്ട ; ജെഎന്‍യു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

കൊവിഡ് ലോക്ക്ഡൗണിനിടെ വീണ്ടും പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് വേട്ട ; ജെഎന്‍യു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണിനിടയിലും പൗരത്വപ്രക്ഷോഭകരെ തിരഞ്ഞുപിടിച്ച് വേട്ടയാടി ഡല്‍ഹി പൊലീസ് . ഫെബ്രുവരിയില്‍ നടന്ന പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തിന്റ പേരില്‍ 2 ജെഎന്‍യു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ദേവാംഗന കാലിത, നതാഷ നര്‍വാള്‍ എന്നിവരെയാണ് വീടുകളില്‍ നിന്ന് അറസ്റ്റ്‌ ചെയ്തത്. പിഞ്ജ്ര ടോഡ് എന്ന വനിതാ വിദ്യാര്‍ത്ഥി സംഘടനയിലുള്ളവരാണ് ഇവര്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 23 ന് തൊട്ടടുത്ത ദിവസം ജാഫറബാദിലാണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 186,353 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. സര്‍ക്കാര്‍ ഉദ്യോസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍. കൃത്യനിര്‍വഹണം തടസപ്പെടുത്താനായി അക്രമം അഴിച്ചുവിടല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുടുംബാംഗങ്ങളോട് കാരണം വ്യക്തമാക്കാതെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പിഞ്ജ്ര ടോഡ് വ്യക്തമാക്കി. കഴിഞ്ഞ മാസങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികളെയും പ്രവര്‍ത്തകരെയുമാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനെ ശക്തമായി അപലപിക്കുന്നു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹവും ജനാധിപത്യ വിശ്വാസികളും കരുതിയിരിക്കണമെന്നും സംഘടന വ്യക്തമാക്കി. സെന്റര്‍ ഫോര്‍ വുമണ്‍സ് സ്റ്റഡീസിലെ എംഫില്‍ വിദ്യാര്‍ത്ഥിയാണ് കാലിത. സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് നര്‍വാള്‍. പിഞ്ജ്ര ടോഡിന്റെ സ്ഥാപക നേതാക്കളാണ് ഇരുവരും. 2015 ലാണ് സംഘടന രൂപം കൊണ്ടത്. കൊവിഡ് ലോക്ക്ഡൗണിനിടെയാണ് പൗരത്വ പ്രക്ഷോഭകരായ മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, ഉമര്‍ഖാലിദ് തുടങ്ങിയവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. മൂന്ന് മാസം ഗര്‍ഭിണിയായ സഫൂറയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്ന് പൗരത്വ പ്രക്ഷോഭകരും പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in